ഇനിയില്ല, മിഅ്‌റാജ് രാവിലെ പാട്ടുകള്‍
ദാരിദ്ര്യം നിറഞ്ഞ വീട്ടില്‍ ഞങ്ങള്‍11 മക്കളായിരുന്നു. ഞാന്‍ അഞ്ചാമന്‍. തലശ്ശേരി മീന്‍മാര്‍ക്കറ്റില്‍ തൊഴിലാളിയായിരുന്ന ഉപ്പയുടെ വരുമാനം കൊണ്ട് ഞങ്ങള്‍ക്കെല്ലാവര്‍ക്കും കൂടി വിശപ്പടക്കാനായിരുന്നില്ല. എന്നെ സ്‌കൂളില്‍ പറഞ്ഞയക്കുന്നതിന് പകരം തീപ്പട്ടി കമ്പനിയിലേക്ക് അയച്ചു. തീപ്പെട്ടിക്കമ്പനിയില്‍ പൂളമരത്തിന്റെ തോലുപൊളിക്കുന്നതായിരുന്നു ജോലി. ഒരുദിവസം ജോലി ചെയ്താല്‍ നാലണ കിട്ടും. പതിനാറ് അണയാവണം ഒരു ഉറുപ്യ ആകണമെങ്കില്‍. കൂലി ആഴ്ചയിലും മാസത്തിലും ഒരിമിച്ചാണ് കിട്ടുക. കൂലിവാങ്ങുമ്പോള്‍ കമ്പനിക്ക് വൗച്ചറില്‍ ഒപ്പിട്ടു നല്‍കണം. 35 പേരാണ് ആകെ കമ്പനിയിലെ തൊഴിലാളികള്‍. ഇതില്‍ ഞാനും 75 വയസ്സുകാരി കല്യാണിയമ്മയും മാത്രം വൗച്ചറില്‍ വരലടയാളം പതിക്കും. കാരണം ഞങ്ങള്‍ക്കുമാത്രം ഒപ്പിടാനും എഴുതാനും വായിക്കാനുമറിയില്ലായിരുന്നു.
കരിങ്കല്‍ ക്വാറിയില്‍ കരിങ്കല്ലുടിച്ച് ചീളുകളാക്കുന്ന ജോലി. അരയിഞ്ച്, മുക്കായിഞ്ച് ഒക്കെയാക്കണം. ആഞ്ഞാഞ്ഞ് കരിങ്കല്ലില്‍ അടിച്ച് ഉടക്കണം. കരിങ്കല്ല് ചുമക്കാനും കൂടിയിട്ടുണ്ട്. കുട്ടയില്‍ കരിങ്കല്ല് കഷ്ണങ്ങള്‍ തലച്ചുമടേന്തും. അന്ന് വല്ലാത്ത വിശപ്പാണ്. കൂലികിട്ടിയാല്‍ നന്നായി ഭക്ഷണം കഴിക്കും. എത്ര കഴിച്ചിട്ടും കാര്യമില്ലെന്ന് എനിക്ക് മനസ്സിലായതാണ്. ശരീരം ചോരയും നീരുംവറ്റി അന്നും ഇന്നും ഇങ്ങനെ തന്നെയാണ്. ജീവിതത്തോട് തന്നെ ഒരുതരം മരവിപ്പ് തോന്നിയ കാലം. സ്‌കൂളിലേക്ക് പോകാതെ ജോലിക്ക് പോയിരുന്ന ഞാന്‍ ഒരു പാട്ടുകാരനായത് അത്ഭുതമാണ്. പടച്ച തമ്പുരാന്റെ അനുഗ്രഹം ഒന്നു കൊണ്ടുമാത്രമാണത്.
