HOME
DETAILS
MAL
ഖജനാവ് കാലി, ചെലവ് ചുരുക്കി സര്‍ക്കാര്‍
backup
September 17 2020 | 03:09 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ചെലവു ചുരുക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതികളുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ തീരുമാനം.
വാടകയ്ക്ക് എടുത്ത വാഹനങ്ങളുടെ വിവരങ്ങള്‍ ധനകാര്യ വകുപ്പിന്റെ വെബ് സൈറ്റില്‍ ലഭ്യമായ 'വീല്‍സ്' എന്ന വെബ് അധിഷ്ഠിത വെഹിക്കിള്‍ മാനേജ്‌മെന്റ് സിസ്റ്റത്തില്‍ രേഖപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തിലേ ഇനിമുതല്‍ സര്‍ക്കാര്‍ വാഹനങ്ങളുടെ വാങ്ങല്‍, പരിപാലനം, വില്‍പന, അവക്കാവശ്യമായ ജീവനക്കാരുടെ നിയമനം, തസ്തിക സൃഷ്ടിക്കല്‍ എന്നിവ നടത്തുകയുള്ളൂ. വരുന്ന ഒരു വര്‍ഷക്കാലത്തേക്ക് സര്‍ക്കാര്‍ കെട്ടിടങ്ങളുടെ മോടിപിടിപ്പിക്കല്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഓഫിസുകളിലും ഫര്‍ണിച്ചര്‍ വാങ്ങല്‍, വാഹനങ്ങള്‍ വാങ്ങല്‍ എന്നിവ അനുവദിക്കില്ല. ഔദ്യോഗിക ചര്‍ച്ചകള്‍, യോഗങ്ങള്‍, പരിശീലനങ്ങള്‍, ശില്‍പശാലകള്‍, സംവാദങ്ങള്‍ തുടങ്ങിയ പരിപാടികളെല്ലാം ഇനി ഓണ്‍ലൈനാക്കും. ഔദ്യോഗിക യാത്രാ ചെലവുകളുടെ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനും പരിശോധിച്ചു പണം നല്‍കുന്നതിനും ഏകീകൃത ഓണ്‍ലൈന്‍ സംവിധാനം രണ്ടു മാസത്തിനകം ഏര്‍പ്പെടുത്തും. വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രവൃത്തിയുടെയും മറ്റും ബില്ലുകള്‍ നവംബര്‍ ഒന്നു മുതല്‍ ബില്‍ ഡിസ്‌കൗണ്ടിങ് സംവിധാനത്തിലേക്ക് മാറ്റും. എല്ലാ ചെലവു ചുരുക്കല്‍ തീരുമാനങ്ങളും എല്ലാ വകുപ്പിലും അവയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും കര്‍ശനമായി നടപ്പാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനും ഓണ്‍ലൈനായി റിപ്പോര്‍ട്ട് നല്‍കുന്നതിനും ഓരോ വകുപ്പിലും കുറഞ്ഞത് ഒരു വര്‍ഷത്തെയെങ്കിലും സേവന പരിചയം ഉള്ള ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും.
കോളജ് അധ്യാപക നിയമനങ്ങളില്‍ നിയന്ത്രണം കൊണ്ടു വരും. എയ്ഡഡ് സ്‌കൂളുകളില്‍ സൃഷ്ടിക്കുന്ന പുതിയ അധ്യാപക തസ്തികകളില്‍ പ്രൊട്ടക്ടഡ് അധ്യാപകര്‍ക്കായിരിക്കും മുന്‍ഗണന. ചില ജീവനക്കാരെ പുനര്‍വിന്യസിപ്പിക്കാനും പല ഓഫിസുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സാലറി ചലഞ്ച് തുടരും, പക്ഷേ തിരിച്ചു തരും
തിരുവനന്തപുരം: കൊവിഡ് കാലത്തെ സാമ്പത്തിക ഞെരുക്കം മറികടക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരും വീണ്ടും ചെലവു ചുരുക്കേണ്ടി വരും.
സാലറി ചാലഞ്ച് തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഈ മാസം ഒന്നു മുതല്‍ ആറു മാസത്തേക്കു കൂടി ശമ്പളം പിടിക്കും.
എന്നാല്‍ പിടിക്കുന്ന ശമ്പളം പി.എഫില്‍ ലയിപ്പിക്കാനും ഒന്‍പതു ശതമാനം പലിശ നല്‍കാനുമാണ് തീരുമാനം. പിടിക്കുന്ന ശമ്പളത്തിന് 2021 ഏപ്രില്‍ ഒന്നിന് പി.എഫില്‍ ലയിപ്പിക്കുന്നതു വരെ ഒന്‍പതു ശതമാനം പ്രതിവര്‍ഷ പലിശ നല്‍കും. പി.എഫില്‍ ലയിപ്പിച്ച ശേഷം പി.എഫ് നിരക്കില്‍ പലിശ നല്‍കും.
ഇങ്ങനെ മാറ്റിവയ്ക്കുന്ന ശമ്പളത്തിന് 'കൊവിഡ് - 19 ഇന്‍കം സപ്പോര്‍ട്ട് സ്‌കീം' എന്ന് പേര് നല്‍കും. അന്തിമ തീരുമാനം സര്‍ക്കാര്‍ ജീവനക്കാരുടെ അംഗീകൃത സംഘടനകളുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കും.2020 ഏപ്രില്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെ ജീവനക്കാരുടെ പിടിച്ച ശമ്പളം 2021 ഏപ്രില്‍ ഒന്നിന് പി.എഫില്‍ ലയിപ്പിക്കും. ഉടന്‍ പണമായി തിരിച്ചു നല്‍കിയാല്‍ 2,500 കോടി രൂപയുടെ അധിക ബാധ്യത വരുമെന്നതിനാലാണിത്.
ഇപ്രകാരം പി.എഫില്‍ ലയിപ്പിച്ച തുക 2021 ജൂണ്‍ ഒന്നിനു ശേഷം പിന്‍വലിക്കാന്‍ അനുമതി നല്‍കും.
2021 ഏപ്രില്‍ ഒന്നിന് പി.എഫില്‍ ലയിപ്പിക്കുന്നതു വരെ ഒന്‍പതു ശതമാനം പ്രതിവര്‍ഷ പലിശ നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."