HOME
DETAILS

പഠിപ്പില്ലാത്ത പാട്ടുകാരന്‍

  
backup
May 06 2019 | 18:05 PM

%e0%b4%aa%e0%b4%a0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%be

 

''ദാരിദ്ര്യം നിറഞ്ഞ വീട്ടില്‍ ഞങ്ങള്‍ പതിനൊന്നു മക്കളായിരുന്നു. ഞാന്‍ അഞ്ചാമന്‍. തലശേരി മീന്‍മാര്‍ക്കറ്റില്‍ തൊഴിലാളിയായിരുന്ന ഉപ്പയുടെ വരുമാനം കൊണ്ടു ഞങ്ങള്‍ക്കെല്ലാവര്‍ക്കും വിശപ്പടക്കാനാകുമായിരുന്നില്ല. ആയതിനാല്‍ എന്നെ സ്‌കൂളില്‍ പറഞ്ഞയക്കുന്നതിനു പകരം സമീപത്തെ തീപ്പട്ടി കമ്പനിയിലേയ്ക്കയച്ചു. പൂളമരത്തിന്റെ തോലുപൊളിക്കുന്ന പണിയായിരുന്നു. ആഴ്ചയില്‍ കൂലിവാങ്ങുമ്പോള്‍ വൗച്ചറില്‍ ഒപ്പിട്ടു നല്‍കണം. മുപ്പത്തിയഞ്ചു തൊഴിലാളികളില്‍ എഴുപത്തിയഞ്ചു വയസുള്ള കല്യാണിയമ്മയും ഞാനും മാത്രം ഒപ്പിടില്ല, പകരം വൗച്ചറില്‍ വിരലടയാളം പതിക്കും. കാരണം, സ്‌കൂളില്‍പോകാത്ത ഞങ്ങള്‍ക്ക് ഒപ്പിടാനറിയില്ലായിരുന്നു.''


പില്‍ക്കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട മാപ്പിളപ്പാട്ടുഗായകനായി മാറിയ എരഞ്ഞോളി മൂസ കഴിഞ്ഞ റമദാന്‍ കാലത്ത് സുപ്രഭാതത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിത്. ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍നിന്ന് ഒഴുക്കിനെതിരേ നീന്തി വിജയത്തിന്റെ മറുകരയെത്തിയ വലിയൊരു കലാകാരന്റെ ജീവിതം തികച്ചും വാക്കില്‍ വിസ്മയങ്ങളൊന്നും ഉള്‍ക്കൊള്ളിക്കാതെയാണ് അന്നദ്ദേഹം പറഞ്ഞത്. ഇന്നലെ നമ്മോടു വിടപറഞ്ഞ ആ മഹാനായ കലാകാരന്റെ ജീവിതത്തെക്കുറിച്ചു പക്ഷേ, വിസ്മയത്തോടെയല്ലാതെ ഓര്‍ക്കാനാകില്ല.
അദ്ദേഹം അന്നു പറഞ്ഞ ഒരു വാചകം ഇന്നും മനസില്‍ മായാതെയുണ്ട്, ''സ്‌കൂളില്‍ പോകാത്ത ഞാന്‍ പാട്ടുകാരനായത് അത്ഭുതമാണ്.'' അതേ, തീര്‍ച്ചയായും അത്ഭുതമാണ് അദ്ദേഹത്തിലെ പാട്ടുകാരന്‍. ചോരനീരാക്കി പണിയെടുക്കുന്നവന് എങ്ങനെ കലാസപര്യക്കു സമയം കിട്ടുന്നുവെന്നു തോന്നുന്ന വിധമായിരുന്നു അദ്ദേഹത്തിന്റെ തൊഴില്‍ ജീവിതം. തീപ്പെട്ടി കമ്പനിയിലെ പണി കുട്ടിക്കാലത്തായിരുന്നു. വളര്‍ന്നപ്പോള്‍ പണി കരിങ്കല്‍ ക്വാറിയില്‍.


