എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 98.11 ശതമാനം വിജയം
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. എസ്എസ്എല്‍സിക്ക് പുറമേ ടിഎച്ച്‌സ്എല്‍സി,ടിഎച്ച്‌സ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്), എസ്എസ്.എല്‍സി(ഹിയറിംഗ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ എഴുതിയവരില്‍ 98.11 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. കഴിഞ്ഞ വർഷത്തെക്കാൾ 0.27 ശതമാനം കൂടുതലാണ് ഇത്തവണത്തെ വിജയ ശതമാനം.
www.results.kite.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഫലമറിയാന്‍ സാധിക്കും. ഇതിനു പുറമേ keralapareeksahabhavan.in, sslcexam.kerala.gov.in, results.kerala.nic.in, prd.kerala.gov.in എന്നീ സൈറ്റുകളില്‍ നിന്നും പരീക്ഷഫലങ്ങള്‍ ലഭ്യമാണ്. ഇതിനു പുറമെ 'സഫലം 2019' എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാം. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നു 'Saphalam 2019' എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം
എസ്എസ്എല്‍സി(എച്ച്‌ഐ), ടിഎച്ച്‌സ്എല്‍സി (ഹിയറിംഗ് ഇംപേര്‍ഡ്) എന്നിവയുടെ ഫലം sslchiexam.kerala.gov.in എന്ന ലിങ്കിലും ടിഎച്ച്എസ്എല്‍സി ഫലം thslcexam.kerala.gov.in എന്ന ലിങ്കിലും ലഭ്യമാവും.
426513 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. 4,26,513 പേര്‍ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടി. 37334 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ തവണ 34311 വിദ്യാര്‍ഥികള്‍ക്കായിരുന്നു മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത്.
പത്തനംതിട്ടയാണ് ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള റവന്യൂ ജില്ല. പരീക്ഷയെഴുതിയ 99.3 ശതമാനം വിദ്യാര്‍ഥികളും ജില്ലയില്‍ വിജയിച്ചു. വയനാട്ടിലാണ് വിജയശതമാനം കുറവ്, 93.22 ശതമാനം. വിദ്യാഭ്യസ ജില്ലകളില്‍ കുട്ടനാട്ടിലാണ് ഏറ്റവും കൂടുതല്‍ വിജയം, 99.9 ശതമാനമാണ് വിജയം. 599 സർക്കാർ സ്കൂളുകള്‍ 100 ശതമാനം വിജയം നേടി.
പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ വിദ്യാഭ്യാസ മന്ത്രിക്കു പകരം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ ഷാജഹാനാണ് ഫലം പ്രഖ്യാപിച്ചത്. ഈ വര്‍ഷം ആര്‍ക്കും മോഡറേഷന്‍ നല്‍കിയിട്ടില്ല. ആരുടെയും ഫലം തടഞ്ഞുവച്ചിട്ടില്ല. ഈ മാസം 20 മുതൽ 25 വരെയാണ് സേ പരീക്ഷ. പരമാവധി മൂന്നു വിഷയങ്ങളാണ് സേ പരീക്ഷയില്‍ എഴുതാന്‍ സാധിക്കുക. നാളെ മുതല്‍ ഈ മാസം പത്ത് വരെ സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം. ജൂണ്‍ 5ന് സേ ഫലം പ്രസിദ്ധീകരിക്കും. ഈ വർഷത്തെ ഡിജിറ്റല്‍ സർട്ടിഫികറ്റ് സേ പരീക്ഷാ ഫലം വന്ന ശേഷം പ്രസിദ്ധീകരിക്കും.
കേരളത്തിലും ലക്ഷദ്വീപിലുമായി 2939 സെന്ററുകളില്‍ ഇത്തവണ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. ഗള്‍ഫിലെ സ്‌കൂളുകളില്‍ 495 പേര്‍ പരീക്ഷയെഴുതിയതില്‍ 489 പേര്‍ വിജയിച്ചു. ലക്ഷദ്വീപില്‍ 681 പേര്‍ പരീക്ഷ എഴുതി. ഇതില്‍ 599 പേര്‍ വിജയിച്ചു.
ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ, ടിഎച്ച്എസ്ഇ, ആർട്ട് ഹയർസെക്കൻഡറി പരീക്ഷാഫലം 8 ന് രാവിലെ 11ന് പ്രഖ്യാപിക്കും. www.dhsekerala.gov.in, www.keralaresults.nic.in എന്നീ സൈറ്റുകളിൽ ഫലം ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."