വലിയകത്ത് മൂസ
എരഞ്ഞോളി ഒരു സി.പി.എം പാര്‍ട്ടി ഗ്രാമമാണെന്ന് പറയുന്നതില്‍ തെറ്റില്ല. ജോലിക്ക് പോകുന്ന എന്നില്‍ പാട്ടിന്റെ വിത്തിട്ടത് ഉമ്മയാണ്. ഉമ്മ സബീന ബൈത്തുകളും പാട്ടുകളും പാടുമായിരുന്നു. ആ താളംഎന്നെ വല്ലാതെ പിടിമുറുക്കിയിരുന്നു. കല്യാണവീടുകളിലെ ഗ്രാമഫോണ്‍പാട്ടു കേട്ട് ജീവിതം ആഘോഷിച്ച കാലമായിരുന്നു. നെസാം ഭരതന്‍, പുഴക്കല്‍ അബൂട്ടി, ആശാരി വാസു തുടങ്ങിയ കൂട്ടുകാരോടൊപ്പം കറങ്ങി എരഞ്ഞോളിയിലും തലശ്ശേരിയിലും നല്ലൊരു സൗഹൃദമുണ്ടാക്കാന്‍ കഴിഞ്ഞു.
എരഞ്ഞോളി ഗ്രാമീണ കലാസമിതി എന്ന ഒരുനാടക ഗ്രൂപ്പുണ്ടായിരുന്നു. ജോലി കഴിഞ്ഞെത്തിയാല്‍ ഞാന്‍ അവിടെ ചുറ്റിപ്പറ്റിക്കൂടം. സഹായിയായും നടനായും അവരോടൊപ്പം നിന്നു. ചിലപ്പോഴൊക്കെ പാടാനും കഴിഞ്ഞു. അക്കാലത്ത് കല്യാണവീടുകളില്‍ ഗാനമേളകള്‍ ഉണ്ടാവാറുണ്ട്. ചെറിയ സെറ്റിപ്പിലാണ് ഉണ്ടാവുക. ഗാനമേള ഇല്ലാത്തിടത്ത് തെങ്ങിന്മേല്‍ കെട്ടി കോളാമ്പിയുണ്ടാകും. അവിടെത്തെ മൈക്കില്‍ പാട്ടുപാടാന്‍ ഞാന്‍ പലപ്പോഴും കെഞ്ചിയിട്ടുണ്ട്. മൈക്ക് സെറ്റുകാരന് അനുകമ്പ വന്നാല്‍ ഒരുപാട്ട് പാടാന്‍ അവസരം കിട്ടും.
തലശ്ശേരിയില്‍ ശ്രീനാരായണ ഗുരു ആശ്രമമുണ്ട്. അവിടെ ഗുരു ജയന്തി ആഘോഷത്തിന് ഗാനമേളയുണ്ടായിരുന്നു. നാട്ടുകാരന്‍ എന്ന നിലക്ക് എനിക്കും പാടാന്‍ അവസരം കിട്ടി. വലിയജനക്കൂട്ടമായിരുന്നു കണ്‍മുമ്പിലുണ്ടായിരുന്നത്. അന്നാണ് കരിങ്കല്ല് പോലെ ഉറച്ച എന്റെ മനസ്സ് ഇശലില്‍ ആദ്യം കുളിര്‍ത്തത്. പാട്ടുകാരനായിത്തീരണമെന്ന് അന്ന് മനസ്സിലുറപ്പിച്ചു. നാട്ടുകാര്‍ക്കിടയില്‍ വലിയകത്ത് മൂസ ഒരുപാട്ടുകാരനായി അതോടെ മാറി. അരിമുല്ലപ്പൂമണം ഉള്ളോളെ....അഴകിലേറ്റം ഗുണമുള്ളോളെ..എന്ന ഗാനമാണ് ആദ്യം പാടിയത്. പാടാന്‍കിട്ടിയ അവസരം, പാടിയ വേദി എല്ലാം ഒരു ഗുരുത്വമുളളത് പോലെ എനിക്ക് തോന്നി.
