സ്വപ്‌നയുള്ളപ്പോള്‍ മെഡി. കോളജ് സന്ദര്‍ശനം: അനില്‍ അക്കരയോട് എന്‍.ഐ.എ വിവരങ്ങള്‍ തേടി
അത്താണി (തൃശൂര്‍): സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ ആദ്യമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഈ മാസം ഏഴിന് രാത്രിയില്‍ അനില്‍ അക്കര മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയതായി ബന്ധപ്പെട്ട് എം.എല്‍.എയില്‍ നിന്നും എന്‍.ഐ.എ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കേസ് അട്ടിമറിക്കാന്‍ മറ്റേതെങ്കിലും പ്രമുഖര്‍ ഇവിടെ എത്തുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് എത്തിയതെന്നായിരുന്നു അനില്‍ അക്കര നല്‍കിയ മറുപടി. സ്വപ്ന ആശുപത്രിയില്‍ കഴിഞ്ഞ ആറ് ദിവസങ്ങളില്‍ അവിടെ സന്ദര്‍ശിച്ച പ്രമുഖരുടെ വിവരങ്ങള്‍ എന്‍.ഐ.എ പരിശോധിക്കുന്നുണ്ട്. മെഡിക്കല്‍ കോളജ് അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് എം.എല്‍.എയുടെ പേരും ഉള്‍കൊള്ളിച്ചിട്ടുള്ളത്. ഇതോടെയാണ് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ അനിലില്‍ നിന്ന് വിശദീകരണം തേടിയത്. ആശുപത്രിയില്‍ എത്തിയത് എന്തിനെന്നായിരുന്നു ചോദ്യം.
നേരത്തെ സ്വപ്നയുടെ ആശുപത്രിവാസത്തില്‍ ദുരൂഹതയുണ്ടെന്നും സ്വപ്ന സുരേഷിന് മെഡിക്കല്‍ കോളജില്‍ ചര്‍ച്ചക്ക് സൗകര്യമൊരുക്കിയത് മന്ത്രി എ.സി മൊയ്തീന്‍ നേരിട്ടെത്തിയാണെന്നും അനില്‍ അക്കര എം.എല്‍.എ ആരോപിച്ചിരുന്നു. ഇല്ലാത്ത പരിപാടി തട്ടിക്കൂട്ടി മന്ത്രി വന്നത് സ്ഥലം എം.എല്‍.എ, എം.പി എന്നിവരെ ഒഴിവാക്കിയാണ്. ജില്ലാ കലക്ടര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ എന്നിവര്‍ക്കും ഈ വിഷയത്തില്‍ പങ്കുണ്ടെന്നുമായിരുന്നു അനിലിന്റെ ആരോപണം. ഇതിനിടെയാണ്, എം.എല്‍.എയുടെ ആശുപത്രി സന്ദര്‍ശനത്തെക്കുറിച്ച് എന്‍.ഐ.എ വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. സ്വപ്നയുടെ ഫോണ്‍വിളികളെക്കുറിച്ചും മെഡിക്കല്‍ കോളജ് അധികൃതരില്‍ നിന്നും എന്‍.ഐ.എ വിവരങ്ങള്‍ ശേഖരിച്ചു. ആശുപത്രിയില്‍ കഴിയുന്നതിനിടെ സ്വപ്ന നഴ്‌സിന്റെ ഫോണില്‍ നിന്നും തിരുവനന്തപുരത്തെ ഉന്നതനെ വിളിച്ചെന്ന ആരോപണത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് അധികൃതരും അന്വേഷണം നടത്തി.
സ്വപ്നയുള്ളപ്പോള്‍
മെഡിക്കല്‍ കോളജില്‍
പോയി: അനില്‍ അക്കര
അത്താണി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ പ്രവേശിപ്പിച്ച ദിവസം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോയിരുന്നതായി അനില്‍ അക്കര എം.എല്‍.എ. ഏഴിന് വൈകിട്ടാണ് നെഞ്ചു വേദനയെതുടര്‍ന്ന് സ്വപ്ന സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം അറിയുന്നത്. അപ്പോള്‍ തന്നെ ആശുപത്രിയിലുണ്ടായേക്കാവുന്ന സുരക്ഷ പിഴവുകള്‍ ചൂണ്ടിക്കാട്ടി ഫേസ് ബുക്കില്‍ ലൈവ് വിഡിയോ ചെയ്തു. മെഡിക്കല്‍ കോളജ് ആശുപത്രി പരിസരം വഴിയാണ് എന്നും വിട്ടില്‍ നിന്ന് വരുന്നതും പോകുന്നതും. സ്വപ്നയെ ആശുപത്രിയിലാക്കിയ ദിവസം വീട്ടിലേക്ക് തിരിച്ചു പോകുന്ന സമയത്ത് ആശുപത്രിയില്‍ കയറിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെ കണ്ട് ശ്രദ്ധിക്കണം എന്ന് പറയുകയും ചെയ്തു- അനില്‍ അക്കര പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."