ഫ്‌ളാറ്റില്‍ നിന്ന് കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കിവിട്ടു; ഉപരോധവുമായി നാട്ടുകാര്‍
ശ്രീകാര്യം: ആക്കുളം നിഷിന് സമീപത്തെ സ്വകാര്യ ഫ്‌ളാറ്റിലെ കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കിവിട്ടത് വന്‍ പ്രതിക്ഷേധത്തിന് ഇടയാക്കി. ഇതില്‍ പ്രതിക്ഷേധിച്ച് നാട്ടുകാര്‍ ഫ്‌ളാറ്റിലെ ഗേറ്റുകള്‍ പൂട്ടിയിട്ടു. നിരവധി വീടുകളിലായി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കുന്നത്തോട് റോഡിലാണ് കക്കൂസിലെ മലിനജലം ഒഴുക്കിവിടുന്നത്.
ഇതിന് സമീപമാണ് സര്‍ക്കാര്‍ സ്ഥാപനമായ നിഷ് സ്ഥിതി ചെയ്യുന്നത്. റോഡിലൂടെ ഒഴുകുന്ന മലിനജലം നിഷ് കാംപസിനുള്ളിലേക്കാണ് ഒഴുകി എത്തുന്നതും. ഇതിനെതിരേ നാട്ടുകാര്‍ നിരവധി തവണ പരാതിനല്‍കിയെങ്കിലും ഫ്‌ളാറ്റ് അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടികളും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.
സ്ത്രീകളും കുട്ടികളും അടക്കം 300 ഓളം പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ശ്രീകാര്യം, തുമ്പ പൊലിസ് സ്റ്റേഷനുകളില്‍ നിന്ന് പൊലിസ് എത്തി നാട്ടുകാരുമായി സംസാരിച്ചുവെങ്കിലും നാട്ടുകാര്‍ വഴങ്ങിയില്ല. ഫ്‌ളാറ്റിന്റെ അധികൃതര്‍ എത്തി ഇതിന് സ്ഥിരമായ പരിഹാരം കാണതെ പിരിഞ്ഞു പോകില്ലെന്ന് നാട്ടുകാര്‍ ഒന്നടങ്കം തീരുമാനമെടുത്തു.
കഴക്കൂട്ടം അസിസ്റ്റ് കമ്മിഷണര്‍ അനില്‍ കുമാര്‍, തുമ്പ എസ്.ഐ. സി. പ്രതാപ് ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ പ്രതിനിധികളും ഫ്‌ളാറ്റ് അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഫ്‌ളാറ്റിനുള്ളില്‍ കെട്ടി നില്‍ക്കുന്ന കക്കൂസ് മാലിന്യം നഗരസഭയുടെ സഹായത്താല്‍ നീക്കം ചെയ്യാമെന്ന ഉറപ്പിന്‍മേല്‍ നാട്ടുകാര്‍ സമരം അവസാനിപ്പിച്ച് പിരിഞ്ഞുപോയി. ഇപ്പോള്‍ നൂറില്‍ താഴെ പേരാണ് ഫ്‌ളാറ്റില്‍ താമസിക്കുന്നത്.
പലരും ഫ്‌ളാറ്റ് വാങ്ങിയെങ്കിലും മാലിന്യ പ്രശ്‌നം കാരണം പല കുടുംബങ്ങളും ഇവിടെ താമസിക്കുന്നുമില്ല. നഗരസഭയുടെ ഹെല്‍ത്ത് സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."