എരഞ്ഞോളി മൂസ
മകന്‍ പാട്ടുകാരനായി നടന്നപ്പോള്‍ ഉപ്പ ശാസിച്ചു. ഉമ്മ പ്രോല്‍സാഹിപ്പിച്ച് കൂടെ നിന്നു. കിട്ടുന്ന അവസരങ്ങള്‍ മുതലെടുത്ത് ഉച്ചത്തില്‍ പാടി. റേഡിയോയില്‍ പാടണമെന്നായിരുന്നു മോഹം. ആകാശവാണിയില്‍ കെ.രാഘവന്‍ മാഷുണ്ട്. ഒ.അബു എഴുതിയ നാല് പാട്ടുകളുമായി രാഘവന്‍ മാഷുടെ മുമ്പിലെത്തി. പാട്ടുപാടാന്‍ അവസരം കിട്ടി. മകന്‍ റേഡിയോയിലും പാടിനടക്കുന്ന വാര്‍ത്തയറിഞ്ഞ് ഉപ്പ എന്നെ കമ്പനിയിലേക്ക് തന്നെ ഓടിച്ചു. പക്ഷെ മോഹം തല്ലിക്കെടുത്താന്‍ ഞാന്‍ അനുവദിച്ചില്ല. എം.എസ് ബാബുരാജ്, കണ്ണൂര്‍ രാജന്‍ എന്നിവരുടെ പാട്ടുകള്‍ കേട്ട് പഠിച്ചു. വലിയകത്ത് മൂസ എന്ന പേര് കെ.രാഘവന്‍ മാസ്റ്റര്‍ എരഞ്ഞോളി മൂസ എന്നാക്കി. അവസരങ്ങള്‍ കൈവന്നെങ്കിലും പലപ്പോഴും ജീവിക്കാന്‍വേണ്ടി തലശ്ശേരി അങ്ങാടിയില്‍ അരിച്ചാക്കുകള്‍ പേറേണ്ടി വന്നു. ഇതിനിടയില്‍ പാട്ടുകാരന്‍ ശരത്ചന്ദ്ര മറാഠേയില്‍ നിന്ന് ഹിന്ദുസ്ഥാനിയും തിരുവങ്ങാട് കുഞ്ഞിക്കണ്ണന്‍ ഭാഗവതരില്‍നിന്ന് കര്‍ണാടകസംഗീതവും അഭ്യസിച്ചു.
1972-ല്‍ തലശ്ശേരി ഫ്രണ്ട്‌സ് ഓര്‍ക്കസ്ട്രയിലാണ് സ്ഥിരം പാട്ടുകാരാനയത്. എരഞ്ഞോളി മൂസ എന്ന ഗായകന്‍ ഗാനമേളകളില്‍ സജീവമാകുന്ന കാലഘട്ടമാണ്. തിരക്ക് വര്‍ധിച്ചതോടെ പണമായി. വന്നവഴിയില്‍ ലഹരിക്ക് അടിമയായി. കിട്ടന്നതിന് കുടിച്ച് കൂട്ടുകാരോടൊപ്പം കൂടിയാടി. സമ്പാദ്യമുണ്ടായിട്ടും എന്റെ ജീവിതത്തിലെ പട്ടിണി തന്നെ എന്റെ മക്കള്‍ക്കുമുണ്ടായി. ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ അന്തിയുറങ്ങിയ എന്റെ ഭാര്യയും മക്കളും. ആ രംഗം കണ്ടതുമുതലാണ് ഞാന്‍ തൗബ ചെയ്തു മടങ്ങിയത്. പിന്നെ ദീര്‍ഘകാലം സിഗരറ്റായിരുന്നു കൂട്ടിന്. ഒടുവില്‍ അവനേയും ഉപേക്ഷിച്ചു.
മിഅറാജ് രാവിലെ കാറ്റേ......
മരുഭൂ തണുപ്പിച്ച കാറ്റേ
കരളില്‍ കടക്കുന്ന കടലായി തുടിക്കുന്ന
കുളിരില്‍ കുളിര്‍ക്കുന്ന കാറ്റേ...'
