'ശക്തരായ' പ്രധാനമന്ത്രിമാരുടെ പ്രശ്‌നങ്ങള്‍
ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായതിനുശേഷം ആദ്യമായി അമേരിക്കന്‍ സന്ദര്‍ശനം നടത്താന്‍ പോകുന്നതിന്റെ തലേന്ന് അമേരിക്കന്‍ പ്രസിഡന്റ് ലിന്‍ഡന്‍ ജോണ്‍സണ്‍ ഇന്ത്യന്‍ അംബാസഡറോട് ചോദിച്ചു, എങ്ങനെയാണ് താന്‍ അവരെ അഭിസംബോധന ചെയ്യേണ്ടത്, മിസിസ് ഗാന്ധി എന്നോ അതോ മാഡം പ്രൈംമിനിസ്റ്റര്‍ എന്നോ? ഉടനടി അംബാസഡര്‍ ന്യൂഡല്‍ഹിയുമായി ബന്ധപ്പെട്ടു, സ്വന്തം മന്ത്രിസഭയിലെ മന്ത്രിമാരെല്ലാം തന്നെ 'സര്‍' എന്നാണ് വിളിക്കുന്നത് എന്നായിരുന്നു അന്നേരം പ്രധാനമന്ത്രി നല്‍കിയ സംക്ഷിപ്ത മറുപടി.
ഇത് ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം, കഴിഞ്ഞയാഴ്ച ഒരു ടെലിവിഷന്‍ ചാനലില്‍ വന്ന അപൂര്‍വ ചര്‍ച്ചയാണ്. രാജ്യത്തെ ജി.ഡി.പി കണക്കുകളെക്കുറിച്ചായിരുന്നു ചര്‍ച്ച. ചര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ വക്താവ് ബി.ജെ.പിയുടെ പാര്‍ട്ടി വക്താവിനോട് നിലവിലെ കേന്ദ്ര കൃഷിമന്ത്രിയുടെ പേര് പറയാന്‍ ആവശ്യപ്പെട്ടു. ഏറ്റവും കൂടുതല്‍ പൗരന്‍മാര്‍ തൊഴിലെടുക്കുന്ന മേഖലയാണ് കാര്‍ഷികരംഗം. തീര്‍ച്ചയായും ഭരണപക്ഷത്തുള്ള ഒരു വക്താവിന് കേന്ദ്രത്തിലുള്ള തങ്ങളുടെ കൃഷിമന്ത്രിയുടെ പേര് അറിയേണ്ടതാണ്. എന്നാല്‍ അയാള്‍ക്കത് അറിയില്ലായിരുന്നു. ദുരന്തം എന്താണെന്നുവച്ചാല്‍ അയാള്‍ക്ക് അത് അറിയേണ്ട കാര്യമില്ലായിരുന്നു. ഈ സര്‍ക്കാരിനെ പ്രതിനിധീകരിക്കേണ്ട എല്ലായിടത്തും 'മോദി, മോദി, മോദി' എന്നാണ് അവര്‍ അവതരിപ്പിക്കുന്നത്. 70കളില്‍ ഇന്ദിരാ, ഇന്ദിരാ, ഇന്ദിരാ എന്നായിരുന്നല്ലോ കോണ്‍ഗ്രസും വിളിച്ചു പറഞ്ഞിരുന്നത്.
