മുഖ്യമന്ത്രിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക്
തിരുവനന്തപുരം: കള്ളവോട്ടിനെതിരായ നിലപാടുകളിലൂടെ സി.പി.എമ്മിന്റെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടും കുലുക്കമില്ലാതെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ.
കണ്‍സ്യൂമര്‍ഫെഡിന്റെ സ്റ്റുഡന്റ് മാര്‍ക്കറ്റ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ വിലക്കിക്കൊണ്ടാണ് മീണ വീണ്ടും രംഗത്തെത്തിയത്. ചട്ടപ്രകാരം അപേക്ഷ സമര്‍പ്പിക്കാത്തതിനാലാണ് അനുമതി നിഷേധിച്ചതെന്നാണ് കമ്മിഷന്റെ വിശദീകരണം. കമ്മിഷനെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകളുണ്ടായെങ്കിലും നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമായതോടെ ഏറ്റുമുട്ടലിന് നില്‍ക്കാതെ ഉദ്ഘാടകനായ മുഖ്യമന്ത്രിയും അധ്യക്ഷത വഹിക്കേണ്ടിയിരുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രനും പരിപാടിയില്‍ നിന്ന് പിന്മാറി.
ചട്ടപ്രകാരം മുഖ്യമന്ത്രി പങ്കെടുക്കേണ്ടത് അത്യാവശ്യമാണെങ്കില്‍ ചീഫ് സെക്രട്ടറിയോ സഹകരണ സെക്രട്ടറിയോ ആണ് അപേക്ഷ നല്‍കേണ്ടതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. എന്നാല്‍, കണ്‍സ്യൂമര്‍ഫെഡ് എം.ഡിക്ക് വേണ്ടി ജൂനിയര്‍ ഉദ്യോഗസ്ഥന്‍ ഒപ്പുവച്ച കത്താണ് കമ്മിഷന് ലഭിച്ചത്.
ചട്ടപ്രകാരം ഇത് ശരിയല്ലെന്നും ചീഫ് സെക്രട്ടറിയോ സ
ഹകരണ സെക്രട്ടറിയോ ശുപാര്‍ശ നല്‍കിയാല്‍ പരിഗണിക്കുമെന്നും ചൂണ്ടിക്കാട്ടി മറുപടി നല്‍കിയിരുന്നുവെന്നും മുഖ്യതെരഞ്ഞെടുപ്പ്് ഓഫിസര്‍ അറിയിച്ചു. കണ്‍സ്യൂമര്‍ഫെഡ് സംസ്ഥാനതലത്തില്‍ ആരംഭിക്കുന്ന 600 സ്റ്റുഡന്റ് മാര്‍ക്കറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിക്കാന്‍ നിശ്ചയിച്ചിരുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തും നിശ്ചയിച്ചിരുന്നു. കമ്മിഷന്റെ വിലക്ക് വന്നതോടെ മുഖ്യമന്ത്രിയും മന്ത്രിയുമില്ലാതെ ചടങ്ങ് നടക്കട്ടെയെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി കടംകപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചു. തുടര്‍ന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ് പരിപാടി ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."