ലഖ്‌നൗവിന്റെ കാര്യത്തില്‍ ഒന്നും പറയാനാവില്ല
ലഖ്‌നൗ: കണക്കുകള്‍ നോക്കിയാല്‍ ബി.ജെ.പിക്ക് കാര്യമായി ആശങ്കപ്പെടേണ്ടതില്ലാത്ത മണ്ഡലമാണ് ഉത്തര്‍പ്രദേശ് തലസ്ഥാന നഗരിയായ ലഖ്‌നൗ ലോക്‌സഭാ മണ്ഡലം. കോണ്‍ഗ്രസ് സംസ്ഥാന ഘടകം അധ്യക്ഷ റിതാ ബഹുഗുണ ജോഷിയെ രണ്ടരലക്ഷം വോട്ടുകള്‍ക്ക് കഴിഞ്ഞ തവണ രാജ്‌നാഥ് സിങ് പരാജയപ്പെടുത്തിയ മണ്ഡലം. ഈ വിജയത്തിന്റെ തേരിലേറി രാജ്‌നാഥ് സിങ് കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി. ബി.ജെ.പിക്ക് ഇത്തവണ സ്വന്തമായി കേവല ഭൂരിപക്ഷം ലഭിക്കാതെ വരികയും എന്‍.ഡി.എക്ക് പുറത്തുള്ള കക്ഷികളുടെ പിന്തുണ ആവശ്യമായി വരികയും അതിനുവേണ്ടി നരേന്ദ്രമോദി മാറിനില്‍ക്കുകയും ചെയ്യേണ്ട സാഹചര്യം ഉണ്ടായാല്‍ സമവായ പ്രധാനമന്ത്രിയെന്ന നിലയില്‍ സാധ്യതയുള്ള നേതാവാണ് രാജ്‌നാഥ് സിങ്. 2000- 2002 കാലത്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന രാജ്‌നാഥ്, 2013 - 14 കാലത്ത് ബി.ജെ.പി അധ്യക്ഷനാവുകയും ചെയ്തിട്ടുണ്ട്.
സമാജ് വാദി പാര്‍ട്ടിയില്‍ അടുത്തിടെയെത്തിയ നടി പൂനം സിന്‍ഹ മഹാസഖ്യത്തിന്റെയും ആചാര്യ പ്രമോദ് കൃഷ്ണ കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ഥിയാണ്. ആചാര്യ കഴിഞ്ഞതവണ സാംബലില്‍ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. നടക്കുന്നത് കടുത്ത ത്രികോണ മത്സരമായതിനാല്‍ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ചിതറുമെന്ന് ഉറപ്പ്. 1991 മുതല്‍ ബി.ജെ.പി സ്ഥാനാര്‍ഥികള്‍ വിജയിച്ചുവന്ന മണ്ഡലമാണിത്. 91 മുതല്‍ 2009 വരെ ബി.ജെ.പിയുടെ പ്രഥമ പ്രധാനമന്ത്രിയായ അടല്‍ബിഹാരി വാജ്‌പേയിയാണ് ലഖ്‌നൗവിനെ പ്രതിനിധീകരിച്ചത്. 2014ല്‍ രാജ്‌നാഥ് ആദ്യമായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. അന്ന് രാജ്‌നാഥിനോട് അടിയറവു പറഞ്ഞ റിതാ ബഹുഗുണ ജോഷി ഇപ്പോള്‍ ബി.ജെ.പിയിലാണ്. വാജ്‌പേയിക്കു മുന്‍പ് വിജയലക്ഷ്മി പണ്ഡിറ്റ്, ശിയോറജാവതി നെഹ്‌റു, എച്ച്.എന്‍ ബഹുഗുണ, ഷീല കൗള്‍ എന്നിവരും ലഖ്‌നൗവില്‍ നിന്നു വിജയിച്ചിട്ടുണ്ട്. എന്നാല്‍, മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഇതുവരെ എസ്.പി വിജയിച്ചിട്ടില്ല. പൂനം സിന്‍ഹയ്ക്കു വേണ്ടി ഭര്‍ത്താവും അടുത്തിടെ ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ നടന്‍ കൂടിയായ ശത്രുഘ്‌നന്‍ സിന്‍ഹ സജീവമായി രംഗത്തുള്ളത് കോണ്‍ഗ്രസിന് തലവേദനയായിട്ടുണ്ട്. ബി.