ഐ.എസിന്റെ പ്രത്യയശാസ്ത്ര വേരുകള്‍; വഹാബിസം അരങ്ങൊരുക്കിയ വിധം
ഐ.എസിന്റെ പ്രത്യയശാസ്ത്ര വേരുകള്‍ ഏതെങ്കിലും ചില പ്രത്യേക വ്യക്തികളിലേക്കോ പ്രസ്ഥാനങ്ങളിലേക്കോ കാലങ്ങളിലേക്കോ മാത്രം ചെന്നുമുട്ടുന്നതല്ലെന്നാണ് The Sectarianism of the Islamic State: Ideological Roots and Political Context എന്ന പുസ്തകത്തില്‍ ഹസ്സാന്‍ ഹസന്‍ പറയുന്നത്. മറിച്ച് ഒന്നിലധികം പ്രസ്ഥാനങ്ങള്‍ ഒരുക്കിവച്ച സൈദ്ധാന്തികവും പ്രത്യയശാസ്ത്രപരവുമായ പിന്‍ബലത്തില്‍നിന്നാണ് അതിന്റെ ഉദയം.
വഹാബിസം, ഈജിപ്ഷ്യല്‍ പശ്ചാത്തലത്തിലുള്ള സയ്യിദ് ഖുതുബിന്റെ ചിന്തകള്‍, ഇസ്രാഈല്‍-അമേരിക്കന്‍ സാമ്രാജ്യത്വ സ്വപ്നങ്ങള്‍ തുടങ്ങിയവ അതില്‍ ചിലത് മാത്രം. ആദര്‍ശപരമായി വഹാബിസവും സൈദ്ധാന്തികമായി ഖുതുബിസവും ഐ.എസിനെ ആവേശിച്ചതായി കാണാം. അതുകൊണ്ടുതന്നെ, ഭൗതികവും ബഹുസ്വരവുമായ സാഹചര്യങ്ങളെ ഉള്‍ക്കൊള്ളാത്ത അതിയാഥാസ്തികതക്കും വിശ്വാസത്തിലപ്പുറം ഭൂമി കീഴടക്കി രാഷ്ട്രം പണിയണമെന്ന് പറയുന്ന രാഷ്ട്രീയ ഇസ്‌ലാമിനും ഇടയിലാണ് ഐ.എസിന്റെ സ്ഥാനം. ഈ രണ്ടു ചിന്തകളുടെയും സമ്മിശ്ര പശ്ചാത്തലത്തില്‍ സയണിസം പ്ലാനൊരുക്കുകയും അമേരിക്ക ആയുധ സാമഗ്രികള്‍ നല്‍കി അത് നടപ്പാക്കുകയും ചെയ്തപ്പോള്‍ നാമിന്ന് കാണുന്നതുപോലെയുള്ള രക്തക്കൊതിയന്മാരുടെ 'ഐ.എസ് കൂട്ടങ്ങള്‍' ജന്മം കൊള്ളുകയായിരുന്നു.
പതിനെട്ടാം നൂറ്റാണ്ടിനു ശേഷം ലോകത്തു മതത്തിന്റെ പേരില്‍ വന്നിട്ടുള്ള ഒട്ടുമിക്ക ഭീകര കൂട്ടായ്മകളുടെയും ബൗദ്ധിക പശ്ചാത്തലം വഹാബിസമായിരുന്നുവെന്ന് തീര്‍ത്തു പറയാന്‍ കഴിയും. ശീഇകളുമായി ബന്ധപ്പെട്ട ചില സംഘട്ടനങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍, ബാക്കി വരുന്നതെല്ലാം വഹാബി ചിന്താധാരയില്‍നിന്നും ആവേശമുള്‍ക്കൊണ്ട് നടന്നതാണ്. ഇസ്‌ലാം വകവച്ചുതരുന്ന സാധ്യതകളെ ഉള്‍ക്കൊള്ളാത്ത, മതപരമായ സങ്കുചിതത്വം പ്രചരിപ്പിക്കുന്ന ഒരു പ്രസ്ഥാനമെന്ന നിലക്ക് മതത്തിന്റെ പേരില്‍ തീവ്രവികാരത്തെ ഇളക്കിവിടാനും സ്വന്തം കൂട്ടത്തില്‍ പെട്ടവരെത്തന്നെ ഭ്രഷ്ട് കല്‍പിച്ച് അന്യംനിറുത്തി അവര്‍ക്കെതിരേ ആയുധമെടുക്കാനും എളുപ്പത്തില്‍ ഇതിനു സാധിക്കുന്നു. അതുകൊണ്ടുതന്നെയാകണം തങ്ങളുടെ സയണിസ്റ്റ് അജന്‍ഡകള്‍ ലോക തലത്തില്‍ നടപ്പാക്കാന്‍ അറബ് നാടുകളില്‍നിന്നും സാമ്രാജ്യത്വ ശക്തികള്‍ ഈ ചിന്താധാരയില്‍പെട്ടവരെത്തന്നെ തെരഞ്ഞെടുത്തതും.
