കാലാവധി കഴിഞ്ഞ പ്രധാനമന്ത്രിയോടൊപ്പം വേദിപങ്കിടാനില്ല
കൊല്‍ക്കത്ത: ഫോനി ചുഴലിക്കാറ്റിന്റെ രക്ഷാപ്രവര്‍ത്തനത്തെ ചൊല്ലി പ്രധാനമന്ത്രി നരേന്ദ്രമോദിയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തമ്മില്‍ വാക്‌പോര് തുടരുന്നു. മമതാ ബാനര്‍ജി രാഷ്ട്രീയം കളിക്കുകയാണെന്ന നരേന്ദ്രമോദിയുടെ ആരോപണത്തിനു രൂക്ഷവിമര്‍ശനവുമായി ഇന്നലെ മമത രംഗത്തുവന്നു. കാലാവധി പൂര്‍ത്തിയായ ഒരു പ്രധാനമന്ത്രിയുമായി വേദിപങ്കിടാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു മമതയുടെ പരിഹാസം.
ചുഴലിക്കാറ്റ് വിഷയം ചര്‍ച്ചചെയ്യാനായി മമതാ ബാര്‍നജിയെ രണ്ടുവട്ടം ഫോണില്‍ വിളിച്ചെങ്കിലും സംസാരിക്കാന്‍ അവര്‍ തയാറായില്ലെന്ന് ഞായറാഴ്ച മോദി ആരോപിച്ചിരുന്നു. ചുഴലിക്കാറ്റ് അടിക്കുന്നതിനു മുന്‍പ് ദീദിയുമായി സംസാരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ധാര്‍ഷ്ട്യം മൂലം അവര്‍ അതിനു തയാറായില്ല. തിരിച്ചുവിളിക്കുമെന്നു കരുതിയെങ്കിലും അതും ഉണ്ടായില്ല. ഒരുതവണ കൂടി വിളിച്ചിട്ടും കാര്യമുണ്ടായില്ല. ബംഗാളിലെ ജനങ്ങളെക്കുറിച്ച് ആശങ്കയുണ്ട്- എന്നായിരുന്നു മോദിയുടെ വാക്കുകള്‍. പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് വിളി ഉണ്ടായില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു.
പിന്നാലെ ഇന്നലെയും മമതക്കെതിരെ മോദി ആരോപണമുന്നയിച്ചു. ചുഴലിക്കാറ്റിന്റെ പേരില്‍ മമത രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു മോദി ഇന്നലെ ബംഗാളില്‍ നടന്ന ബി.ജെ.പി റാലിയില്‍ കുറ്റപ്പെടുത്തിയത്. ഫോനി ദുരന്തത്തില്‍ പോലും രാഷ്ട്രീയം കളിക്കാനാണ് വികസന വിരോധിയായ ദീദി ശ്രമിക്കുന്നത്. ബംഗാളിലെ ജനങ്ങളോട് മമതക്ക് യാതൊരു പ്രതിബദ്ധതയുമില്ല. ഒഡിഷയില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനൊപ്പം ദുരിതബാധിത മേഖലകളില്‍ പ്രധാനമന്ത്രി നിരീക്ഷണം നടത്തി. ദീദിയുടെ വികലമായ കാഴ്ചപ്പാടിന്റെ ഫലമായി ബംഗാളില്‍ വികസന മുരടിപ്പാണ്. ധാര്‍ഷ്ട്യമാണ് ദീദിയുടെ മുഖമുദ്ര. തന്നോടൊപ്പം ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ പോലും മമത തയാറായില്ലെന്നും മോദി കുറ്റപ്പെടുത്തി. ജയ് ശ്രീ റാം വിളിക്കുന്നവരോട് മമതയ്ക്ക് അസഹിഷ്ണുതയാണ്. ദൈവനാമം കേള്‍ക്കുമ്പോള്‍ അസ്വസ്ഥയാകുന്ന മമത, ദൈവനാമം ചൊല്ലുന്നവരെക്കൊണ്ട് ജയിലുകള്‍ നിറയ്ക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.
ഇതിനു മറുപടി പറയവെയാണ്, മോദിയെ കാലാവധി കഴിഞ്ഞ പ്രധാനമന്ത്രിയെന്ന് മമത വിശേഷിപ്പിച്ചത്. മോദി വിളിച്ചപ്പോള്‍ ഫോനി ആഞ്ഞടിച്ച ഖരഗ്പൂരില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു ഞാന്‍. ആ സമയത്ത് മോദി തെരഞ്ഞെടുപ്പ് പ്രചാരണറാലികളില്‍ കറങ്ങി നടക്കുകയായിരുന്നു. തന്നെയുമല്ല, എനിക്ക് കാലാവധി കഴിഞ്ഞ പ്രധാനമന്ത്രിയുമായി സഹകരിക്കാനോ വേദി പങ്കിടാനോ സമയവുമുണ്ടായിരുന്നില്ല- മമത പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."