2013-14ലെ ശൈത്യകാലത്താണ് മോദി തന്റെ പ്രധാനമന്ത്രി പദത്തിലേക്കുള്ള ചുവടുവയ്പ്പുനടത്തുന്നത്. അന്ന് അദ്ദേഹത്തിന്റെ പ്രധാന അവകാശവാദം താന്‍ ശക്തനായ പ്രധാനമന്ത്രിയായിരിക്കുമെന്നായിരുന്നു. രാഹുല്‍ ഗാന്ധിയാണ് പ്രധാനമന്ത്രിയാവാന്‍ ഏറ്റവും അനുയോജ്യന്‍ എന്നും രാഹുലിന്റെ കീഴില്‍ ജോലിയെടുക്കാന്‍ താന്‍ സദാ സന്നദ്ധനാണെന്നും വരെ മന്‍മോഹന്‍ സിങ് പറയുകയുണ്ടായി. തുടര്‍ച്ചയായി ഒമ്പതുവര്‍ഷം പ്രധാനമന്ത്രിയായും, അതിനുമുമ്പ് കേന്ദ്രധനമന്ത്രിയായും റിസര്‍വ് ബാങ്ക് ഗവര്‍ണറുമായി സേവനമനുഷ്ഠിച്ച മന്‍മോഹന്‍ സിങ്ങിന്റെ ഈ നിലപാട് അദ്ദേഹത്തിന്റെ ഓഫിസിനെ നിന്ദിക്കുന്നതായിരുന്നു.
മന്‍മോഹന്‍സിങ് പൊതുയിടത്തില്‍ തുറന്നു പ്രഖ്യാപിച്ച ഈ ബലഹീനതയെ നരേന്ദ്രമോദി സാമര്‍ഥ്യത്തോടെ തന്റെ നല്ലതിനാക്കി മാറ്റി. 56 ഇഞ്ച് നെഞ്ചളവിന്റെ വീമ്പുമായി അദ്ദേഹം എത്തി. തന്റെ എതിരാളിയെപ്പോലെയല്ല മറിച്ച് നിരാശ്രയനും സ്വന്തം വ്യക്തിത്വമുള്ളയാളാണെന്നും വേണ്ടിവന്നാല്‍ ശക്തരില്‍ ശക്തനാവാന്‍ തനിക്കാവുമെന്നും താനാണ് രാജ്യം കാത്തിരിക്കുന്ന ആ പ്രധാനമന്ത്രിയെന്നും മോദി ബോധപൂര്‍വം ജനങ്ങളെ വിശ്വസിപ്പിച്ചു.
ശക്തനായ നരേന്ദ്രമോദിയും ദുര്‍ബലനായ മന്‍മോഹന്‍സിങ്ങും തമ്മിലുള്ള അന്തരം 2014ലെ പൊതുതെരഞ്ഞെടുപ്പുകാലത്ത് ബി.ജെ.പി നന്നായി ഉപയോഗിച്ചു. അതുകൊണ്ടുതന്നെ മോദിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും അതുല്യവിജയം നേടാനായി. പക്ഷേ ശക്തനായ പ്രധാനമന്ത്രിയെന്ന പ്രതിച്ഛായ എത്രമാത്രം അദ്ദേഹത്തിന്റെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ മോദി ഉപയോഗിച്ചിട്ടുണ്ട്? നിലവില്‍ രാജ്യം നേരിടുന്ന വിവിധതരം പ്രതിസന്ധികള്‍ എടുത്താല്‍ മോദി ഒരു പരാജയമാണെന്ന് കാണാം. ഈ പ്രതിസന്ധികളെല്ലാം തന്നെ ഈ ഒറ്റയാള്‍ സര്‍ക്കാരിന്റെ നടത്തിപ്പിലുള്ള കെടുകാര്യസ്ഥതകൊണ്ടുമാത്രമാണ്. മന്ത്രിസഭയായാലും ഉദ്യോഗസ്ഥരായാലും എന്തിന് ഈ രാജ്യം അങ്ങനെത്തന്നെയും ഒരു വ്യക്തിയുടെ ചപലമായ തീരുമാനങ്ങള്‍ക്ക് മുന്നില്‍ ബന്ധനസ്ഥരായിരിക്കുന്നത്.