ചുറ്റികകൊണ്ടു കരിങ്കല്ലിടിച്ചു ചീളുകളാക്കുന്ന തൊഴില്‍. തീപാറുന്ന വെയിലാണെങ്കിലും വിശ്രമമില്ലാതെ ജോലി ചെയ്യണം. ആഞ്ഞടിച്ചാലേ കല്ലു മുറിയൂ. കരിങ്കല്ലു ചുമക്കുന്ന പണിയും ചെയ്തിട്ടുണ്ട്. ശരീരം ചോരയും നീരുംവറ്റിയ അവസ്ഥയില്‍. ജീവിതത്തോട് ഒരുതരം മരവിപ്പുതോന്നിയ കാലം. എന്നിട്ടും, എരഞ്ഞോളി മൂസ കലാകാരനായി. ഹൃദയത്തെ അലിയിപ്പിക്കുന്ന പാട്ടുകള്‍ അദ്ദേഹത്തില്‍നിന്നു കേള്‍ക്കാനായി.
അതിനു കാരണക്കാരി അദ്ദേഹത്തിന്റെ ഉമ്മയാണ്. ഉമ്മ ബൈത്തുകളും പാട്ടുകളും പാടുമായിരുന്നു. അതു കേട്ടു വളര്‍ന്ന മൂസയുടെ മനസില്‍ താളം കൂടുകൂട്ടി. കല്യാണവീടുകളില്‍ അക്കാലത്ത് ഗ്രാമഫോണ്‍ പാട്ടുണ്ടാകുമായിരുന്നു. അതു കേള്‍ക്കാന്‍ ഏറെ കമ്പമായിരുന്നു.
അക്കാലത്ത് എരഞ്ഞോളി ഒരു നാടകഗ്രൂപ്പുണ്ടായിരുന്നു, എരഞ്ഞോളി ഗ്രാമീണ കലാസമിതി എന്നായിരുന്നു പേര്. പണി കഴിഞ്ഞാല്‍ മൂസ അവിടെ ചുറ്റിപ്പറ്റും. സഹായിയായും നടനായും അവരോടൊപ്പം നിന്നു. ചിലപ്പോഴൊക്കെ പാടാന്‍ അവസരം കിട്ടി. അതായിരുന്നു ഗായകനിലേയ്ക്കുള്ള ആദ്യ ചുവട്.


അക്കാലത്ത് കല്യാണവീടുകളില്‍ ഗാനമേളകളുണ്ടാകും. ഗാനമേളയില്ലാത്തിടത്ത് തെങ്ങിന്മേല്‍ കെട്ടിയ കോളാമ്പി സ്പീക്കറുണ്ടാകും. നാട്ടിലെ പാട്ടുകാര്‍ മൈക്കിലൂടെ പാടും. മൈക്ക് സെറ്റുകാരന് ദയ തോന്നിയാലേ പാടാന്‍ അനുവദിക്കൂ. കല്യാണവീട്ടില്‍ മൈക്കിലൂടെ പാടാന്‍ എരഞ്ഞോളി മൂസയെന്ന അന്നത്തെ ചെറുപ്പക്കാരന്‍ എത്രയോ തവണ കെഞ്ചിയിട്ടുണ്ട്.
തലശേരിയിലെ ഗുരുമഠത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഗാനമേളയുണ്ടാകാറുണ്ട്. നാട്ടുകാരനായതിനാല്‍ എരഞ്ഞോളി മൂസയ്ക്കും അവിടെ പാടാന്‍ അവസരം കിട്ടി. വലിയ ജനക്കൂട്ടമായിരുന്നു കണ്‍മുമ്പിലുണ്ടായിരുന്നത്. അന്നാണു കരിങ്കല്ലു പോലെ ഉറച്ച മനസ് ഇശലില്‍ ആദ്യം കുളിര്‍ത്തത്. പാട്ടുകാരനായിത്തീരണമെന്ന് അന്നു മനസിലുറപ്പിച്ചു. വലിയകത്ത് മൂസയെ നാട്ടുകാര്‍ പാട്ടുകാരനായി അംഗീകരിച്ചു.


