അന്തര്‍ ജില്ലാ ക്ലബ് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്; കോതമംഗലം മാര്‍ അതനാഷ്യേസ് ചാംപ്യന്മാര്‍
തിരുവനന്തപുരം: കോതമംഗലം മാര്‍ അതനാഷ്യേസ് അന്തര്‍ ജില്ലാ ക്ലബ് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ കിരീട ജേതാക്കളായി. 359 പോയിന്റുമായാണ് മാര്‍ അതനാഷ്യേസ് സ്‌പോര്‍ട്‌സ് അക്കാദമി ഓവറോള്‍ ചാംപ്യന്‍ പട്ടം ചൂടിയത്. 22 സ്വര്‍ണവും 16 വെള്ളിയും 13 വെങ്കലവും നേടിയാണ് കോതമംഗലം ഓവറോള്‍ ചാംപ്യന്‍പട്ടത്തില്‍ മുത്തമിട്ടത്. 17 സ്വര്‍ണവും 18 വെള്ളിയും 13 വെങ്കലവും ഉള്‍പ്പെടെ 337 പോയിന്റുമായി കോട്ടയം പാലാ അല്‍ഫോന്‍സാ അത്‌ലറ്റിക് അക്കാദമി രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍ ക്ലബ് ആയിരുന്ന തിരുവനന്തപുരം സായി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളളപ്പെട്ടു. 18 സ്വര്‍ണം 15 വെള്ളി 11 വെങ്കലമടക്കം സായിയുടെ സമ്പാദ്യം 277 പോയിന്റാണ്.
അവസാന ദിനത്തില്‍ 14 മീറ്റ് റെക്കോര്‍ഡുകള്‍
തിരുവനന്തപുരം: മീറ്റിന്റെ കൊടിയിറക്ക ദിനത്തില്‍ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ പിറന്നത് 14 മീറ്റ് റെക്കോര്‍ഡുകള്‍.
18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ തൃശൂര്‍ നാട്ടിക ഗവണ്‍മെന്റ് ഫിഷറീസ് സ്‌കൂളിലെ ആന്‍സി സോജന്‍ 24. 89 സെക്കന്റില്‍ ഫിനിഷ് ലൈന്‍ മറികടന്ന് പുതിയ റെക്കോര്‍ഡിന് ഉടമയായി. മാര്‍ അതനാഷ്യേസ് സ്‌പോര്‍ട്‌സ് അക്കാദമിയിലെ സാന്ദ്രാബാബു 12.77 മീറ്റര്‍ ദൂരം മറികടന്നപ്പോള്‍ ട്രിപ്പില്‍ ജംപില്‍ റെക്കോര്‍ഡ് സ്വന്തമാക്കി. 20 വയസില്‍ താഴെയുള്ള വനിതകളുടെ ഷോട്ട്പുട്ടില്‍ തിരുവനന്തപുരം സായ് സ്‌പോര്‍ട്‌സ് അക്കാദമിയിലെ മേഘ്‌ന മറിയം മാത്യു 13.27 മീറ്റര്‍ എറിഞ്ഞു റെക്കോര്‍ഡ് സ്ഥാപിച്ചു. വനിതകളും 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കൊല്ലം സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ പി.ഒ സയന (ഒരു മിനിറ്റ് 0.89 സെക്കന്റ് ), 16 വയസില്‍ താഴെ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലപ്പുറം ഡൈറാ സ്‌പോര്‍ട്‌സ് അക്കാദമിയിലെ മുഹമ്മദ് ഹനാന്‍(14.00 സെക്കന്റ്), 200 മീറ്ററില്‍ തിരുവനന്തപുരം സായിയിലെ കെ. ബിജിത്ത്( 22.00 സെക്കന്റ്), ഹാമര്‍ ത്രോയില്‍ എറണാകുളം മണീട് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അലക്‌സ് ജോസഫ്( 56.52 മീറ്റര്‍), മെഡ്‌ലേ റിലേയില്‍ തിരുവനന്തപുരം സായ്( ഒരു മിനിറ്റ് 58.70 സെക്കന്റ്) എന്നിവര്‍ റെക്കോര്‍ഡ് സ്വന്തമാക്കി.
20 വയസില്‍ താഴെയുള്ള പുരുഷന്‍മാരുടെ 200 മീറ്ററില്‍ എറണാകുളം നവദര്‍ശന സ്‌പോര്‍ട്‌സ് അക്കാദമിയിലെ ടി.വി അഖില്‍ (21.88 സെക്കന്റ്), 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ തിരുവനന്തപുരം സായിയുടെ സി. മുഹമ്മദ് ഫായിസ്( 13.90 സെക്കന്റ്), പുരുഷന്‍മാരുടെ 200 മീറ്ററില്‍ ഇന്ത്യന്‍ നേവിയുടെ എസ്. വിദ്യാസാഗര്‍( 21.18 സെക്കന്റ്), 800 മീറ്ററില്‍ പാലാ അത്‌ലറ്റിക് അക്കാദമിയിലെ എ.എസ് ഇര്‍ഷാദ്( ഒരു മിനിറ്റ് 52.78 സെക്കന്റ്), 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യന്‍ നേവിയുടെ എം.പി ജാബിര്‍(51.27 സെക്കന്റ്), ട്രിപ്പില്‍ ജംപില്‍ മാര്‍ അതനാഷ്യേസ് അക്കാദമിയിലെ എല്‍ദോസ് പോള്‍ (16.23 മീറ്റര്‍) എന്നിവരും പുതിയ റെക്കോര്‍ഡ് സ്ഥാാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."