വീണ്ടും പിളര്‍പ്പ്; പുതിയ സംഘടന വണ്‍ നേഷന്‍ വണ്‍ പെന്‍ഷന്‍
ആലപ്പുഴ: രാജ്യത്തെ 60 വയസ് പിന്നിടുന്ന എല്ലാവര്‍ക്കും പതിനായിരം രൂപ വീതം പെന്‍ഷന്‍ എന്ന ആശയം ഉയര്‍ത്തി രൂപം കൊണ്ട വണ്‍ ഇന്ത്യ വന്‍ പെന്‍ഷന്‍ മുവ്‌മെന്റില്‍ വീണ്ടും പിളര്‍പ്പ്. ഒരു ട്രസ്റ്റായി രൂപം കൊണ്ട വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ പ്രസ്ഥാനം അധികാരവടംവലിയും നിക്ഷിപ്ത താല്‍പ്പര്യങ്ങളും മൂലം നിലവില്‍ നാലായി ഭിന്നിച്ച് നില്‍ക്കുകയാണ്. സംഘടനയുടെ നേതൃത്വത്തിലുള്ളവര്‍ എല്ലാവര്‍ക്കും പെന്‍ഷന്‍ എന്ന ആശയത്തില്‍ ആകൃഷ്ടരായി വന്ന ലക്ഷകണക്കിന് പേരെ വഞ്ചിക്കുന്ന നിലപാടുമായി മുന്നോട്ട് പോകുകയാണെന്നും സംഘടനയെ വിലപേശലിനുള്ള ആയുധമാക്കുകയാണെന്നും ആരോപിച്ച് സംഘടനയിലെ പ്രബലമായ മറ്റൊരു വിഭാഗം വണ്‍ നേഷന്‍ വണ്‍ പെന്‍ഷന്‍ ( ഒ.എന്‍.ഒ.പി) എന്ന പേരില്‍ പുതിയ സംഘനയ്ക്ക് രൂപം നല്‍കിയിരിക്കുകയാണ്. ഫ്രാന്‍സിസ് കണ്ടംകുളത്തി പ്രസിഡന്റും കിഷോര്‍ മഠത്തി പറമ്പില്‍ സെക്രട്ടറിയും അനൂപ് പുത്തന്‍ചിറയില്‍ ട്രഷററും അന്‍ഫര്‍ കൊച്ചുകടവില്‍ മെമ്പര്‍ഷിപ്പ് കോ-ഓഡിനേറ്ററുമായിട്ടാണ് പുതിയ സംഘടനയുടെ നീക്കം.
വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ കൂട്ടായ്മയിലെ ബഹുഭൂരിപക്ഷത്തിന്റെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്നും ഇതൊരു രാഷ്ട്രീയ മുന്നേറ്റമായി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ രംഗത്തുണ്ടാകുമെന്നും ഒ.എന്‍.ഒ.പി യുടെ പ്രസിഡന്റ് ഫ്രാന്‍സിസ് കണ്ടംകുളത്തി സുപ്രഭാതത്തോട് പറഞ്ഞു. വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ പ്രസ്ഥാനത്തെക്കുറിച്ച് സുപ്രഭാതത്തില്‍ വന്ന വാര്‍ത്തകളില്‍ വാസ്തവമുണ്ടെന്നും നല്ലൊരു ആശയത്തിനായി ഒത്തുകൂടി ലക്ഷകണക്കിന് വരുന്ന സാധാരണക്കാരെ കാണിച്ച് വിലപേശലിനാണ് സംഘടനയുടെ നേതൃത്വത്തിലുള്ളവര്‍ ശ്രമിച്ചതെന്നും ഫ്രാന്‍സിസ് പറഞ്ഞു. എല്ലാവര്‍ക്കും പെന്‍ഷന്‍ എന്ന ആശയം എങ്ങനെ നടപ്പിലാക്കുമെന്നതിന് വ്യക്തതയില്ലാതെയാണ് ഒ.ഐ.പി.ഒ രൂപീകരിച്ചത്. ഒരു കുടുംബ ട്രസ്റ്റായി രൂപീകരിച്ചിരിക്കുന്ന സംഘടനയ്ക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളല്ല നേതൃത്വത്തിലുള്ളവര്‍ മുന്നോട്ട് വച്ചത്.
