പ്രളയം: ഗുരുവായൂര്‍ നഗരസഭ 10 ലക്ഷവും കൗണ്‍സിലര്‍മാര്‍ ഓണറേറിയവും നല്‍കും
ഗുരുവായൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയും 43 കൗണ്‍സിലര്‍മാരുടെ ഒരു മാസത്തെ ഓണറേറിയവും നല്‍കുന്നതിന് ഗുരുവായൂര്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പ്രളയ ദുരന്തത്തിന്റെ അടിസ്ഥാനത്തില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് കേരളത്തിന്റെ അതിജീവനത്തിന് ഭരണ പ്രതിപക്ഷം ഒറ്റകെട്ടായത്. എന്നാല്‍ ദുരിതാശ്വാസ ക്യാംപിലേക്കെന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അങ്കണവാടികളില്‍ നിന്ന് സമാഹരിച്ച ഭക്ഷ്യവസ്തുക്കള്‍ ക്യാംപുകളിലേക്കെത്തിയില്ലെന്ന മുന്‍ ക്ഷേമക്കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് വാര്യരുടെ ആരോപണത്തെ തുടര്‍ന്ന് ഇരുവിഭാഗവും കൈയാങ്കളിയുടെ വക്കിലെത്തി.
ഭക്ഷ്യവസ്തുക്കള്‍ സമാഹരിക്കുന്നതിന് കൂട്ട് നിന്ന കൗണ്‍സിലര്‍മാര്‍ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെ വനിതകളടക്കമുള്ള പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ എഴുന്നേറ്റ് ബഹളം തുടങ്ങി. പ്രതിപക്ഷ കൗണ്‍സിലര്‍ പി.എസ് രാജന്‍ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ് സുരേഷ് വാര്യരുടെ അടുത്തെത്തി കൈ ചൂണ്ടി സംസാരിച്ചതോടെ ഭരണപക്ഷ കൗണ്‍സിലര്‍മാരും ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റതോടെ വലിയ ബഹളമായി. ബഹളത്തെ തുടര്‍ന്ന് ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ ശാന്തകുമാരി സാധനങ്ങള്‍ കടത്തികൊണ്ടുപോയ കൗണ്‍സിലര്‍മാര്‍ അടക്കമുള്ളവരുടെ പേരുകള്‍ അങ്കണവാടി ടീച്ചര്‍മാര്‍ എഴുതി നല്‍കിയിട്ടുണ്ടെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും അറിയിച്ചതിനെ തുടര്‍ന്നാണ് ഇരു വിഭാഗവും തര്‍ക്കം നിര്‍ത്തിയത്.
പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന നഗരസഭാ പരിധിയിലെ റോഡുകള്‍ അടുത്ത ജനുവരി 31നകം ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കാനും യോഗം തീരുമാനിച്ചു. കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലേക്ക് ടാങ്കര്‍ ലോറിയില്‍ വെള്ളം എത്തിക്കും. ദുരിത പ്രദശങ്ങളില്‍ ആയുര്‍വേദ അലോപ്പതി ഹോമിയോ മെഡിക്കല്‍ ക്യാംപുകള്‍ ഉടന്‍ തുടങ്ങും. പ്രളയ മേഖലകളിലെ കിണറുകള്‍ ഒന്നിടവിട്ട മാസങ്ങളില്‍ സൂപ്പര്‍ക്ലോറിനേഷനും നടത്തും. ജുമുഅ നമസ്‌കാരമുള്ള വെള്ളിയാഴ്ച ഉച്ച സമയത്ത് കൗണ്‍സില്‍ യോഗം ചേരുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍ എ.ടി ഹംസ യോഗത്തില്‍ നിന്ന് ഇറങ്ങിപോയി.
പ്രളയെക്കെടുതിയില്‍ നഗരസഭാ പരിധിയില്‍ 33 വീടുകള്‍ പൂര്‍ണമായും 154 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി യോഗം വിലയിരുത്തി. പൂര്‍ണമായും നാശനഷ്ടമുണ്ടായ നഗരസഭ പ്രദേശത്തെ മൂന്ന് അങ്കണവാടികളെ പ്രത്യേക പരിഗണന നല്‍കി പുനരുദ്ധരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. നഗരസഭയിലെ പരിസ്ഥിതി ലോല പ്രദേശങ്ങളായ സി.ആര്‍.സഡ്ഡില്‍ ഉള്‍പ്പെട്ട ഭവന പദ്ധതികളുടെ നിര്‍മാണത്തിനുള്ള അനുമതിയുമായ ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തണമെന്നും ദുരന്തത്തിലകപ്പെട്ടവര്‍ക്കായി പ്രത്യേക യോഗം വിളിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
നഗരസഭയുടെ നേതൃത്വത്തില്‍ ദുരന്ത നിവാരണ കമ്മിറ്റി രൂപീകരിക്കണമെന്നും വീടുകളുടെ പുനര്‍നിര്‍മാണത്തിനായി 20,000 രൂപയെങ്കിലും അടിയന്തിരമായി അനുവദിക്കണമെന്നും കൗണ്‍സില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. മുന്‍ പ്രധാനമന്ത്രി വാജ്‌പേയ്, മുന്‍ ലോകസഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി, പ്രളയക്കെടുതിയില്‍ ജീവന്‍ പൊലിഞ്ഞവര്‍ എന്നിവരെ അനുശോചിച്ചാണ് യോഗം തുടങ്ങിയത്. യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ. പി.കെ ശാന്തകുമാരി അധ്യക്ഷയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."