റമദാനിലൂടെ റയ്യാനിലേക്ക്
വിശ്വാസികള്‍ക്കു വിമോചനത്തിന്റെ സുവര്‍ണനാളുകളുമായി വിശുദ്ധ റമദാന്‍ സമാഗതമായി. നാടും വീടും അതിനെ പ്രതിനിധീകരിക്കുന്ന ആബാലവൃദ്ധം ജനങ്ങളും റമദാനിനെ സല്‍ക്കര്‍മങ്ങളുടെ പൂക്കാലമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ്. വ്രതവിശുദ്ധിയുടെ ലോകം കെട്ടിപ്പടുക്കാന്‍ ആത്മഹര്‍ഷം പകരുന്ന ദിനരാത്രങ്ങളാണു വരാന്‍പോകുന്നത്.
തിരുനബി (സ) ശഅ്ബാന്‍ മാസം അവസാനത്തില്‍ നടത്തിയ ഒരു പ്രഭാഷണം ഇങ്ങനെ കാണാം: 'ബറകത്താക്കപ്പട്ട ഒരു മാസം നിങ്ങളെ സമീപിക്കാന്‍ പോവുന്നുണ്ട്. ആയിരം മാസത്തേക്കാള്‍ ഗുണമേന്മയുള്ള ഒരു രാത്രി (ലൈലത്തുല്‍ ഖദ്ര്‍) ഈ മാസത്തിലാണുള്ളത്. ഈ മാസത്തില്‍ പകലില്‍ വ്രതം നിര്‍ബന്ധമാക്കിയിരിക്കുന്നു. രാത്രി നിസ്‌കാരം (തറാവീഹ്) ഐച്ഛികവും. ഈ മാസത്തില്‍ സല്‍ക്കര്‍മം (നിര്‍ബന്ധമല്ലാത്ത) അനുഷ്ഠിച്ചാല്‍ പുണ്യമാണ്. നിര്‍ബന്ധ കര്‍മം അനുഷ്ഠിച്ചാല്‍ എഴുപതു നിര്‍ബന്ധ കര്‍മം അനുഷ്ഠിച്ച പ്രതിഫലം ലഭിക്കും. ക്ഷമയുടെ മാസമാണിത്. ക്ഷമയ്ക്കുള്ള പ്രതിഫലം സ്വര്‍ഗംതന്നെ. ആരെങ്കിലും വ്രതമുള്ളവനെ നോമ്പുതുറപ്പിച്ചാല്‍ അവന്റെ പാപങ്ങളെല്ലാം പൊറുക്കപ്പെടുകയും നരകത്തില്‍നിന്നു മോചനം ലഭിക്കുകയും ചെയ്യും. നോമ്പുകാരനു രണ്ട് ആനന്ദാനുഭൂതിയുടെ സമയമുണ്ട്. ഒന്ന്, നോമ്പു തുറക്കുമ്പോഴും മറ്റൊന്ന്, പരലോകത്ത് അല്ലാഹുവിനെ കാണുമ്പോഴും.' (ഇബ്‌നു ഖുസൈമ). അബൂഹുറൈറ(റ)ല്‍ നിന്നു നിവേദനം: നബി (സ) പറഞ്ഞു: റമദാന്‍ ആസന്നമായ ഒരു സുദിനത്തില്‍ നബി (സ) ഇങ്ങനെ പറഞ്ഞു: 'നിങ്ങള്‍ക്കിതാ റമദാന്‍ വന്നണഞ്ഞിരിക്കുന്നു. ഇത് ബറകതിന്റെ മാസമാകുന്നു. അല്ലാഹു തന്റെ പുണ്യങ്ങള്‍ വാരിവിതറുന്ന മാസം' (ഇബ്‌നുമാജ). അനുഗ്രഹങ്ങള്‍ അല്ലാഹു വാരിച്ചൊരിയുന്ന മാസമാണിതെന്നു ചുരുക്കം.
ഈ ഹദീസുകളുടെ തുടക്കത്തില്‍ പറഞ്ഞ 'ബറകത്' എന്ന അറബി പദത്തിന് നമാഅ്, സിയാദത് (വളര്‍ച്ച) എന്നൊക്കെ അര്‍ഥം കല്‍പ്പിക്കാവുന്നതാണ്. വന്ദ്യരായ സജ്ജാജ് പറയുന്നു: 'ഇത് മുബാറകായ ഗ്രന്ഥമാകുന്നു' എന്ന ഖുര്‍ആന്റെ വിശേഷണത്തില്‍ അല്‍മുബാറക് എന്നതിനു വര്‍ധിച്ച നന്മകളുള്‍ക്കൊള്ളുന്നത് എന്നാണ് വിവക്ഷ. ഈ വിവക്ഷ പരിഗണിച്ചാല്‍ റമദാന്‍ മാസം എല്ലാ അര്‍ഥത്തിലും അതിമഹത്തായ അനുഗ്രഹങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്നു മനസിലാക്കാം.