''അരിമുല്ലപ്പൂ മണമുള്ളോളെ.... അഴകിലേറ്റം ഗുണമുള്ളോളെ..'' എന്ന പാട്ടാണ് ആദ്യം പാടിയത്. പാടാന്‍ കിട്ടിയ അവസരവും പാടിയ വേദിയുമെല്ലാം ഗുരുത്വമുള്ളതുപോലെ തോന്നി എന്നാണ് അതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്.
മകന്‍ പാട്ടുകാരനായി നടക്കുന്നത് ഉപ്പയ്ക്ക് ഇഷ്ടമായില്ല. എങ്കിലും ഉമ്മ പ്രോത്സാഹനം നല്‍കി. ആ പ്രോത്സാഹനത്തില്‍ മകന്‍ കിട്ടുന്ന അവസരങ്ങള്‍ മുതലെടുത്ത് ഉച്ചത്തില്‍ പാടി. റേഡിയോയില്‍ പാടണമെന്ന മോഹമുദിച്ചു. അബു എഴുതിയ നാലു പാട്ടുകളുമായി ആകാശവാണിയില്‍ കെ. രാഘവന്‍ മാഷുടെ മുന്നിലെത്തി. മാഷ് അവസരം നല്‍കി. അങ്ങനെ റേഡിയോ പാട്ടുകാരനായി. വലിയകത്ത് മൂസ എന്ന പേര് എരഞ്ഞോളി മൂസയെന്നാക്കിയതു രാഘവന്‍ മാഷാണ്.


അവസരങ്ങള്‍ പലതും കൈവന്നെങ്കിലും ജീവിതം മുട്ടില്ലാതെ നീക്കാന്‍ തലശേരി അങ്ങാടിയില്‍ അരിച്ചാക്കു ചുമട്ടുകാരനായി. ഇതിനിടയില്‍ ശരത്ചന്ദ്ര മറാഠേയില്‍നിന്നു ഹിന്ദുസ്ഥാനിയും തിരുവങ്ങാട് കുഞ്ഞിക്കണ്ണന്‍ ഭാഗവതരില്‍നിന്നു കര്‍ണാടകസംഗീതവും അഭ്യസിച്ചു. തലശേരി ഫ്രന്‍ഡ്‌സ് ഓര്‍ക്കസ്ട്രയില്‍ സ്ഥിരം പാട്ടുകാരനായി.


പിന്നീടങ്ങോട്ട് എരഞ്ഞോളി മൂസയെന്ന ഗായകന്റെ പാട്ടിന്റെ കുതിപ്പായിരുന്നു. 'മിഅറാജ് രാവിലെ കാറ്റേ...... മരുഭൂ തണുപ്പിച്ച കാറ്റേ... ' പോലുള്ള എത്രയെത്ര അവിസ്മരണീയങ്ങളായ പാട്ടുകള്‍. ഒ. അബു, പി.ടി അബ്ദുറഹ്്മാന്‍, പി.എം അബ്ദുല്‍ ജബ്ബാര്‍, കാനേഷ് പൂനൂര്‍, ജമാല്‍ കൊച്ചങ്ങാടി, പ്രേം സൂറത്ത്, കെ.ടി മുഹമ്മദ് കുട്ടി, ശ്രീമൂലനഗരം വിജയന്‍ തുടങ്ങിയ നിരവധി പേരുടെ രചനകള്‍ കെ. രാഘവന്‍, കണ്ണൂര്‍ രാജന്‍, കോഴിക്കോട് അബ്ദുല്‍ ഖാദര്‍, ചാന്ദ് പാഷ, ഹംസ വളാഞ്ചേരി, എസ്.എം കോയ, ഇസ്മാഈല്‍ മട്ടാഞ്ചേരി തുടങ്ങിയവരുടെ ഈണങ്ങളില്‍ എരഞ്ഞോളി മൂസ പാടി. ഒരായിരം പാട്ടുകള്‍. എല്ലാം ഹിറ്റുഗാനങ്ങള്‍. ഇസ്‌ലാമിക ചരിത്രവും കര്‍മങ്ങളും പാട്ടിലൂടെ ബോധവല്‍ക്കരിക്കുന്ന ഒരിപിടി ഗാനങ്ങള്‍ അദ്ദേഹം പാടിയിട്ടുണ്ട്.


