'നെല്ലായ വില്ലേജിനെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിക്കണം'
നെല്ലായ: ശക്തമായ മഴയിലും പ്രളയത്തിലും നെല്ലായ വില്ലേജിലെ നിരവധി വീടുകള്‍ പൂര്‍ണമായും നിരവധി വീടുകള്‍ ഭാഗികമായും തകര്‍ന്നതിനെ തുടര്‍ന്ന് ഈ പ്രദേശത്തെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നൂറോളം വീടുകളില്‍ വെള്ളം കയറി നിരവധി പേര്‍ മാറി താമസിക്കേണ്ടി വന്നു.
ഹെക്ടര്‍ കണക്കിന് കൃഷിയും നശിച്ചു. പി.കെ ശശി എം.എല്‍.എ സാന്നിധ്യത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ചുരുങ്ങിയത് അഞ്ചുകോടി രൂപയുടെ നാശനഷ്ടം ഉണ്ടെന്ന് വിലയിരുത്തി. എന്നാല്‍ സര്‍ക്കാര്‍ പ്രളയബാധിത വില്ലേജുകളുടെ പട്ടിക പുറത്തിറക്കിയപ്പോള്‍ അതില്‍ നെല്ലായ വില്ലേജിന്റെ പേര് ഉള്‍പ്പെട്ടതായി കാണുന്നില്ല.
നെല്ലായ വില്ലേജിനെ കൂടി പ്രളയബാധിത വില്ലേജായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നെല്ലായ പഞ്ചായത്ത് കമ്മിറ്റി നെല്ലായ വില്ലേജ് ഓഫിസര്‍ മുഖേന ഒറ്റപ്പാലം തഹസില്‍ദാര്‍ക്ക് നിവേദനം നല്‍കി.
ഇത്രയും ദുരിതപൂര്‍ണമായ അവസ്ഥയുണ്ടായിട്ടും ദുരന്ത ബാധിത വില്ലേജുകളുടെ പട്ടികയില്‍ നെല്ലായ ഉള്‍പ്പെടാതെ പോയത് ഉത്തരവാദിത്തപ്പെട്ടവരുടെ വീഴ്ചയാണെന്നും അതില്‍ ശക്തിയായി പ്രതിഷേധിക്കുന്നുവെന്നും യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.
പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ മേലാടയില്‍ വാപ്പുട്ടി, കളത്തില്‍ മാന, മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.എ നാസര്‍, എം.എ റസാഖ്, മാടാല മുഹമ്മദലി, പി.ടി. സന്തോഷ്, ഉനൈസ് മാരായമംഗലം, പി.കെ. ബഷീര്‍, ഹരിദാസ് പങ്കെടുത്തു.
നേരത്തെ യു.ഡി.എഫ് മെംബര്‍മാരുടെ ആവശ്യ പ്രകാരം ഗ്രാമ പഞ്ചായത്ത് ബോര്‍ഡ് നെല്ലായയെ പ്രളയബാധിത വില്ലേജ് ആയി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഐക്യകണ്‌ഠേന പ്രമേയം പാസാക്കി ഡി.ഡി.പിക്ക് അയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."