സംഘടനയുടെ ഭരണഘടന പുറത്തുവന്നതോടെ നേതൃത്വത്തിലുള്ളവരുടെ സ്വാര്‍ഥതാല്‍പ്പര്യവും അഴിമതിയും വ്യക്തമായി. ഇതോടെ തമ്മിലടിയാകുകയും വിവിധ ഗ്രൂപ്പുകളായി തിരിയുകയും ചെയ്തു. ഒരു ഗ്രൂപ്പിനും ഈ ആശയത്തെ എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്ന കാര്യത്തില്‍ വ്യക്തയില്ലാത്തതിനാലാണ് തങ്ങള്‍ പുതിയ ഭരണഘടനയും ലോഗോയും സ്വീകരിച്ചുകൊണ്ടു പുതിയ പേരില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നതെന്ന് ഫ്രാന്‍സിസ് കണ്ടംകുളത്തി പറഞ്ഞു. തങ്ങളുടേത് ഒരു കുടുംബ ട്രസ്‌റ്റോ വ്യത്യസ്തതരം അംഗത്വമുള്ള സംഘടനയോ അല്ല. എല്ലാവര്‍ക്കും തുല്യത നല്‍കുന്നതും രാഷ്ട്രീയമുന്നേറ്റത്തിന് പാകത്തിലുള്ളതുമായിരിക്കും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ശക്തി തെളിയിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരത്തോടെ ജനാധിപത്യ മതേതര രാഷ്ട്രീയ സംഘടനയായി മാറാനാണ് ആഗ്രഹിക്കുന്നത്. രാഷ്ടീയമായ അധികാരത്തിലൂടെ മാത്രമേ തങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ കഴിയുകള്ളുവെന്നാണ് പുതിയ സംഘടനയുടെ നിലപാട്. ഒ.ഐ.പി.ഒ ഏഴ് പേരുടെ സ്വകാര്യ ട്രസ്റ്റായിട്ടാണ് രൂപം കൊണ്ടത്. ഇവരുടെ താല്‍പ്പര്യക്കാരും ഇവരും ചേരുന്ന 22 അംഗസമിതിക്ക് മാത്രമായിരിക്കും എല്ലാം അധികാരങ്ങളും.
ഈ ജനാധിപത്യമില്ലായ്മ യാണ് സംഘടനയിലെ കലഹങ്ങള്‍ക്ക് തുടക്കമായത്. പിന്നീട് സംഘ്പരിവാര്‍ സംഘടകളിലുള്ളവരുടെ ഇടപ്പെടലും സംഘടനയുടെ രാഷ്ട്രീയ സാമ്പത്തിക നീക്കങ്ങളും കൂടുതല്‍ വിവാദത്തിലായി. നിലവില്‍ വിനോദ് കെ.ജോസിന്റെയും പി.എം.കെ ബാവ ആലുവയുടെ നേതൃത്വത്തില്‍ ഒരു ഗ്രൂപ്പ്, ആന്റണി കോയിക്കരയുടെ നേതൃത്വത്തില്‍ മറ്റൊരു സംഘം, കൂടാതെ ജോസ് തോമസും റെജിയും ചേര്‍ന്നുള്ള മറ്റൊരു ഗ്രൂപ്പ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളായിട്ടാണ് വണ്‍ഇന്ത്യ വണ്‍ പെന്‍ഷന്‍ പ്രസ്ഥാനം മുന്നോട്ട് പോകുന്നത്. ഇതിനിടയിലാണ് പുതിയ സംഘം കൂടി രൂപപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."