എനിക്ക് പടച്ചവന്‍ തന്ന തൊണ്ട പാടാനുളളതാണ്. അത് മരണം വരെ പാടണമെന്നാണ് ചിന്ത. വയസ്സ് എഴുപത്തിയഞ്ചായിട്ടും പാടാനാകുന്നത് വലിയ അനുഗ്രഹമാണ്. പാട്ട് പാടുക എന്നത് മാത്രമല്ല മികച്ച ഗാനങ്ങള്‍ പാടാനായതാണ് എനിക്ക് കിട്ടിയ ഭാഗ്യം. ഒ.അബു, പി.ടി. അബ്ദുറഹ്മാന്‍, പി.എം. അബ്ദുല്‍ ജബ്ബാര്‍, കാനേഷ് പൂനൂര്‍, ജമാല്‍ കൊച്ചങ്ങാടി, പ്രേം സൂറത്ത്, കെ.ടി. മുഹമ്മദ് കുട്ടി, ശ്രീമൂലനഗരം വിജയന്‍ തുടങ്ങിയ നിരവധി പേരുടെ രചനകള്‍, കെ.രാഘവന്‍, കണ്ണൂര്‍ രാജന്‍, കോഴിക്കോട് അബ്ദുല്‍ ഖാദര്‍, ചാന്ദ്പാഷ, ഹംസ വളാഞ്ചേരി, എസ്.എം. കോയ, ഇസ്മായില്‍ മട്ടാഞ്ചേരി തുടങ്ങിയവരുടെ ഈണങ്ങളില്‍ ഒരായിരം പാട്ടുകള്‍. എല്ലാം ഹിറ്റുഗാനങ്ങള്‍.
ഇസ്‌ലാമിക ചരിത്രങ്ങളും, കര്‍മങ്ങളും പാട്ടിലൂടെ ബോധവല്‍കരിക്കുന്ന ഒരിപിടി ഗാനങ്ങള്‍ പാടാനായി. പുതിയ പാട്ടുകാര്‍ മാപ്പിളപ്പാട്ടുകളെ വധിക്കരുതെന്നാണ് എനിക്ക് പറയാനുളളത്. പുതിയ നിരവധി ഗായകര്‍ വരുന്നെങ്കിലും ആരും വേദികളില്‍ സ്ഥിരം നില്‍ക്കുന്നില്ല. കാരണം ഖല്‍ബില്‍ തട്ടുന്ന പാട്ടുകള്‍ വേണം പാടി പ്രതിഫലിപ്പിക്കാന്‍. അവ ജനങ്ങള്‍ സ്വീകരിക്കും. അല്ലാത്തവ പുറം തളളും.1972ല്‍ പാടിയ പാട്ടാണ് മിഅ്‌റാജ് രാവിലെ കാറ്റേ..എന്ന പാട്ട്. അതിന്നും വേദികളില്‍ പാടുന്നു. സദസ്യര്‍ പാടിപ്പിക്കുന്നു. യഥാര്‍ഥ പാട്ടിന്റെ ശക്തിയാണത്.