അബൂഹുറൈറ(റ)വില്‍ നിന്നു നിവേദനം: നബി(സ) ഉദ്‌ബോധിപ്പിക്കുന്നു: 'നിങ്ങള്‍ക്ക് സമാഗതമായിരിക്കുന്ന, തണല്‍ വിരിച്ചിരിക്കുന്ന ഈ മാസം ഖൈറിന്റെ (നന്മയുടെ) മാസമാണ്. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഇത്രയും ഉത്തമമായ മറ്റൊരു മാസം കഴിഞ്ഞുപോയിട്ടില്ല. കപടവിശ്വാസികള്‍ക്കിതു തീര്‍ത്തും നാശത്തിന്റെ മാസമാണ്. ഇതുപോലെ ശല്യമായ മാസം അവര്‍ക്കു കഴിഞ്ഞുപോയിട്ടില്ല' (ഇബ്‌നുഖുസൈമ).
മറ്റൊരു തിരുവചനത്തില്‍ പറയുന്നു: റമദാന്‍ മാസത്തിലെ പ്രഥമരാവില്‍ ഇങ്ങനെ അശരീരിയുണ്ടാകും: 'നന്മ പ്രതീക്ഷിക്കുന്ന മനുഷ്യാ, മുന്നോട്ടുവരിക. തിന്മ ചെയ്യാനൊരുമ്പെടുന്നവനേ, മാറിനില്‍ക്കുക' (തിര്‍മുദി, നസാഇ, ഹാകിം). നന്മയിലേക്കു മനുഷ്യനെ പരമാവധി അടുപ്പിക്കാനുള്ള സാഹചര്യങ്ങള്‍ റമദാന്‍ ഒരുക്കുന്നു.
റമദാന്‍ വ്രതാനുഷ്ഠാനത്തിലൂടെ വിശ്വാസികള്‍ സ്രഷ്ടാവിലേക്കടുക്കുന്നു. സര്‍വവും അല്ലാഹുവിനു സമര്‍പ്പിക്കാനുള്ള മനോഭാവമാണ് വ്രതാനുഷ്ഠാനത്തിലൂടെ നേടാനാകുക. റമദാനിന്റെ പരിപൂര്‍ണമായ ചൈതന്യം കരസ്ഥമാക്കാന്‍ വിശ്വാസിക്കു സാധിക്കണം. അവന്റെ വ്രതാനുഷ്ഠാനം കേവലം പട്ടിണിയായി മാറരുത്. നോമ്പിന്റെ ചൈതന്യം സുരക്ഷിതമാകാന്‍ മനസാ വാചാ കര്‍മണാ നിഷിദ്ധങ്ങള്‍ വര്‍ജിക്കേണ്ടത് പ്രധാനമാണ്. നബി (സ) പറഞ്ഞു: 'മോശം വര്‍ത്തമാനവും പ്രവര്‍ത്തനവും ഉപേക്ഷിക്കാത്തവന്‍ അന്നപാനാദികള്‍ ഒഴിവാക്കുന്നതില്‍ മാത്രം അല്ലാഹുവിന് ആവശ്യമില്ല (ബുഖാരി). മറ്റൊരു ഹദീസില്‍ ഇങ്ങനെ വന്നിട്ടുണ്ട്: നിങ്ങളിലാരെങ്കിലും നോമ്പുകാരനായാല്‍ അവന്‍ ലൈംഗിക വികാര വൃത്തികളിലേര്‍പ്പെടരുത്. അറിവില്ലായ്മ കാണിക്കരുത്. അവനെ ആരെങ്കിലും അസഭ്യം പറയുകയോ അവനോടാരെങ്കിലും കലഹത്തിന് വരികയോ ചെയ്താല്‍ 'ഞാന്‍ നോമ്പുകാരനാണ്' എന്ന് പറയട്ടെ (മുസ്‌ലിം). അനാവശ്യമായത് വര്‍ജിക്കല്‍ വ്രതത്തിന്റെ പൂര്‍ണതയ്ക്ക് അനിവാര്യമാണ്.
നോമ്പിലും അല്ലാത്തപ്പോഴും വര്‍ജ്യമായതിനെ ഉപേക്ഷിച്ച് അനുഷ്ഠിക്കേണ്ടതാണ് നോമ്പ്. അതിനാല്‍ തന്നെ 'നോമ്പ്' (സൗമ്) എന്ന പദം അറിയിക്കുന്ന ആശയത്തെ അനുവര്‍ത്തിക്കുന്നവനാണ് യഥാര്‍ഥ നോമ്പുകാരന്‍. അനാവശ്യം പറയാത്ത, ചെയ്യാത്ത, നോമ്പിന്റെ മഹത്വത്തെ പരിഗണിക്കുന്നവനാണ് ഭാഗ്യവാനായ യഥാര്‍ഥ നോമ്പുകാരന്‍.