സലഫുസ്വാലിഹുകളുടെ (സച്ചരിതരായ മുന്‍ഗാമികളുടെ) വഴിയാണ് സത്യത്തില്‍ 'മന്‍ഹജുസ്സലഫ്'അഥവാ യഥാര്‍ഥ സലഫീ ധാര എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. പ്രവാചകരില്‍നിന്നും തുടങ്ങി ഖുലഫാഉ റാശിദയിലൂടെ മദ്ഹബിന്റെ നാലു ഇമാമുകളും കടന്ന് ഇമാം ഗസ്സാലിയും ശൈഖ് ജീലാനിയും ശൈഖ് രിഫാഇയും ഒക്കെ ഉള്‍ക്കൊള്ളുന്നതാണ് ഈ സരണി. ഇമാം ബുഖാരിയും മുസ്‌ലിമും അശ്അരിയും നവവിയും അസ്ഖലാനിയും സുയൂഥിയും ഹൈത്തമിയുമെല്ലാം ഈ ധാരയില്‍ കണ്ടുമുട്ടുന്നു. ഇങ്ങനെ നോക്കുമ്പോള്‍ സൂഫീധാര തന്നെയാണ് യഥാര്‍ഥത്തില്‍ സലഫീധാരയും. 18 ാം നൂറ്റാണ്ടില്‍ മുഹമ്മദ് ബിന്‍ അബ്ദില്‍ വഹാബ് യുക്തിയുടെ വെളിച്ചത്തില്‍ മതത്തെ അളന്ന് പുതിയൊരു ചിന്താപ്രസ്ഥാനത്തെ രൂപീകരിക്കുകയും അതിനെ ഇസ്‌ലാം എന്ന പേരില്‍ പുനരവതരിപ്പിക്കുകയും ചെയ്തതോടെയാണ് ഈ ചരിത്രത്തിന്റെ ഗതി മാറുന്നത്. മുന്‍ഗാമികളുടെ വഴി തിരിഞ്ഞുപോകുന്നിടത്തുനിന്നാണ് 'വഹാബിസം' ആരംഭിക്കുന്നത്. അതേസമയം, സൂഫിസം ഉള്‍ക്കൊള്ളുന്ന യഥാര്‍ഥ സലഫ് ധാരയുടെ പിന്തുടര്‍ച്ച നിലനിര്‍ത്തിയത് അഹ്‌ലുസ്സുന്നയുമാണ്.