പാണക്കാട് തങ്ങളുടെ സ്‌നേഹാളനം
പാണക്കാട് ബാഫഖി തങ്ങള്‍, മുഹമ്മദലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരുടെ തലോടലും പ്രോല്‍സാഹനവും എന്റെ പാട്ടുജീവിതത്തിന് കരുത്ത് പകര്‍ന്നിട്ടുണ്ട്. സീതിസാഹിബ് മരണപ്പെട്ട ദിവസം തലശ്ശേരിയില്‍ അനുശോചനയോഗം പൊതുയോഗം. അവിടെ ഒരു അനുശോചന ഗാനം പാടണമെന്ന് പറഞ്ഞിരുന്നു. പൊലിസ് ഉദ്യോഗസ്ഥനും കവിയുമായ ഹംസയാണ് പാട്ടെഴുതി എന്നെ ഏല്‍പ്പിച്ചത്. ഹംസ മാപ്പിളപ്പാട്ട് എഴുത്തുകാരനും ഇശലുകളെ സ്‌നേഹിക്കുന്നയാളുമാണ്. കരയുന്നു..കരയുന്നു..എന്‍മാനസം എന്ന വരികളാണ് ഹംസ എഴുതി തന്നത്. ഞാന്‍ വേദിയില്‍ കയറി. ബഫഖിതങ്ങള്‍, ഇബ്രാഹീം സുലൈമാന്‍ സേട്ട്, സി.എച്ച് മുഹമ്മദ് കോയ, ജി.എം.ബനാത്ത് വാല, തുടങ്ങി മുസ്ലിംലീഗിന്റെ പ്രമുഖര്‍ ഇരിക്കുന്ന വേദിയിലാണ് പാടുന്നത്. പാടി തീര്‍ന്നതും ബാഫഖി തങ്ങള്‍ ചേര്‍ത്ത് പിടിച്ചു. പിന്നീടാണ് അറിയുന്നത് ബാഫഖി തങ്ങള്‍ക്ക് എന്റെ പല ഗാനങ്ങളും ഇഷ്ടമായിരുന്നുവെന്ന്.
കോഴിക്കോട് വച്ച് പ്രവാസിയായ ഗള്‍ഫാര്‍ മുഹമ്മദലിയുടെ മകളുടെ വിവാഹം. ഇശലു പാടാന്‍ ഞങ്ങളുടെ മാപ്പിളപ്പാട്ടു സംഘമുണ്ട്. പാട്ടുപാടി ഞാന്‍ ഒന്നുപുറത്തിറങ്ങി. സിഗരറ്റ് പുകക്കണം. സിഗരറ്റ് വലിച്ചൂതുന്നതിനിടയില്‍ എന്റെ മുമ്പില്‍ ഒരുകാര്‍ വന്നുനിന്നു. കാറിന്റെ ഗ്ലാസ്സ് താഴ്ന്നപ്പോഴാണ് ഞാന്‍ അഥിതിയെ കണ്ട് ഞെട്ടിയത്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍. എരിഞ്ഞ സിഗരറ്റ് നിലത്തേക്ക് ഇട്ടു. കാറില്‍ നിന്ന് തങ്ങളുടെ വലതു കൈ എന്റെ കഴുത്തിലേക്ക് നീണ്ടു. പിന്നെ മെല്ലേ തടവി പറഞ്ഞു. ഈ തൊണ്ടയില്‍ നിന്ന് ഒരുപാട് കേള്‍ക്കാനുളളതാണ്. അത് നശിപ്പിച്ചുകളയല്ലെ.. ഞാന്‍ വല്ലാതെയായിപ്പോയി. എന്റെ പാട്ടുകളെ കുറിച്ച് അദ്ദേഹം പിന്നീട് വാചാലനായി. കത്തിയെരിയുന്ന സിഗരറ്റിനെ അന്ന് മുതലാണ് ഞാനകറ്റി നിര്‍ത്തിയത്.
അറം പറ്റിയ പാട്ടുപോലെ
പ്രേംസൂറത്തിന്റെ മരണം,
കെട്ടുകള്‍ മൂന്നും കെട്ടി
കട്ടിലില്‍ നിന്നേയുമേറ്റി
ഒരുദിനമുണ്ട് യാത്ര...
തീരെ മടങ്ങാത്ത യാത്ര...