ജെ.പിയില്‍ മൂന്നു നാലുവര്‍ഷത്തോളം വിമതപ്രവര്‍ത്തനം നടത്തിയ 'പരിചയ സമ്പത്തു'മായാണ് ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസ് അംഗത്വമെടുത്തത്. പാര്‍ട്ടിയിലേക്കെത്തി ദിവസങ്ങള്‍ കഴിയും മുന്‍പേ ശത്രുഘ്‌നന്‍ സിന്‍ഹ ലഖ്‌നൗവില്‍ കോണ്‍ഗ്രസുകാരുടെ ശത്രുവായി. കുടുംബകാര്യത്തില്‍ രാഷ്ട്രീയമില്ലെന്നു പറഞ്ഞാണ് ശത്രു ലഖ്‌നൗവിലെത്തി ഭാര്യക്കു വേണ്ടി വോട്ട് പിടിക്കുന്നത്. മക്കളായ സോനാക്ഷി സിന്‍ഹയും ഖുഷ് സിന്‍ഹയും അമ്മ പൂനത്തിന്റെ വിജയത്തിനായി ഷൂട്ടിങ് തിരക്കുകള്‍ ഒഴിവാക്കി സജീവമായുണ്ട്. കോണ്‍ഗ്രസിന്റെ ശത്രുഘ്‌നന്‍ സിന്‍ഹ തന്റെ എതിര്‍സ്ഥാനാര്‍ഥി പൂനത്തിനു വേണ്ടി വോട്ട് ചോദിക്കുന്നത് കണ്ടുനില്‍ക്കാനെ പാര്‍ട്ടിയുടെ ആചാര്യ പ്രമോദ് കൃഷ്ണനു കഴിയുന്നുള്ളൂ. കോണ്‍ഗ്രസും എസ്.പിയും ഇങ്ങനെ പടവെട്ടുന്നത് ഏറ്റവുമധികം സന്തോഷിക്കുന്നത് രാജ്‌നാഥ് തന്നെ.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശീഈ വിശ്വാസികളുള്ള മണ്ഡലം കൂടിയാണിത്. ശീഈ വിഭാഗങ്ങളില്‍ നല്ലൊരുശതമാനവും ബി.ജെ.പിയെ അനുകൂലിക്കുന്നവരുമാണ്. കഴിഞ്ഞതവണ ബി.ജെ.പിക്ക് 54.23ഉം കോണ്‍ഗ്രസിന് 27.87ഉം വോട്ട് വിഹിതം ലഭിച്ചപ്പോള്‍ ബി.എസ്.പിക്ക് 6.23ഉം എസ്.പിക്ക് 5.49ഉം വോട്ട് വിഹിതം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മഹാസഖ്യത്തിന്റെ ഭാഗമായ എസ്.പിയുടെയും ബി.എസ്.പിയുടെയും മൊത്തം വോട്ടുകള്‍ കൂട്ടിയാലും 11.7 ശതമാനമേ വരൂ.
കണക്കുകള്‍ ഇങ്ങനെയാണെങ്കിലും നരേന്ദ്രമോദി സര്‍ക്കാരിലെ രണ്ടാമനായ രാജ്‌നാഥിനെതിരെ, കേന്ദ്രത്തിനെതിരായ ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുമെന്ന് ഉറപ്പാണ്. മണ്ഡലത്തില്‍ ശക്തമായ അടിയൊഴുക്കിനു സാധ്യതയുള്ളതായും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടാവാം മണ്ഡലത്തിന്റെ കാര്യത്തില്‍ തനിക്കൊന്നും പറയാന്‍ കഴിയില്ലെന്ന് ഇന്നലെ വോട്ട് രേഖപ്പെടുത്തിയ ശേഷം രാജ്‌നാഥ് സിങ് മാധ്യമങ്ങളോട് പറഞ്ഞത്. എനിക്കൊന്നും പ്രവചിക്കാന്‍ കഴിയില്ല. തീരുമാനം ഞാന്‍ ലഖ്‌നൗവിലെ വോട്ടര്‍മാര്‍ക്ക് വിട്ടുകൊടുക്കുന്നു. ആരെയാണ് വേണ്ടതെന്ന് തെരഞ്ഞെടുക്കാനുള്ള പൂര്‍ണ അവകാശം ജനങ്ങള്‍ക്കുണ്ട്. എന്തു തന്നെയായാലും പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകും- എന്നായിരുന്നു രാജ്‌നാഥിന്റെ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."