'സ്വര്‍ഗത്തിന് എട്ടു കവാടങ്ങളുണ്ട്. ഒരു കവാടത്തിന്റെ പേര് റയ്യാന്‍ എന്നാകുന്നു. പുനരുത്ഥാനദിനം അതിലൂടെയാണു നോമ്പുകാര്‍ പ്രവേശിക്കുക. അതിലൂടെ അവരോടൊപ്പം മറ്റാരും പ്രവേശിക്കുകയില്ല. നോമ്പുകാര്‍ എവിടെയെന്നു വിളിച്ചുചോദിക്കുമ്പോള്‍ അവര്‍ അതില്‍കൂടി പ്രവേശിക്കുന്നതായിരിക്കും. അവര്‍ മുഴുവനും പ്രവേശിച്ചു കഴിഞ്ഞാല്‍ ഉടന്‍ ആ വാതില്‍ അടയ്ക്കപ്പെടും. പിന്നീട് അതിലൂടെ ആരും പ്രവേശിക്കുകയില്ല.' (മുസ്‌ലിം)
നോമ്പ് എനിക്കുള്ളതാണ്, അതിനുള്ള പ്രതിഫലം ഞാന്‍ നല്‍കുമെന്ന അല്ലാഹുവിന്റെ വാക്ക് അതിന്റെ മഹത്വവും ശ്രേഷ്ഠതയും വ്യക്തമാക്കുന്നു. നോമ്പ് അല്ലാഹുവിനുള്ളതാണ് എന്ന് പറഞ്ഞതിന്റെ യാഥാര്‍ഥ്യം പണ്ഡിതന്മാര്‍ ഇങ്ങനെ വിശദീകരിച്ചതു കാണാം: 'മനുഷ്യന്റെ പ്രവര്‍ത്തനത്തിലോ വാക്കിലോ നോമ്പ് പ്രത്യക്ഷമായി കാണില്ല. അത് അവന്റെ തീരുമാനമാണ്. അതടിസ്ഥാനത്തില്‍ അവന്‍ നിയന്ത്രിതനാവലുമാണ്. അല്ലാഹുവിന് മാത്രമാണ് അതിന്റെ നിജസ്ഥിതി അറിയുക. അത് നന്മതിന്മകള്‍ രേഖപ്പെടുത്തുന്നവര്‍ക്ക് വ്യക്തമാകാത്തതിനാല്‍, നിസ്‌കാരവും ദിക്‌റുകളും ദാനങ്ങളും മറ്റു പ്രത്യക്ഷമായ സല്‍കര്‍മങ്ങളും രേഖപ്പെടുത്തുന്ന പോലെ അവരത് രേഖപ്പെടുത്തുകയില്ല. കാരണം, ശരീരത്തില്‍ നോമ്പ് എന്നാല്‍, തിന്നലും കുടിക്കലും വര്‍ജിക്കലല്ല. നിയ്യത്തും അതനുസരിച്ച ഉറച്ച വിശ്വാസവും പ്രവര്‍ത്തനവുമാണ്. അങ്ങനെയാണ് അവനില്‍നിന്ന് അന്നപാനാദികളും ലൈംഗിക വൃത്തിയും ഉപേക്ഷിക്കലുണ്ടാവുന്നത്. എല്ലാം അല്ലാഹുവിന് വേണ്ടി മാത്രം. (അല്‍ ഇസ്തിദ്കാര്‍)
നോമ്പിന്റെ ആത്യന്തിക ലക്ഷ്യം മനുഷ്യനില്‍ തഖ്‌വയുണ്ടാക്കലാണെന്നു ഖുര്‍ആന്‍ പറയുന്നു. എല്ലാം സ്രഷ്ടാവിന്റെ താല്‍പര്യത്തിനു വേണ്ടി വര്‍ജിക്കുന്നവനാണ് തഖ്‌വ നേടാനാകുക. അല്ലാഹു കല്‍പ്പിച്ചതു ചെയ്യുകയും ഉപേക്ഷിക്കാന്‍ പറഞ്ഞതു വര്‍ജിക്കലുമാണ് തഖ്‌വ കൊണ്ട് വിവക്ഷിക്കുന്നത്.
അല്ലാഹുവിനെ ദൃഷ്ടികൊണ്ടു കാണുകയെന്നതാണു നോമ്പുകാരന്റെ പ്രധാനാനുഭവം. സ്വര്‍ഗത്തില്‍ കണ്ടനുഭവിച്ച എല്ലാ അനുഗ്രഹങ്ങളേക്കാളും അവനിഷ്ടപ്പെടുന്നത് ഈ ദര്‍ശനമാണ്. ഇതിന്റെ നിര്‍വചനാതീതമായ അനുഭൂതിയാണു നോമ്പുകാരനു ലഭിക്കുന്നത്. റയ്യാന്‍ എന്ന ഉദ്യാനകവാടം അവനു മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു. ഇനി പരിശ്രമത്തിന്റെ നാളുകളാണ്. 'വാശി കാണിക്കുന്നവര്‍ അതിനു (സ്വര്‍ഗത്തിന്) വേണ്ടി വാശി കാണിക്കട്ടെ' (വിശുദ്ധ ഖുര്‍ആന്‍ 83:26).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."