പ്രതിഭകള്‍ക്ക് പലപ്പോഴും അല്‍പ്പായസ്സാണെന്ന് പറയാറുണ്ട്. മോയീന്‍കുട്ടിവൈദ്യര്‍ നാല്‍പത് വര്‍ഷം മാത്രമാണ് ജീവിച്ചത്. പ്രേംസൂറത്ത് എന്ന കവിയുടെ, എഴുത്തുകാരന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. കോഴിക്കോട് പുതിയ കാസറ്റ് റെക്കോര്‍ഡിംഗിനെത്തിയതാണ് ഞാന്‍. ഒരു കടലാസു നല്‍കി പ്രേംസൂറത്തിനോട് എഴുതാന്‍ പറഞ്ഞു. അധികം വൈകാതെ എനിക്ക് കടലസ് മടക്കി നല്‍കി. കെട്ടുകള്‍ മൂന്നും കെട്ടി......ഖബറിലേക്കുളള അവസാന യാത്രയെ കുറിച്ചാണ് പാട്ട്. റെക്കോര്‍ഡിംഗ് കഴിഞ്ഞു ഞങ്ങള്‍ പുറത്തിറങ്ങി. പെട്ടെന്ന് പ്രേംസൂറത്തിനൊരു നെഞ്ചുവേദന.റെക്കോര്‍ഡിംഗ് സ്റ്റുഡിയോക്ക് സമീപമുളള ആശുപത്രിയില്‍ എന്റെ നിര്‍ബന്ധത്തിന് കയറി. ഡോക്ടര്‍ മരുന്നിനെഴുതി. വിശ്രമം ആവശ്യപ്പെട്ടു. ഏഴാം ദിവസം രാവിലെ എനിക്ക് ഫോണ്‍വന്നു. പ്രേംസൂറത്ത് മരിച്ചിരിക്കുന്നു.
റെക്കോര്‍ഡ് ചെയ്ത പാട്ടുകേള്‍ക്കും മുന്‍പേ പാട്ടില്‍ പറഞ്ഞതുപോലെ അദ്ദേഹം യാത്രയായി. അറം പറ്റിയത് പോലെയെന്ന് പലരു പറഞ്ഞു. അതുകേട്ട് ഞാനും ഒന്നു ഭയന്നു. പക്ഷെ ആ ഗാനം കേട്ട് നിരവധി പ്രതിഭകള്‍ മികച്ച പാട്ടെന്ന് പറഞ്ഞിട്ടുണ്ട്. മരണത്തിലേക്കുളള യാത്രയും ഖബറും മനുഷ്യനെ ഓര്‍മിക്കുന്ന പാട്ടിനെക്കുറിച്ച് പറഞ്ഞവര്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ തൊട്ട് ചലച്ചിത്ര താരം മമ്മുട്ടിവരെയുണ്ട്. അതുപോലെ അതുല്യപ്രതിഭയായിരുന്നു ചാന്ദ്ഭാഷ. ചിലപാട്ടുകള്‍ സെലക്ട് ചെയ്ത് ഇത് മൂസ പാടണമെന്ന് പറയും. പക്ഷെ മരണം വരെ കൈയില്‍ ഒന്നുമില്ലാതെ മടങ്ങിയ കലാകാരനാണ് ചാന്ദ്പാഷ.
കപ്പലേറി ദുബൈയില്‍,
വിമാനം കയറി നാട്ടില്‍
നാട്ടില്‍ നിന്ന് ആദ്യം ഗള്‍ഫിലേക്ക് പരിപാടിക്ക് പോകുന്നത് മുംബൈയില്‍ നിന്ന് കപ്പലിലാണ്.1974 ഡിസംബര്‍ ഒന്നിന് ഞാനടക്കം അഞ്ചംഗസംഘം പത്തേമാരിയില്‍ ഖോര്‍ഫക്കാനിലിറങ്ങി. ഇതിനു മുമ്പ് എം.എസ്. ബാബുരാജും മൂന്നംഗ സംഘവും യു.എ.ഇ.യില്‍ മാപ്പിളപ്പാട്ട് അവതരിപ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് വേണ്ടി ഒരുമാസത്തേക്ക് വിവധ സ്ഥലങ്ങളിലാണ് മാപ്പിളപ്പാട്ട് മേളകള്‍ സംഘടിപ്പിക്കുന്നത്. ദുബൈ കഴിഞ്ഞാല്‍ പിന്നെ ബഹ്‌റൈയിനിലേക്കാണ്. അത് വിമാനം കയറിയാണ് പോയത്. എന്റെ ആദ്യവിമാന യാത്ര ദുബൈയില്‍ നിന്ന് ബഹ്‌റൈനിലേക്കാണ്. പിന്നീട് ഡിസംബര്‍31ന് അര്‍ധരാത്രിയാണ് ബഹ്‌റൈനില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചുപോരുന്നത്. മുംബൈയില്‍ വന്നിറങ്ങുമ്പോള്‍ ന്യൂഇയര്‍ കാഴ്ചയാണ് കാണുന്നത്.
