ആദര്‍ശ് കെട്ടിടം ഏറ്റെടുക്കാന്‍ സുപ്രിംകോടതി ഉത്തരവ്
ന്യൂഡല്‍ഹി: മുംബൈയിലെ ആദര്‍ശ് ഹൗസിങ് സൊസൈറ്റിയുടെ വിവാദ കെട്ടിട സമുച്ചയം പൊളിച്ചുനീക്കരുതെന്നും അത് ഏറ്റെടുക്കണമെന്നും സുപ്രിം കോടതി ഉത്തരവിട്ടു. കെട്ടിടവുമായി ബന്ധപ്പെട്ട എല്ലാ ഹരജികളിലും വിധി വരുന്നത് വരെ പൊളിക്കുന്നത് സ്റ്റേചെയ്ത ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, എ.എം സപ്രെ എന്നിവരടങ്ങുന്ന സുപ്രിം കോടതിയുടെ രണ്ടംഗ ബെഞ്ച് കേന്ദ്രസര്‍ക്കാരിന് സ്ഥലത്തിന്റെ കൈവശാവകാശം നല്‍കാനും മഹാരാഷ്ട്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കി. കേസ് അടുത്ത മാസം അഞ്ചിന് വീണ്ടും പരിഗണിക്കും. അതിന് മുമ്പായി കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം കേന്ദ്ര സര്‍ക്കാരിന് കൈമാറണം.
മുംബൈ ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന്റെ മേല്‍നോട്ടത്തിലായിരിക്കണം കൈമാറ്റമെന്നും ബെഞ്ച് വ്യക്തമാക്കി. പരിസ്ഥിതി ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച 31 നിലയുള്ള കെട്ടിടം പൊളിച്ചുനീക്കാന്‍ ഏപ്രിലില്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹരജിക്കാര്‍ക്ക് സുപ്രിംകോടതിയെ സമീപിക്കുന്നതിനായി കെട്ടിടം പൊളിച്ചുമാറ്റുന്നതിന് മൂന്നു മാസത്തെ സമയം അനുവദിച്ചിരുന്ന ഹൈക്കോടതി ഫ്‌ളാറ്റ് അനധികൃതമായി കൈവശംവച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കാനും സ്ഥലം തിരിച്ചുപിടിക്കാനും നിര്‍ദേശം നല്‍കുകയുണ്ടായി. ഇതിനെതിരേ ആദര്‍ശ് ഹൗസിങ് സൊസൈറ്റി നല്‍കിയ ഹരജിയിലാണ് ഇന്നലത്തെ സുപ്രിംകോടതി നടപടി.
തീരസംരക്ഷണപ്രകാരം അനുമതിയില്ലാതെ നിര്‍മിച്ച കെട്ടിടം പൊളിക്കാന്‍ 2011ല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരേ ആദര്‍ശ് ഹൗസിങ് സൊസൈറ്റി നല്‍കിയ ഹരജി തള്ളിയാണ് കെട്ടിടം പൊളിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. കാര്‍ഗില്‍ രക്തസാക്ഷികളുടെ വിധവകള്‍ക്കും കടുംബാംഗങ്ങള്‍ക്കുമായി ഫ്‌ളാറ്റ് നിര്‍മിക്കാനാണ് അദര്‍ശ് ഹൗസിങ് സൊസൈറ്റി രൂപീകരിച്ചത്.
മുംബൈയിലെ കൊളാബയില്‍ കണ്ണായ സ്ഥലത്ത് 30 മീറ്റര്‍ മാത്രം ഉയരത്തില്‍ ആറുനില കെട്ടിടം നിര്‍മിക്കാനായിരുന്നു തീരുമാനം. പിന്നീട് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് 100 മീറ്ററിലധികം ഉയരത്തില്‍ അത് 31 നില കെട്ടിടമാക്കി മാറ്റുകയും വിപണിവിലയില്‍ നിന്നു വളരെ കുറഞ്ഞ നിരക്കില്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഇവിടെ കെട്ടിടം സ്വന്തമാക്കുകയും ചെയ്തു.മഹാരാഷ്ട്ര സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ വിവാദം മുഖ്യമന്ത്രിയായിരുന്ന അശോക് ചവാന്റെ രാജിയിലും കലാശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."