ഡബിള്‍ ഗോള്‍ഡ്
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ നടക്കുന്ന 18ാമത് ഏഷ്യന്‍ ഗെയിംസില്‍ 69 മെഡലുകളുമായി ഇന്ത്യ പോരാട്ടം അവസാനിപ്പിച്ചു. ഇന്നലെ രണ്ട് സ്വര്‍ണവും ഓരോ വെള്ളിയും വെങ്കലവും ഇന്ത്യ സ്വന്തമാക്കി. ജക്കാര്‍ത്തയിലും പാലെംബാങിലുമായി നടന്ന ഈ ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം തിരുത്തിയെഴുതിയാണ് ഇന്ത്യ മടങ്ങുന്നത്. 2010ല്‍ ഗ്വാങ്ഷൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ നേടിയ 65 മെഡലുകളെന്ന റെക്കോര്‍ഡ് ഇന്ത്യ ഇന്നലെ മറികടന്നു. 15 സ്വര്‍ണവും 24 വെള്ളിയും 30 വെങ്കലവുമായി 69 മെഡലോടെ പോയിന്റ് പട്ടികയില്‍ ഏട്ടാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യ ഏറ്റവും കൂടുതല്‍ വെള്ളിയും സ്വര്‍ണവും നേടിയതും ഈ ഏഷ്യന്‍ ഗെയിംസിലാണ്. 1951ല്‍ ന്യൂ ഡല്‍ഹിയില്‍ നടന്ന ഗെയിംസില്‍ ഇന്ത്യ 15 സ്വര്‍ണം നേടിയിരുന്നു. ഇതിനു മുന്‍പ് ഇന്ത്യയുടെ ഏറ്റവും വലിയ വെള്ളി നേട്ടം 1982 ല്‍ ന്യൂ ഡല്‍ഹിയില്‍ തന്നെ നടന്ന ഗെയിംസില്‍ നേടിയ 19 വെള്ളിയായിരുന്നു. അതും ഇക്കുറി തിരുത്തിക്കുറിക്കാനായി.
ഇന്നലെ നടന്ന മത്സരങ്ങളില്‍ നിന്നായി നാല് മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. 14ാം ദിനം ബോക്‌സിങ്ങില്‍ സ്വര്‍ണം നേടി അമിത് പന്‍ഗല്‍ ഇന്ത്യന്‍ മെഡല്‍ക്കൊയ്ത്തിന് തുടക്കിമിട്ടു. പുരുഷന്മാരുടെ ലൈറ്റ് ഫ്‌ളൈ 49 കി.ലോ വിഭാഗത്തില്‍ ഉസ്ബക്കിസ്ഥാന്റെ ഹസന്‍ബോയ് ദസ്മറ്റോവിനെ 3-2ന് പരാജയപ്പെടുത്തിയാണ് അമിത് സ്വര്‍ണം നേടിയത്. ആദ്യമായി ഏഷ്യന്‍ ഗെയിംസില്‍ അവതരിപ്പിച്ച ബ്രിഡ്ജില്‍ (ചീട്ടുകളി) പുരുഷന്മാരുടെ ഇനത്തില്‍ ഇന്ത്യന്‍ ജോഡികള്‍ സ്വര്‍ണം നേടി. പ്രണബ് ബര്‍ധന്‍, ഷിബ്‌നാഥ് സര്‍ക്കാര്‍ എന്നിവരാണ് ബ്രിഡ്ജില്‍ ഇന്ത്യക്ക് സ്വര്‍ണം നേടിക്കൊടുത്തത്. സ്വര്‍ണ പ്രതീക്ഷയുണ്ടായിരുന്ന സ്‌ക്വാഷ് ഇന്ത്യന്‍ വനിതാ ടീം ഫൈനലില്‍ ഹോങ്കോങിനോട് പരാജയപ്പെട്ടു. 2-0ത്തിനാണ് ഇന്ത്യന്‍ ടീം തോറ്റത്. ഇതോടെ ഈ ഇനത്തില്‍ ഇന്ത്യക്ക് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇന്ത്യക്ക് വേണ്ടി മലയാളി താരങ്ങളായ സുനൈ കുരുവിള, ദീപിക പള്ളിക്കല്‍, ജോഷ്‌ന ചിന്നപ്പ, തന്‍വി ഖന്ന എന്നിവരാണ് മത്സരിച്ചത്. ഡൈവിങില്‍ ഇന്ത്യന്‍ താരം സിദ്ധാര്‍ഥ് ബജ്‌റങ് പ്രദേശിക്ക് ഒന്‍പതാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനെ സാധിച്ചുള്ളൂ.
ഹോക്കിയില്‍ വെങ്കലം
ഹോക്കിയില്‍ ചിരവൈരികളായ പാകിസ്താനെ പരാജയപ്പെടുത്തി ഇന്ത്യന്‍ പുരുഷ ടീം വെങ്കലം നേടി. 2-1നാണ് ഇന്ത്യന്‍ ടീമിന്റെ വിജയം. നേരത്തെ ഇന്ത്യന്‍ വനിതാ ഹോക്കി ടീം വെള്ളി നേടിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ സ്വര്‍ണ മെഡല്‍ ജേതാക്കളായ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം സെമിയില്‍ മലേഷ്യയോടാണ് പെനാല്‍റ്റിയില്‍ പരാജയപ്പെട്ടത്. പക്ഷേ പാകിസ്താനെ വെങ്കല മത്സരത്തില്‍ പരാജയപ്പെടുത്തി ശ്രീജേഷും സംഘവും സെമിയിലേറ്റ തിരിച്ചടിക്ക് മറുപടി നല്‍കി.