ഇബ്‌നു അബ്ദില്‍ വഹാബി (1703-1792) ന്റെ ചിന്താപ്രസ്ഥാനം ഇസ്‌ലാം പ്രതിനിധീകരിക്കാത്ത ഒരു തരം തീവ്രചിന്താഗതിയുടെ മറുപേരായിരുന്നുവെന്നതിന് അദ്ദേഹത്തിന്റെ 90 വര്‍ഷത്തെ ജീവിതവും പ്രവര്‍ത്തനങ്ങളും തന്നെയാണ് സാക്ഷി. ഭരണകുടുംബമായിരുന്ന ആലു സഊദുമായി ചേര്‍ന്ന് സഊദി അറേബ്യയിലും പരിസരങ്ങളിലും വഹാബിസം സ്ഥാപിക്കാന്‍ അദ്ദേഹവും തനിക്കു പിന്തുണ പ്രഖ്യാപിച്ച അധികാരിവര്‍ഗവും നടത്തിയ അക്രമ-വിധ്വംസന പ്രവര്‍ത്തനങ്ങള്‍ ഇന്നത്തെ ഐ.എസിനെ പോലും നാണിപ്പിക്കുന്നതാണ്. പുതിയ ചിന്താഗതികളുമായി കടന്നുവന്ന ഇബ്‌നു അബ്ദില്‍ വഹാബിനെ അന്നത്തെ ഭരണാധികാരി മുഹമ്മദ് ബിന്‍ സഊദ് ക്ഷണിക്കുകയും 1744 ല്‍ അവര്‍ തമ്മില്‍ ഒരു കരാര്‍ ഉണ്ടാക്കുകയുമായിരുന്നു. ഞങ്ങള്‍ സ്വന്തം അധികാരമുപയോഗിച്ച് നിങ്ങളുടെ പുതിയ ആശയങ്ങളെ പ്രചരിപ്പിക്കാമെന്നും നിങ്ങള്‍ നിങ്ങളുടെ വ്യക്തിപ്രഭാവവും മതത്തിന്റെ സാധ്യതകളുമുപയോഗിച്ച് ഞങ്ങളുടെ ഭരണകൂടത്തെ ശക്തിപ്പെടുത്തണമെന്നതുമായിരുന്നു കരാറിന്റെ ഉള്ളടക്കം. ഈയൊരു കൂട്ടായ്മയാണ് പിന്നീട് വഹാബിസത്തെ ഇസ്‌ലാമിന്റെ വിശുദ്ധ ഭൂമികളില്‍ അടിച്ചേല്‍പ്പിക്കാന്‍ രംഗത്തിറങ്ങുന്നത്. ആശയപരമായ പ്രചാരണമെന്നതിലപ്പുറം സൈനികപരമായ അടിച്ചമര്‍ത്തല്‍കൂടി ഉണ്ടായപ്പോഴാണ് പുണ്യനബിയുടെ ഭൂമിയില്‍ ഈ വികല പ്രസ്ഥാനത്തിന് വേരു നേടാനായത്. പട്ടാളവും യുദ്ധവും അധികാരവും രക്തച്ചൊരിച്ചിലും തന്നെയാണ് വഹാബിസം ഉയര്‍ത്തിപ്പിടിക്കുന്ന നയങ്ങളുടെ മൂലക്കല്ല് എന്ന് ചുരുക്കം.
ഇബ്‌നു അബ്ദുല്‍ വഹാബിന്റെ മരണത്തോടുകൂടി ഈ പ്രസ്ഥാനം കൂടുതല്‍ ഭീകരമായി മാറി. പ്രചാരണം പട്ടാളമേറ്റെടുത്തതിനാല്‍ പിന്നീട് അവര്‍ തീരുമാനിക്കുന്നതുപോലെയായിരുന്നു സംഗതികള്‍. ഇസ്‌ലാമിക ലോകത്തിന്റെ തലസ്ഥാന നഗരിയായ ഹിജാസിനെ രക്തംകൊണ്ടും കലാപങ്ങള്‍കൊണ്ടും ചെഞ്ചായമണിയിച്ചു. ഇസ്‌ലാമിക ചിന്തകള്‍ക്ക് വിരുദ്ധമായി ക്രമീകരിക്കപ്പെട്ട തങ്ങളുടെ പുതിയ പ്രത്യയശാസ്ത്രത്തിന് നിരക്കാത്ത ശൈലികളെയും ചിഹ്നങ്ങളെയുമെല്ലാം അവര്‍ തകര്‍ത്തെറിഞ്ഞു.സ്വഹാബികളുടെയും സൂഫികളുടെയും ഖബറുകളും മറ്റു വിശുദ്ധ ചിഹ്നങ്ങളും ഇതോടെ തകര്‍ത്തെറിയപ്പെട്ടു. 1801-02 കാലങ്ങളില്‍ കിങ് അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ വിശുദ്ധ നഗരങ്ങളായ കര്‍ബലയും നജഫും കടന്നാക്രമിച്ചു. നൂറുക്കണക്കിനു നിരപരാധികളെ കശാപ്പ് ചെയ്യുകയും പ്രവാചകരുടെ പേരക്കുട്ടി ഹുസൈന്‍ (റ) വിന്റെ മഖ്ബറ തകര്‍ക്കുകയും ചെയ്തു. 1803-04 വര്‍ഷങ്ങളില്‍ മക്കയും മദീനയും കീഴടക്കി. പ്രവാചക പുത്രി ഫാത്വിമ ബീവിയുടെയും പത്‌നി ഖദീജ ബിവിയുടെയും മഖ്ബറകള്‍ പൊളിച്ചു. അതിന്മേല്‍ കാലങ്ങളായി ഉണ്ടായിരുന്ന ഖുബ്ബകള്‍ അടിച്ചുതകര്‍ത്ത് അതിന്മേല്‍ കയറി ആനന്ദ നൃത്തം വെച്ചു. നക്ഷത്രതുല്യരായ സ്വഹാബികളും താബിഉകളുമായി ആയിരങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്ന ജന്നത്തുല്‍ ബഖീഉം ജന്നത്തുല്‍ മുഅല്ലയും നിരപ്പാക്കി. അധികാരമുപയോഗപ്പെടുത്തി നേടിയ ഈ 'ശുദ്ധി കലശ'ത്തിനു അവര്‍ നല്‍കിയ നാമമായിരുന്നു വഹാബിസം.