മോദിയുടെ രണ്ടാംവരവില്‍ ആഭ്യന്തരമന്ത്രി മാത്രമാണ് പകുതിയെങ്കിലും ഏകാധിപത്യം ആസ്വദിക്കുന്നത്. അല്ലെങ്കില്‍ എല്ലാ നയങ്ങളും രൂപീകരിച്ച് നിര്‍ദേശിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫിസാണ്. എന്തെങ്കിലും ശരിയായി നടന്നാല്‍ അതിന്റെ ക്രെഡിറ്റ് മുഴുവനും പ്രധാനമന്ത്രിക്കും എന്തെങ്കിലും പിഴച്ചാല്‍ അതിന്റെ കുറ്റം മുഴുവനും മറ്റുള്ളവര്‍ക്കുമാണ്. ഉദാഹരണത്തിന് മറ്റുപാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനസര്‍ക്കാരുകള്‍ക്കോ, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മേലോ, ലിബറല്‍സിന്റെ മേലോ, അതുംപറ്റിയില്ലെങ്കില്‍ അര്‍ബന്‍ നക്‌സലുകള്‍ക്ക് മീതെയോ അല്ലെങ്കില്‍ ദൈവത്തിനു മേലെയോ കുറ്റം ചാര്‍ത്തുകയാണ് പതിവ്.
നരേന്ദ്രമോദിയുടെ സ്വയംകേന്ദ്രീകൃതവും ഊതിവീര്‍പ്പിച്ചതുമായ ഈ സാരഥ്യം ബി.ജെ.പിയുടെ മുന്‍ പ്രധാനമന്ത്രിയില്‍നിന്നു വ്യത്യസ്തമാണ്. അടല്‍ ബിഹാരി വാജ്‌പേയിയുടെ കാബിനറ്റിലെ മന്ത്രിമാരായ എല്‍.കെ അദ്വാനി, യശ്വന്ത്‌സിന്‍ഹ, എം.എം ജോഷി, ജസ്വന്ത് സിങ്, പ്രമോദ് മഹാജന്‍, അരുണ്‍ ഷൂറി, സുഷമ സ്വരാജ് എന്നിവര്‍ക്ക് നല്ല പ്രവര്‍ത്തന സ്വാതന്ത്ര്യം ഉണ്ടായിരുന്നു. മുന്‍കാലങ്ങളിലെ സഹകരണത്തോടെയും പരസ്പരം ചര്‍ച്ചചെയ്തുമുള്ള സാരഥ്യമാണ് സാമ്പത്തിക-വിദേശ-ആഭ്യന്തരനയങ്ങളില്‍ പ്രതിഫലിച്ചത്. തുടര്‍ന്ന് ലോകത്തിനുമുന്നില്‍ അത് മതിപ്പിനുകാരണമാകുകയും ചെയ്തു. മോദിയുടെ ഇന്ത്യയെക്കാള്‍ വാജ്‌പേയിയുടെ ഇന്ത്യ മികച്ചതായിരുന്നു. അതിനര്‍ഥം ആദ്യ എന്‍.ഡി.എ സര്‍ക്കാര്‍ തെറ്റുകള്‍ വരുത്തിയിട്ടില്ലെന്നല്ല. മറിച്ച് അന്നത്തെ തീരുമാനങ്ങളെല്ലാം പ്രധാനമന്ത്രിയില്‍ മാത്രം നിക്ഷിപ്തമായിരുന്നെങ്കില്‍ അതിന്റെയെല്ലാം പരിണിതഫലം അത്യന്തം മോശമാകുമായിരുന്നു.
ഏകാധിപതിയെപ്പോലെ തീരുമാനമെടുക്കുന്ന പ്രധാനമന്ത്രിയെക്കാള്‍ മറ്റുള്ളവരുമായി ആലോചിച്ചു തീരുമാനമെടുക്കുന്നവരാണ് രാജ്യത്തിന് നല്ലതായിട്ടുള്ളത്. ഏറ്റവും കൂടുതല്‍ കാലം ഇന്ത്യ ഭരിച്ചിച്ചുള്ള പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജീവിതമെടുത്താല്‍ അത് സുവ്യക്തവുമാണ്. ആദ്യകാലങ്ങളില്‍ നെഹ്‌റു വാജ്‌പേയിയെപോലെയാണ് ഭരിച്ചത്. അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ വല്ലഭായ് പട്ടേല്‍, സി. രാജഗോപാലാചാരി, രാജ്കുമാരി അമൃതാകൗര്‍, മൗലാനാ ആസാദ് മറ്റുപാര്‍ട്ടിയില്‍ നിന്നുള്ള അംബേദ്കര്‍ തുടങ്ങി എക്കാലത്തെയും അതികായന്‍മാരായ നയ-ഭരണതന്ത്രജ്ഞരാണ് ഉണ്ടായിരുന്നത്. ഇവരില്‍ നിന്നെന്നാല്ലാം നെഹ്‌റു അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുമായിരുന്നു.
