ഹജ്ജ്: മൊബൈല്‍ സിംകാര്‍ഡുകള്‍ക്ക് വിരലടയാളം നിര്‍ബന്ധം
കൊണ്ടോട്ടി: ഈ വര്‍ഷം മുതല്‍ ഹജ്ജ് തീര്‍ഥാടകര്‍ക്കു യാത്രയ്ക്കു മുന്‍പ് അനുവദിച്ചിരുന്ന മൊബൈല്‍ സിംകാര്‍ഡിനു നിരോധനം. സഊദിയില്‍ മൊബൈല്‍ സിംകാര്ഡുകള്ക്കു വിരലടയാളം നിര്‍ബന്ധമാക്കിയതോടെയാണ് നാട്ടില്‍നിന്ന് എടുത്തുനല്കിയിരുന്ന സിംകാര്ഡിന് അനുമതി നിഷേധിച്ചത്.
മക്കയിലെത്തിയ ശേഷം വിരലടയാളം നല്കി സിംകാര്‍ഡ് എടുക്കേണ്ടിവരും. സഊദി ടെലികോം അതോറിറ്റിയും കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്മിഷനുമാണ് നിയമം നിര്‍ബന്ധമാക്കിയത്. നിതാഖാത്തിന്റെ ഭാഗമായി സഊദിയില്‍ ആറു മാസമായി സിംകാര്ഡുകള്ക്കു വിരലടയാളം നിര്‍ബന്ധമാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷംവരെ ഹജ്ജ് തീര്‍ഥാടകര്‍ക്കു യാത്രാവേളയില്‍ സിംകാര്‍ഡുകള്‍ നല്‍കുകയായിരുന്നു പതിവ്. തീര്ഥാടകരിലെ പ്രധാന കവര്‍ ലീഡര്ക്കായിരുന്നു ഹജ്ജ് ക്യാംപില്‍നിന്നു സിംകാര്‍ഡ് നല്‍കിയിരുന്നത്. ഇതിനായി പ്രത്യേക കൗണ്ടറുമുണ്ടായിരുന്നു. വിരലടയാളം നിര്‍ബന്ധമാക്കിയതോടെ സംസ്ഥാന ഹജ്ജ് കമ്മിറ്റികളും ഈ വര്‍ഷം സിംകാര്‍ഡ് വിതരണം ഉപേക്ഷിച്ചു.
കഴിഞ്ഞവര്‍ഷം മിനയിലുണ്ടായ അപകടത്തെ തുടര്‍ന്ന് ഈ വര്‍ഷം ഇന്ത്യയില്‍നിന്നുള്ള 35,000 പേര്‍ക്കുകൂടി ട്രെയിന്‍ സൗകര്യം ലഭിക്കില്ല. അറഫയിലെത്താന് ഇവരും ബസുകളെ ആശ്രയിക്കേണ്ടിവരും. തീര്‍ഥാടകരുടെ ബാഗേജുകളില്‍ ഇത്തവണ 54 കിലോ മാത്രമേ കൊണ്ടുപോകാനാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."