ഭര്‍ത്താവും ബന്ധുക്കളും മര്‍ദിച്ചതായി പരാതി; പൊലിസ് കേസ് എടുക്കാന്‍ വൈകിയെന്ന് ആക്ഷേപം
ചവറ: ഭര്‍ത്താവിന്റെ വീട്ടിലെത്തിയ യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ഉപദ്രവിക്കുകയും വീട്ടില്‍ നിന്നും ബലമായി ഇറക്കി വിട്ടതായി പരാതി. സംഭവത്തിനുശേഷം ചവറ പൊലിസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയ യുവതിക്ക് നീതി ലഭിച്ചില്ലെന്നും ആരോപണം.
തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിനി അജിതയാണ് പരാതിക്കാരി. ഇന്നലെ ഉച്ചയോടെ ഭര്‍ത്താവ് പുത്തന്‍ചന്ത സ്വദേശി വിജീഷ് വിജയന്റെ വീട്ടിലാണ് യുവതിയും ഇവരുടെ ഏഴു വയസുള്ള മകളും അമ്മയുമായി എത്തിയത്.
വിജീഷ് മറ്റൊരു വിവാഹം കഴിച്ചുവെന്ന വിവരത്തെ തുടര്‍ന്നാണ് അജിത ഭര്‍ത്താവിന്റെ വീട്ടിലെത്തിയത്.
എന്നാല്‍ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് തന്നെ ശാരീരികമായി ഉപദ്രവിച്ചെന്ന് പൊലിസിനു നല്കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ പരാതി പറയാന്‍ എത്തിയ തന്നെ ചവറ സി.ഐ തല്ലാന്‍ കൈ ഓങ്ങിയതായും നിന്നെ തൃശൂരില്‍ നിന്നും പൊക്കാന്‍ എനിക്ക് അറിയാമെന്നും പറഞ്ഞ് സി.ഐ മോശമായി പെരുമാറുകയും കേസെടുക്കാതെ സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങുവാന്‍ പറഞ്ഞുവെന്ന് ആരോപിച്ച് യുവതി സോഷ്യല്‍ മീഡിയ വഴി സംഭവം പുറം ലോകത്തെത്തിച്ചു.
ഇതോടെ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചവറ പൊലിസ് കേസെടുത്തു. അജിതയും വിജീഷും 2009ല്‍ ആണ് വിവാഹിതരായത്. എന്നാല്‍ ഇരുവരും തമ്മില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകുകയും തുടര്‍ന്ന് കോടതിയില്‍ കേസ് നിലനില്ക്കുകയുമാണെന്ന് പൊലിസ് പറഞ്ഞു.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെതിരെയും ബന്ധുക്കള്‍ക്കെതിരെയും ചവറ പൊലിസ് കേസെടുത്തു. എന്നാല്‍ കോടതിയില്‍ ഒരു കുടുംബ പ്രശ്ന കേസ് നിലനില്കുന്നതിനാല് ഉപദ്രവിച്ചതിന് കേസെടുക്കാമെന്ന് പറഞ്ഞിട്ടും യുവതി ചെവിക്കൊണ്ടില്ലായെന്നും അവരോട് അപമര്യാദയോട് പെരുമാറിയിട്ടില്ലെന്നും ചവറ സി.ഐ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."