കളി തുടങ്ങി മൂന്നാം മിനുട്ടില്‍ തന്നെ ആകാശ്ദീപ് സിങ്ങിലൂടെ ഇന്ത്യ ലീഡെടുത്തു. പിന്നീട് 50ാം മിനുട്ടില്‍ ഹര്‍മന്‍പ്രീത് ഇന്ത്യയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഒരു മിനുട്ടിനുള്ളില്‍ തന്നെ മുഹമ്മദ് ആതിഖിലൂടെ പാകിസ്താന്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. ഒന്നാന്തരമൊരു ഫീല്‍ഡ് ഗോളായിരുന്നു അത്. പക്ഷേ പ്രതിരോധം ശക്തമാക്കിയ ഇന്ത്യ വിജയം പിടിച്ചെടുക്കുകയായിരുന്നു. പുരുഷ ഹോക്കിയില്‍ മലേഷ്യയെ പരാജയപ്പെടുത്തി ജപ്പാനാണ് സ്വര്‍ണം നേടിയത്.
ബ്രിഡ്ജില്‍ സ്വര്‍ണത്തിളക്കം
ഏഷ്യന്‍ ഗെയിംസ് പതിനാലാം ദിവസം ബ്രിഡ്ജില്‍ (ചീട്ടുകളി) ഇന്ത്യക്ക് അപ്രതീക്ഷിത സ്വര്‍ണം. ബ്രിഡ്ജ് പുരുഷന്മാരുടെ പെയര്‍ വിഭാഗത്തില്‍ പ്രണബ് ബര്‍ധന്‍, ഷിബ്‌നാഥ് സര്‍ക്കാര്‍ എന്നിവരാണ് സ്വര്‍ണം നേടിയത്. നേരത്തെ ബ്രിഡ്ജില്‍ ഇന്ത്യ രണ്ട് വെങ്കലവും നേടിയിരുന്നു. ഗെയിംസില്‍ ആദ്യമായി ഉള്‍പ്പെടുത്തിയ ഈ ഇനത്തില്‍ ഇന്ത്യ ഇതോടെ മൂന്നു മെഡലുകള്‍ സ്വന്തമാക്കി.
സ്‌ക്വാഷില്‍ വെള്ളി മാത്രം
സ്‌ക്വാഷില്‍ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷ വെള്ളിയിലൊതുങ്ങി. സ്വര്‍ണം ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയെ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് ഹോങ്കോങ് പരാജയപ്പെടുത്തി. ഫൈനലില്‍ ഇന്ത്യയുടെ മലയാളി താരം സുനൈ കുരുവിള, ജോഷ്‌ന ചിന്നപ്പ എന്നിവര്‍ തോല്‍വി വഴങ്ങിയതോടെയാണ് ഇന്ത്യ വെള്ളിയിലൊതുങ്ങിയത്. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലും ഇന്ത്യന്‍ വനിതാ ടീം വെള്ളി നേടിയിരുന്നു. ഹോങ്കോങിന്റെ ഹോട്‌സേ ലോകിനോട് 11-8, 11-6, 10-12, 11-3 എന്ന സ്‌കോറിനാണ് സുനൈ ആദ്യ ഗെയിം തോറ്റത്. രണ്ടാം ഗെയിമില്‍ ജോഷ്‌ന ചിന്നപ്പ 11-3, 11-9, 11-5 എന്ന സ്‌കോറിന് വിങ് ചി ആനിനോടും തോറ്റു. ദീപിക പള്ളിക്കല്‍, തന്‍വി ഖന്ന എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍.
അമിത്തിന്റെ പ്രതികാരം
ജക്കാര്‍ത്ത: കഴിഞ്ഞവര്‍ഷം നടന്ന ലോക ചാംപ്യന്‍ഷിപ്പിലെ ക്വാര്‍ട്ടറിലേറ്റ തോല്‍വിക്ക് അമിത്ത് ഏഷ്യന്‍ ഗെയിംസില്‍ പകരം വീട്ടി. ബോക്‌സിങ് 49 കിലോഗ്രാം വിഭാഗം ഫൈനലില്‍ ഒളിംപിക്‌സ് ചാംപ്യന്‍ ഉസ്ബകിസ്ഥാന്റെ ഹസന്‍ബോയ് ദസ്മറ്റോവിനെ അട്ടിമറിച്ചാണ് അമിത് ചരിത്രമെഴുതിയത്.
റിയോ ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ താരമാണ് ദസ്മറ്റോവ്. ജക്കാര്‍ത്തയിലെ വിജയം അമിത്തിനെ സംബന്ധിച്ചിടത്തോളം മധുര പ്രതികാരം കൂടിയായി. കഴിഞ്ഞ വര്‍ഷം നടന്ന ലോക ചാംപ്യന്‍ഷിപ്പ് ക്വാര്‍ട്ടറില്‍ അമിത് ദസ്മറ്റോവിനോട് തോറ്റിരുന്നു.
ബോക്‌സിങ്ങില്‍ സ്വര്‍ണപ്രതീക്ഷയായിരുന്ന വികാസ് കൃഷന്‍ പരുക്കിനെ തുടര്‍ന്ന് സെമിയില്‍ നിന്ന് പിന്മാറിയതിനാല്‍ താരത്തിന് വെങ്കലം മാത്രമേ നേടാനായുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."