നെഹ്‌റുവിന്റെ രണ്ടാമൂഴം ഒന്നാമത്തേതുപോലെ മികച്ചതായിരുന്നില്ല. എങ്കിലും അതിന് അതിന്റേതായ നേട്ടങ്ങളും ഉണ്ടായിരുന്നു. ശാസ്ത്രഗവേഷണങ്ങള്‍ക്കായുള്ള സ്ഥാപനങ്ങളും ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളും ഈ കാലയളവിലാണ് ഇന്ത്യയില്‍ ഉണ്ടായത്. നെഹ്‌റുവിന്റെ അവസാന ഭരണ വര്‍ഷമായിരുന്നു ഏറ്റവും നിരാശാജനകം; അദ്ദേഹത്തിനും രാജ്യത്തിനും. അദ്ദേഹത്തെ വെല്ലുവിളിക്കാനോ ഉപദേശിക്കാനോ ആരുമുണ്ടായിരുന്നില്ല. അനിവാര്യമായ വലിയ പല ചരിത്ര തെറ്റുകളിലേക്കുമാണ് അത് വഴിവച്ചത്. കേരളത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ 1959ല്‍ പിരിച്ചുവിട്ടതും 1962 ലെ ഇന്തോ-ചൈന യുദ്ധവും അതില്‍ ഉള്‍പ്പെടുന്നു.
ഇന്ദിരാ ഗാന്ധിയെപ്പോലെ നരേന്ദ്രമോദിയും തന്റെ മന്ത്രിമാരില്‍നിന്ന് പൂര്‍ണ വിധേയത്വമാണ് ആഗ്രഹിക്കുന്നത്. അങ്ങനെ ആയിരിക്കുന്നതില്‍ മന്ത്രിമാര്‍ക്കും സന്തോഷമേയുള്ളൂ. അതുകൊണ്ടാണ് മറ്റുമന്ത്രാലയങ്ങളുടെ പേരില്‍ പ്രധാനമന്ത്രി ഒപ്പിട്ട പത്രക്കുറിപ്പുകള്‍ സമൃദ്ധമായി ഇറങ്ങുന്നതും അതിലൂടെ പ്രധാനമന്ത്രിയുടെ മഹത്വം പ്രഖ്യാപിക്കലും നടക്കുന്നത്. വാജ്‌പേയി ഒരിക്കലും തന്റെ മന്ത്രിമാരില്‍ നിന്ന് ഇത്തരം മുട്ടുകുത്തിവന്ദനം ആഗ്രഹിച്ചിരുന്നില്ല. കാബിനറ്റ് മന്ത്രിമാരില്‍നിന്ന് അകന്ന് ഒരു ഉയര്‍ന്ന സ്ഥാനത്താണ് നെഹ്‌റു ഇരുന്നിരുന്നതെങ്കിലും വാസ്തവം പറഞ്ഞാല്‍ നെഹ്‌റുപോലും തന്റെ സഹപ്രവര്‍ത്തകരുടെ മുട്ടുകുത്തി വന്ദനം ആഗ്രഹിച്ചിരുന്നില്ല.
