അപ്നാഘറിലെ സേവനങ്ങള്‍ മാതൃകാപരം: മന്ത്രി ചന്ദ്രശേഖരന്‍
പാലക്കാട്: ജില്ലയില്‍ കാലവര്‍ഷത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപായി പ്രവര്‍ത്തിക്കുന്ന അപ്നാഘറിലെ സേവനങ്ങള്‍ മാതൃകാപരമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. മറ്റ് ജില്ലകളില്‍ ദുരന്ത നിവാരണ ഷെല്‍റ്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അപ്നാഘര്‍ പോലുള്ള സ്ഥാപനങ്ങള്‍ അപ്രതീക്ഷിത ദുരന്തങ്ങള്‍ നേരിടുമ്പോള്‍ ജനങ്ങള്‍ക്ക് സുരക്ഷിത ഇടതാവളം ഒരുക്കാന്‍ സഹായകമാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
ജില്ലയിലെ മഴക്കെടുതി അവലോകന യോഗത്തിന് ശേഷമാണ് കഞ്ചിക്കോട് അപ്നാഘര്‍ ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ചത്. മന്ത്രി എ.കെ ബാലനും സന്ദര്‍ശനത്തിനായി ഒപ്പമുണ്ടായിരുന്നു.
സന്ദര്‍ശനവേളയില്‍ മന്ത്രിമാര്‍ അപ്നാഘറില്‍ അഭയും പ്രാപിച്ചവരുടെ സുഖവിവരങ്ങള്‍ ചോദിച്ചറിഞ്ഞു. അടുക്കള ഉള്‍പ്പെടെ സന്ദര്‍ശിച്ച ശേഷം ലഘുഭക്ഷണം കഴിച്ചശേഷമാണ് മന്ത്രിമാര്‍ മടങ്ങിയത്.
എം.എല്‍.എമാരായ ഷാഫി പറമ്പില്‍, കെ.വി വിജയദാസ്, ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, എ.ഡി.എം ടി.വിജയന്‍, വിവിധ വകുപ്പ് മേധാവികള്‍, രാഷ്ട്രീയസാമൂഹിക പ്രവര്‍ത്തകര്‍ പങ്കെടുത്തു. തുടര്‍ന്ന് എടത്തറ ദുരന്തബാധിത പ്രദേശങ്ങളും മണ്ണാര്‍ക്കാട് കോട്ടോപ്പാടം കരടിയോട് ഉരുള്‍പൊട്ടല്‍ മേഖലയിലും റവന്യു മന്ത്രി സന്ദര്‍ശനം നടത്തി. പുഴ കവര്‍ന്ന എടത്തറ ചന്ദ്രശേഖരപുരം അഗ്രഹാരത്തിലെ അമ്പലത്തിന്റെ സമീപപ്രദേശത്തുള്ളവര്‍ നഷ്്ടങ്ങളുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് മന്ത്രിക്ക് നിവേദനം കൈമാറി. എം.എല്‍.എമാരായ കെ.വി വിജയദാസ്, ഷാഫി പറമ്പില്‍, പറളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഗിരിജ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശനത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."