ഇതാണു പൊലിസ്..
കൊട്ടിയം: പകര്‍ച്ചവ്യാധി ഭീഷണിയില്‍ മലിനജലത്തിന് നടുവില്‍ ദുരിത ജീവിതം നയിച്ച പാവങ്ങള്‍ക്ക് കൈത്താങ്ങേകി ഇരവിപുരം പൊലിസ്.
കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടായി മാറിയ ഇരവിപുരം വടക്കുംഭാഗം ചേരിയിലെ പത്തോളം കുടുംബങ്ങളുടെ ദുരിതമാണ് ഇരവിപുരം പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ കൂട്ടായ്മയില്‍ പടിയിറങ്ങിയത്.
മഴ മാറിയിട്ടും ഈ പ്രദേശത്ത് നിന്നും വെള്ളമിറങ്ങിയിരുന്നില്ല. രണ്ടാഴ്ചയിലേറെയായി കെട്ടിക്കിടന്ന് മലിനമായ ജലത്തിന് നടുവില്‍ അസഹനീയമായ ദുര്‍ഗന്ധം സഹിച്ച് പകര്‍ച്ചവ്യാധി ഭീതിയിലാണ് ഇവര്‍ കഴിഞ്ഞ് വന്നത്. ഇവരുടെ ദുരിത ജീവിതം മനസിലാക്കിയ ഇരവിപുരം പൊലിസ് ഇന്‍സ്പെക്ടര്‍ ബി. പങ്കജാക്ഷന് വിവിധ വകുപ്പുകളെ സഹകരിപ്പിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളാണ് ദുരിതക്കയമൊഴിയാന് സഹായകമായത്.
കടപ്പാക്കട ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കെട്ടിക്കിടന്ന മലിനജലം സമീപത്തെ കായലിലേക്ക് ഒഴുക്കിവിട്ടു.
തുടര്‍ന്ന് ആരോഗ്യ വകുപ്പ്, വില്ലേജധികൃതര്‍ എന്നിവരുടെ സഹകരണത്തോടെ പ്രദേശത്ത് ശുചീകരണ പ്രവര്‍ത്തനങ്ങളും പ്രതിരോധ മരുന്ന് വിതരണവും നടത്തി.
മലിന ജലം കലര്‍ന്നതു കാരണം പ്രദേശത്തെ കിണറുകള്‍ ഉപയോഗശൂന്യമായിരുന്നു. വ്യാപാരി വ്യവസായ സമിതി ഇരവിപുരം യൂനിറ്റും പൊലിസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇവര്‍ക്കാവശ്യമായ കുടിവെള്ളം ലഭ്യമാക്കിയത്. കാക്കിക്കുള്ളിലെ കരുതലിന് നിറഞ്ഞ മനസ്സോടെ നന്ദി പറയുകയാണ് ഇവിടുത്തെ കുടുംബങ്ങള്‍.
എസ്.ഐമാരായ സുജാതന്‍ പിള്ള, ശ്രീകുമാര്‍, സുരേഷ് ബാബു, എ എസ് ഐമാരായ ലഗേഷ്, ജോയി ആല്‍ബര്‍ട്ട്, ഹരികുമാര്‍, സി.പി.ഒ മാരായ സജിത്ത്, അനില്‍, ശിവകുമാര്‍, അമല്‍ രാജ്, ഫയര്‍ ഓഫിസര്‍ സുരേഷ് എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."