ലിബിയയിലെ ഫ്രഞ്ച് സൈന്യത്തിനെതിരേ സര്‍ക്കാര്‍
ട്രിപ്പോളി: ലിബിയയിലെ ഫ്രഞ്ച് സൈനിക സാന്നിധ്യത്തിനെതിരേ യു.എന്‍ പിന്തുണയ്ക്കുന്ന ഐക്യസര്‍ക്കാര്‍. ഫ്രാന്‍സിലെ സൈനിക ഇടപെടലിനെതിരേ ട്രിപ്പോളിയില്‍ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണിത്. കിഴക്കന്‍ ലിബിയയില്‍ ബുധനാഴ്ച ഫ്രഞ്ച് സൈന്യത്തിന്റെ ഹെലിക്ടോപ്ടര്‍ തകര്‍ന്ന് മൂന്നു പേര് കൊല്ലപ്പെട്ടിരുന്നു. എണ്ണസമ്പന്ന രാജ്യമായ ലിബിയയില്‍ ഫ്രഞ്ച് സൈന്യത്തിനേറ്റ ആദ്യ പ്രഹരമാണിതെന്നാണ് ലിബിയന്‍ വിമതര്‍ പറയുന്നത്. ഇന്റലിജന്‍സ് വിവരങ്ങള്‍ ശേഖരിക്കാന്‍ ഫ്രാന്‍സ് ഉപയോഗിച്ച ഹെലികോപ്ടറാണ് തകര്‍ന്നത്.
യു.എന്‍ പിന്തുണയോടെ ട്രിപ്പോളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവണ്മെന്റ് ഓഫ് അക്കോര്‍ഡ് (ജി.എന്‍.എ) ആണ് ഇന്നലെ ഫ്രാന്‍സിനെതിരേ രംഗത്തുവന്നത്. രാജ്യത്ത് സൈനിക സാന്നിധ്യത്തിന്റെ വിശദീകരണം എന്താണെന്ന് ലിബിയ ഫ്രാന്‍സിനോട് ആരാഞ്ഞു. ലിബിയന്‍ പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ ആണ് കൗണ്‍സിലുമായി ആലോചിക്കാതെ രാജ്യത്ത് ഫ്രാന്‍സ് സൈനിക നീക്കം നടത്തിയതില്‍ പ്രതിഷേധം അറിയിച്ചത്. ലിബിയയുടെ പരാമധികാരം സംബന്ധിച്ച് വിട്ടുവീഴ്ചയ്ക്കില്ലെന്നും ഐക്യ സര്‍ക്കാര്‍ അറിയിച്ചു. ലിബിയയിലെ ഫ്രഞ്ച് സൈന്യത്തിന്റെ സാന്നിധ്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഫ്രഞ്ച് ദിനപത്രമാണ്. എന്നാല്‍ ഇത് ലിബിയ നിഷേധിച്ചിരുന്നു. തീവ്രവാദികളാണ് ഫ്രഞ്ച് ഹെലികോപ്ടര്‍ വെടിവച്ചിട്ടതെന്ന് പിന്നീട് ലിബിയ അറിയിച്ചു. ബെന്‍ഗാസിയിലാണ് ഹെലികോപ്ടര്‍ തകര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."