ബാഫഖി തങ്ങള്‍, മുഹമ്മദലി ശിഹാബ് തങ്ങള്‍ തുടങ്ങിയവരുടെ തലോടലും പ്രോത്സാഹനവും തന്റെ പാട്ടുജീവിതത്തിനു കരുത്തു പകര്‍ന്നിട്ടുണ്ടെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. സീതിസാഹിബ് മരിച്ച ദിവസം തലശേരിയില്‍ നടന്ന അനുശോചനയോഗത്തില്‍ അനുശോചന ഗാനം പാടണമെന്നു നിര്‍ദേശം കിട്ടി. പൊലിസുദ്യോഗസ്ഥന്‍ കൂടിയായ കവി ഹംസയെഴുതിയ 'കരയുന്നു..കരയുന്നു..എന്‍മാനസം' എന്ന വരികളാണു പാടിയത്. ബാഫഖിതങ്ങള്‍, ഇബ്രാഹിം സുലൈമാന്‍ സേട്ട്, സി.എച്ച്, ജി.എം ബനാത്ത് വാല തുടങ്ങി മുസ്‌ലിംലീഗിന്റെ പ്രമുഖ നേതാക്കളുണ്ട്. പാടിത്തീര്‍ന്നതും ബാഫഖി തങ്ങള്‍ തന്നെ ചേര്‍ത്തു പിടിച്ചത് ഉള്‍ക്കുളിരോടെയാണ് അദ്ദേഹം പറയാറുണ്ടായിരുന്നത്.
ഗള്‍ഫാര്‍ മുഹമ്മദലിയുടെ മകളുടെ വിവാഹം. ഇശലു പാടാന്‍ എരഞ്ഞോളിയുടെ സംഘമുണ്ട്. പാട്ടുപാടി അദ്ദേഹം പുറത്തിറങ്ങി. സിഗരറ്റ് വലിച്ചൂതുന്നതിനിടയില്‍ മുമ്പില്‍ ഒരു കാര്‍ വന്നുനിന്നു. കാറിന്റെ ഗ്ലാസ് താഴ്ന്നു. ആളെ കണ്ട് എരഞ്ഞോളി ഞെട്ടി. അതു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു. സിഗരറ്റ് നിലത്തിട്ട് അടുത്തെത്തിയപ്പോള്‍ തങ്ങളുടെ വലതു കൈ എരഞ്ഞോളിയുടെ കഴുത്തിലേയ്ക്കു നീണ്ടു. പതിയെ തടവി തങ്ങള്‍ ഇങ്ങനെ പറഞ്ഞു, ''ഈ തൊണ്ടയില്‍നിന്ന് ഒരുപാടു കേള്‍ക്കാനുള്ളതാണ്. അതു നശിപ്പിച്ചു കളയരുത്.'' അന്നു എരഞ്ഞോളി മൂസ സിഗരറ്റിനെ ജീവിതത്തില്‍നിന്ന് അകറ്റി നിര്‍ത്തി.


''എനിക്ക് പടച്ചവന്‍ തന്ന തൊണ്ട പാടാനുള്ളതാണ്. മരണം വരെ പാടണമെന്നാണു മോഹം. വയസ് എഴുപത്തിയഞ്ചായിട്ടും പാടാനാകുന്നത് വലിയ അനുഗ്രഹമാണ്. പാട്ടു പാടുകയെന്നതു മാത്രമല്ല മികച്ച ഗാനങ്ങള്‍ പാടാനായതാണ് എനിക്കു കിട്ടിയ ഭാഗ്യം''- എരഞ്ഞോളി മൂസ സുപ്രഭാതത്തിന് അനുവദിച്ച അഭിമുഖം അവസാനിപ്പിച്ചത് അങ്ങനെയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  5 hours ago