ഐ.എസിന്റെ കാര്യത്തില്‍ വിശദീകരിച്ച പോലെ കൃത്യമായ അജണ്ടകളും നിലനില്‍ക്കുന്ന ഒരു സമൂഹക്രമത്തെ എളുപ്പത്തില്‍ തകര്‍ത്തിടാന്‍ ആവശ്യമായ 'ഉപകരണങ്ങളു'മായാണ് വഹാബിസം കടന്നുവന്നത്. തെളിഞ്ഞ ഇസ്‌ലാമിലേക്കുള്ള മടക്കം എന്നതായിരുന്നു ഇതിനായി അവര്‍ ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യം. അവരെ സംബന്ധിച്ചിടത്തോളം കലങ്ങിയ ഇസ്‌ലാം ഇവിടത്തെ പണ്ഡിതന്മാരും സൂഫീ പ്രമുഖരുമായിരുന്നു.
സ്‌നേഹത്തിലൂടെയും സൗഹാര്‍ദത്തിലൂടെയും മതം പ്രചരിപ്പിച്ച് അനുരഞ്ജനത്തിന്റെ വഴിയില്‍ ഇസ്‌ലാമിനെ പ്രചരിപ്പിച്ചിരുന്നവരായിരുന്നു ഇവര്‍. അതുകൊണ്ടുതന്നെ, യുദ്ധത്തിന്റെയും കലാപത്തിന്റെയും രക്തത്തിന്റെയും വഴികള്‍ അവര്‍ ഇഷ്ടപ്പെട്ടില്ല. ഇബ്‌നു അബ്ദില്‍ വഹാബിനെ സംബന്ധിച്ചിടത്തോളം ഇത് ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല. തങ്ങളുടെ പുതിയ ആശയം തീവ്രതയെ പ്രൊമോട്ട് ചെയ്യുന്നതായതിനാല്‍ അതു പ്രചരിപ്പിക്കാന്‍ പുതിയൊരു തലമുറയെ വളര്‍ത്തിക്കൊണ്ടുവരല്‍ അവര്‍ക്ക് ആവശ്യമായിരുന്നു.
വിശുദ്ധ ഇസ്‌ലാമിനെ ലോകതലത്തില്‍ വികലപ്പെടുത്തുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന ഒരുപിടി ഭീകര ക്കൂട്ടായ്മകളെ സൃഷ്ടിച്ചുവിടാന്‍ കഴിഞ്ഞുവെന്നതില്‍ക്കവിഞ്ഞ് ഈ പ്രസ്ഥാനത്തിനു ഇസ്‌ലാമിക ലോകത്ത് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചിട്ടില്ലായെന്നതാണ് വസ്തുത. ഇറാഖിലും സിറിയയിലും ഐ.എസ് ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത് ഈ ചിന്താപരിസരത്തില്‍നിന്നും മാതൃകയുള്‍ക്കൊണ്ട് തന്നെയാണെന്നുവേണം മനസിലാക്കാന്‍.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."