നരേന്ദ്രമോദിയുടെ സ്വന്തം പ്രതിച്ഛായയും പൊതുയിടങ്ങളിലെ സ്വയംഅവതരണവും കണ്ടാല്‍ അദ്ദേഹം ശക്തനും ഏകാധിപനുമായ ഒരു ഭരണാധികാരിയാണെന്നു തോന്നും. ഉള്ളിലെ വ്യക്തിപ്രഭാവം പൊതുയിടങ്ങളില്‍ പ്രതിഫലിക്കുന്നതാണോയെന്ന് മനശ്ശാസ്ത്രജ്ഞര്‍വരെ അന്ധാളിക്കും. എന്തിനാണ് 56 ഇഞ്ച് നെഞ്ചളവുള്ള ഒരു വ്യക്തി എഴുതിത്തയാറാക്കാത്ത ഒരു പത്രസമ്മേളനത്തെ ഭയക്കുന്നത്. ഭരണത്തിലേറി ആറുവര്‍ഷത്തിനിടെ ഒരു പത്രസമ്മേളനം പോലും മോദി നടത്തിയിട്ടില്ലല്ലോ. അദ്ദേഹത്തിന്റെ ആന്തരിക ദൃഢവിശ്വാസം പുറമെകാണുന്നതിനേക്കാള്‍ കുറവായതുകൊണ്ടായിരിക്കുമോ? അതെന്തായാലും ഈ പാര്‍ട്ടിയുടെ, കാബിനറ്റിന്റെ, ഈ സര്‍ക്കാരിന്റെ കാര്യമെടുത്താല്‍ മോദി തീര്‍ച്ചയായും ശക്തനായ നേതാവാണ്. അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ മാത്രമേ നടക്കൂ.
മോദിയുടെ മാത്രം തെറ്റായ തീരുമാനമായ നോട്ടുനിരോധനവും അശ്രദ്ധയോടെ കൊണ്ടുവന്ന ജി.എസ്.ടിയും എല്ലാം ഏകപക്ഷീയമായാണ് പ്രധാനമന്ത്രി നടപ്പാക്കിയത്. മഹാമാരിയുടെ ആദ്യകാലങ്ങളില്‍ നടപ്പാക്കിയ ലോക്ക്ഡൗണും എല്ലാം പരാജയമായിരുന്നു. ഈ നടപടികള്‍ക്ക് ഒക്കെ മുന്നേ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. തീര്‍ച്ചയായും അവയെല്ലാം അവഗണിക്കപ്പെട്ടു. ഇതിനിടെ നമ്മുടെ ശക്തനായ പ്രധാനമന്ത്രി തീരുമാനമെടുത്ത നയങ്ങള്‍ കാരണം രാജ്യത്തെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നിരിക്കുകയാണ്. പണ്ടേ സങ്കീര്‍ണമായ നമ്മുടെ സാമൂഹികവ്യവസ്ഥയെ തകര്‍ത്തു. ലോകത്ത് ഇന്ത്യയുടെ നിലനില്‍പ്പ് തന്നെ അപഹാസ്യമാക്കി. കൊവിഡ്-19 മഹാമാരി വരുന്നതിനു മുന്‍പ് ഒരു കാര്യം വ്യക്തമായിരുന്നു, 2014ല്‍ നരേന്ദ്രമോദി അധികാരത്തില്‍ എത്തിയതിനുശേഷം ഇന്ത്യയുടെ കാര്യം തികച്ചും പരിതാപകരമായിക്കൊണ്ടിരിക്കുകയായിരുന്നു എന്ന്.
തന്റെ രണ്ടാംവരവില്‍ മന്‍മോഹന്‍സിങ് ബലഹീനനും ചാഞ്ചാടുന്നവനുമായിരുന്നു. അതിനുള്ള വിലയാണ് രാജ്യം കൊടുത്തുകൊണ്ടിരിക്കുന്നത്. ഒരു ഏകാധിപതിയുടെ വരവോടെ എല്ലാം ശരിയാവും എന്നുള്ളവര്‍ക്കുള്ള ഉത്തരമാണ് മോദി. അശക്തനായ ഒരു പ്രധാനമന്ത്രി തീര്‍ച്ചയായും ഒരു രാജ്യത്തിന്റെ ക്ഷേമത്തിന് ആപത്താണ്. അതിനേക്കാള്‍ ഏറെ ആപത്താണ് അതിശക്തനായ പ്രധാനമന്ത്രി.
(കടപ്പാട്: എന്‍.ഡിടിവി)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."