സൗദി കെ.എം.സി.സി സുരക്ഷാ പദ്ധതി അഞ്ചര കോടിയുടെ ആനുകൂല്യ വിതരണം നാളെ പാണക്കാട്ട്
റിയാദ് : ജീവകാരുണ്യ രംഗത്ത് തുല്യതയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സൗദി കെ.എം.സി.സി അതിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ തുക നാളെ വിതരണം ചെയ്യും. സൗദി കെ.എം.സി.സി നാഷണല്‍ കമ്മറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ നിന്നും അഞ്ചര കോടിയോളം രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനം സെപ്റ്റംബര്‍ 18 ന് വെള്ളിയാഴ്ച്ച മൂന്ന് മണിക്ക് പാണക്കാട് വെച്ച് നടക്കുന്ന ചടങ്ങിൽ സംസ്ഥാന മുസ്ലിംലീഗ് പ്രസിഡണ്ട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിക്കും. കെഎംസിസി സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് കെ പി മുഹമ്മദ്‌കുട്ടി അധ്യക്ഷത വഹിക്കും.
ചടങ്ങിൽ മുസ്ലിംലീഗ് നേതാക്കളയായ പി കെ കുഞ്ഞാലികുട്ടി എം പി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ , ഇ ടി മുഹമ്മദ്ബഷീർ എംപി , പി വി അബ്ദുൽ വഹാബ് എംപി , കെ പി എ മജീദ് , എം കെ മുനീർ എം എൽ എ , സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, എം സി മായിൻഹാജി, അബ്ദുൽറഹ്‌മാൻ കല്ലായി, ആബിദ് ഹുസ്സൈൻ തങ്ങൾ എം എൽ എ, ഉമ്മർ പാണ്ടികശാല, പി കെ ഫിറോസ് , അഡ്വ യു എ ലത്തീഫ് തുടങ്ങിയവർ പങ്കെടുക്കും.
കൊവിഡ് 19 ബാധിച്ച് മരണപ്പെട്ട 22 പേരടക്കം 2020 വർഷത്തിൽ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരണപ്പെട്ട എണ്‍പത്തി ഒന്ന് പേരുടെ ആശ്രിതർക്ക് ആറ് ലക്ഷം രൂപവീതവും, പദ്ധതി കാലയളവിൽ മാരക രോഗങ്ങൾക്ക് ചികിത്സ തേടിയ നൂറ്റി പത്തോളം അംഗങ്ങൾക്ക് ചികിത്സാ ആനുകൂല്യങ്ങളുമടക്കം അഞ്ചര കോടിയോളം രൂപയാണ് വിതരണം ചെയ്യുന്നത്.
സൗദി മണലാരണ്യത്തിൽ ജീവിതം തള്ളി നീക്കുന്ന ഏറ്റവും ദുർബലരായ ജനസമൂഹത്തിന് ജാതി മത രാഷ്ട്രീയ വേർത്തിരിവുകൾക്കതീതമായി, കഴിഞ്ഞ ആറു വർഷത്തിനിടയിൽ പതിനഞ്ചു കോടിയോളം രൂപ വിതരണം ചെയ്തിട്ടുള്ള പ്രവാസലോകത്തെ ഏറ്റവും വലിയ പരസ്പ്പര സഹായ പദ്ധതിയിയാണ് കെ.എം.സി.സി സൗദി നാഷണൽ കമ്മറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി. ഈ വർഷത്തെ ആനുകൂല്യങ്ങളടക്കം ഇതുവരെ ഇരുപത് കോടി രൂപയിലധികം ആനുകൂല്യങ്ങളാണ് വിതരണം ചെയ്തതെന്ന് കെഎംസിസി നേതാക്കൾ വിശദീകരിച്ചു .
സുരക്ഷാ പദ്ധതിയുടെ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനും സുഗമമായ നടത്തിപ്പിനുമായി കോഴിക്കോട് കേന്ദ്രീകരിച്ച് കെ.എം.സി.സി കേരള ട്രസ്റ്റ് എന്ന പേരിൽ റെജിസ്ട്രേഡ് ട്രസ്റ്റ് പ്രവർത്തിച്ച് വരുന്നുണ്ട്.
സുരക്ഷാ പദ്ധതിയുടെ 2021 വർഷത്തെ അംഗത്വ പ്രചാരണ പ്രവർത്തനങ്ങൾ ഒക്ടോബർ ഒന്നിന് ആരംഭിച്ച്, ഡിസംബർ പതിനഞ്ചിന് അവസാനിക്കും. പദ്ധതിയിൽ ഭാഗവാക്കാവുന്നതിന് താല്പര്യമുള്ള പ്രവാസികൾ സൗദി കെ.എം.സി.സി നാഷണൽ കമ്മറ്റിയുടെ കീഴ്ഘടകങ്ങൾ മുഖേനെ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്. www .mykmcc.org എന്ന സംഘടനയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും അംഗത്വം പുതുക്കുവാൻ സാധിക്കുന്നതാണ്.
കോവിഡിന്റെ പിടിയിലകപ്പെട്ടു ലോകം വിറങ്ങലിച്ചു നിൽക്കുമ്പോൾ പ്രവാസ ലോകത്ത് കാരുണ്യകടൽ തീർത്ത കെഎംസിസി സമാനതകളില്ലാത്ത ജീവ കാരുണ്യപ്രവർത്തങ്ങൾക്കാണ് സൗദി നാഷണൽ കമ്മിറ്റി നേതൃത്വം നൽകിയത്. സൗദിയിൽ വിവിധ ഘടകങ്ങൾ നടത്തിയത് കോടികണക്കിന് രൂപയുടെ റിലീഫ് പ്രവർത്തനങ്ങളാണ്. ഓൺലൈൻ വാർത്ത സമ്മേളനത്തിൽ കെഎംസിസി സൗദി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് കെ പി മുഹമ്മദ്‌കുട്ടി, വർക്കിങ് പ്രസിഡണ്ട് അഷ്‌റഫ് വേങ്ങാട്ട് ,ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, ട്രഷറർ കുഞ്ഞിമോൻ കാക്കിയ, സുരക്ഷാപദ്ധതി ചെയർമാൻ അഷ്‌റഫ് തങ്ങൾ ചെട്ടിപ്പടി, ഹജ്ജ് സെൽ ചെയർമാൻ അഹമ്മദ് പാളയാട്ട് , സുരക്ഷാ പദ്ധതി കോ ഓർഡിനേറ്റർ റഫീഖ് പാറക്കൽ എന്നിവർ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."