454 തവണ പാട്ടുപാടാനായി ഗള്‍ഫുനാടുകളിലെത്തി. ഓരോ തവണ വരുമ്പോഴും ഓരോ പുതിയ അനുഭവമാണ്. ആദ്യകാലങ്ങളില്‍ എട്ടും പത്തും പാട്ടുകള്‍ ഒരുവേദിയില്‍ പാടിയിരുന്നു. ഇന്ന് രണ്ടോ മൂന്നോ പാട്ടുകള്‍ മാത്രം പാടും. ശേഷിക്കുന്നവ കൂടെയുള്ള പുതിയ ഗായകരെ കൊണ്ട് പാടിക്കും. ജീവിക്കാന്‍ പ്രാപ്തനാക്കിയതും വീടുവച്ചതും കുടുംബം പോറ്റിയതും ഇന്ന് അല്ലലില്ലാതെ മുന്നോട്ടുപോകാന്‍ സഹായിക്കുന്നതും ഈ പാട്ടാണ്. അതില്‍ റബ്ബിനെ സ്തുതിക്കുന്നു.
മക്കാ മണല്‍ തട്ടില്‍ ഞാനെത്തും നേരത്ത്..,എന്ന ഗാനം പാടിയ എനിക്ക് മക്കയിലും മദീനയിലും എത്താനായി. വര്‍ഷങ്ങളായി റമസാനിലെ അവസാനപത്ത് നോമ്പും പെരുന്നാളും അറബി നാട്ടിലാണ്. ആയതിനാല്‍ പ്രവാസിയല്ലാതിരിന്നിട്ടും പ്രവാസികളെപ്പോലെ നാടിവിട്ട് പെരുന്നാള്‍ ആഘോഷിക്കുകയാണ് ഞാന്‍.
മാപ്പിളപ്പാട്ടിന്റെ സംസ്‌കാരം
പുരുഷാന്തരങ്ങള്‍ക്ക് പൗരുഷം നല്‍കിയ
പുരുഷന്റെ കഥകള്‍ പറഞ്ഞാട്ടെ..
നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി വേദികളില്‍ പാടുമ്പോള്‍ പാട്ടുകാരന് ഒരു ഉത്തരവാദിത്വമുണ്ടെന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍. വിശപ്പിന്റെയും വേദനയുടെയും വിളികേട്ട് വന്നവനാണ്. ജീവിതത്തില്‍ തോറ്റുപോയെന്ന് തോന്നിയ നിമിഷങ്ങളില്‍ സഹനം കൊണ്ട് ജീവിതത്തെ തിരിച്ചു പിടിച്ചവനാണ്. എന്നാല്‍ ചില പുതിയ പാട്ടുകാര്‍ മാപ്പിളപ്പാട്ടിനെ ഇല്ലായ്മ ചെയ്യുകയാണ്. പുതിയ നിരവധി ഗായകര്‍ വരുന്നെങ്കിലും ആരും വേദികളില്‍ സ്ഥിരം നില്‍ക്കുന്നില്ല. ജനങ്ങള്‍ പുതിയ ഗായകരെ സ്വീകരിക്കാത്തതല്ല പ്രശ്‌നം. നല്ല ഗാനങ്ങള്‍ അവര്‍ തേടിപ്പോവാത്തതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."