പ്രളയാനന്തര പകര്‍ച്ചവ്യാധികളും മാനസിക പിരിമുറുക്കങ്ങളും
മറക്കാനാവാത്ത പാഠം മലയാളിക്ക് നല്‍കിക്കൊണ്ടാണ് പ്രളയജലം ഒഴുകിപ്പോയത്. കൈനകരി പോലുള്ള പ്രദേശങ്ങളില്‍ ഇപ്പോഴും വെള്ളമിറങ്ങിയിട്ടില്ല. സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തോടെ വെള്ളം വറ്റിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. ഇതിനിടയിലാണ് പ്രളയം അവശേഷിപ്പിച്ച പകര്‍ച്ചവ്യാധി കള്‍ പടര്‍ന്ന് പിടിക്കുവാന്‍ തുടങ്ങിയിരിക്കുന്നത്. ഒപ്പം തന്നെ പ്രളയബാധിതരില്‍ ചിലരില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മാനസിക പിരിമുറുക്കങ്ങളും ആശങ്കാജനകമാണ്. കുട്ടികളെയായിരിക്കും ഇത് ഏറെയും ബാധിക്കുക.
സംസ്ഥാനത്ത് ഇതിനകം എലിപ്പനി ബാധിച്ച് ഇരുപതിലധികം പേര്‍ മരണപ്പെട്ടിരിക്കുന്നു. നാല്‍പതിലധികം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ടെങ്കിലും മരണസംഖ്യ ഉയര്‍ന്ന് കൊണ്ടിരിക്കുന്നതും രോഗലക്ഷണങ്ങളോടെ നിരവധി പേര്‍ ചികിത്സ തേടിക്കൊണ്ടിരിക്കുന്നതും ആശങ്ക ഉളവാക്കുന്നു. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ എലിപ്പനി ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. എല്ലാ ആശുപത്രികളിലും ചികിത്സക്ക് വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രതിരോധത്തിനാവശ്യമായ ഡോക്‌സി സൈക്ലിന്‍ ഗുളികകള്‍ എത്തിച്ചിട്ടുണ്ടെന്നും മഴക്കെടുതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരും ഇപ്പോഴും രക്ഷാപ്രവര്‍ത്തനങ്ങളില്‍ തുടരുന്നവരും നിര്‍ബന്ധമായും പ്രതിരോധ മരുന്ന് കഴിക്കേണ്ടതാണെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും പൊതുജനം ഇത് വേണ്ടത്ര ഗൗരവത്തില്‍ എടുത്തിട്ടുണ്ടെന്ന് തോന്നുന്നില്ല. പ്രതിരോധ ഗുളികകള്‍ കഴിക്കാന്‍ പലരും വിമുഖത കാണിക്കുന്നു. ഗുളികകള്‍ വാങ്ങിയവര്‍ അത് കഴിക്കുവാന്‍ കൂട്ടാക്കുന്നുമില്ല. ഡങ്കിപ്പനിയും മഞ്ഞപ്പിത്തവും പടരാനുള്ള സാധ്യതയും വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. ഇത്തരമൊരു സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതോടൊപ്പം തന്നെ മരണ ഹേതുവായിത്തീരുന്ന പകര്‍ച്ചവ്യാധികളുടെ ഗൗരവത്തെ സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പഞ്ചായത്തുകള്‍ തോറും ബോധവല്‍ക്കരണം നടത്തുന്നത് അടിയന്തരാവശ്യമാണ്.
പകര്‍ച്ചവ്യാധികള്‍ക്കൊപ്പം തന്നെ പ്രളയബാധിതരില്‍ പലര്‍ക്കും സംഭവിച്ചേക്കാവുന്ന മാനസിക സമ്മര്‍ദങ്ങള്‍ അവരുടെ ഭാവി ജീവിതത്തെ തന്നെ ഇരുളടഞ്ഞതാക്കാനുള്ള സാധ്യതകളും ഏറെയാണ്. മധ്യവര്‍ഗവിഭാഗത്തെയും കുട്ടികളെയുമായിരിക്കും ഇത് ഏറെയും ബാധിക്കുക. വരുമാനത്തില്‍ കവിഞ്ഞ ചെലവഴിക്കല്‍ വീട് പണിക്കായിരിക്കും ഇവരില്‍ ഏറെയും പേര്‍ നിര്‍വഹിച്ചിട്ടുണ്ടാവുക. വായ്പയെടുത്തും മറ്റും നിര്‍മിച്ച വലിയ വീടുകള്‍ ഒരു രാത്രി കൊണ്ട് പ്രളയം കവര്‍ന്നെടുത്തത് ക്ഷമയോടെ കാണാന്‍ പലര്‍ക്കും കഴിഞ്ഞെന്നു വരില്ല. പ്രളയം അവശേഷിപ്പിച്ച സ്വപ്ന വീടുകളുടെ അവശിഷ്ടങ്ങള്‍ കാണുമ്പോള്‍ സമചിത്തതയോടെ അത് കണ്ട് നില്‍ക്കാന്‍ കഴിയണമെന്നില്ല. കുട്ടികള്‍ക്കും ഇതേ പോലുള്ള മാനസിക പിരിമുറുക്കങ്ങള്‍ അനുഭവപ്പെടാനുള്ള സാധ്യതയും ഏറെയാണ്. വെള്ളം പതുക്കെ പൊങ്ങി വന്നപ്പോള്‍ അവരില്‍ പ്രത്യേക മാനസിക സമ്മര്‍ദങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടാവില്ല. കൂടെ രക്ഷിതാക്കളും ഉണ്ടല്ലോ എന്ന ആത്മവിശ്വാസം അവരില്‍ സുരക്ഷാ ബോധം ഉണ്ടാക്കിയിരിക്കാം. എന്നാല്‍ വീട് പ്രളയം വിഴുങ്ങാന്‍ അടുക്കുന്ന സമയത്ത് ഉടുതുണി മാത്രമായി രക്ഷിതാക്കള്‍ക്കൊപ്പം അവരുടെ ചുമലില്‍ കയറിയും ബോട്ടുകളില്‍ അള്ളി പിടിച്ചും വീട് ഉപേക്ഷിക്കേണ്ടി വന്നത് അവരില്‍ മാനസികാഘാതം സൃഷ്ടിച്ചിരിക്കാം. ദുരിതാശ്വാസ ക്യാംപുകളില്‍നിന്ന് മടങ്ങി വീടെത്തുമ്പോള്‍ കാണുന്ന വീടിന്റെ പരിതാപകരമായ അവസ്ഥ രക്ഷിതാക്കളെ കരയിപ്പിക്കുമ്പോള്‍ അത് കാണുന്ന കുഞ്ഞുമനസുകളും സമ്മര്‍ദങ്ങള്‍ക്ക് അടിപ്പെട്ടേക്കാം. നഷ്ടപ്പെട്ട പുസ്തകങ്ങള്‍, അലങ്കോലപ്പെട്ട കളിപ്പാട്ടങ്ങള്‍, തകര്‍ന്ന വീട് എന്നിവയെല്ലാം കുഞ്ഞുമനസുകളില്‍ ആഘാതം ഏല്‍പിച്ചേക്കാം. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ക്യാംപുകളില്‍നിന്ന് മടങ്ങിപ്പോകുന്ന കുടുംബങ്ങള്‍ വീടുകള്‍ വൃത്തിയാക്കി വാസയോഗ്യമാക്കിയതിന് ശേഷം മാത്രം കുട്ടികളെയും കൂട്ടി മടങ്ങുന്നതായിരിക്കും ഉചിതം. കുട്ടനാട്ടിലെ ജനങ്ങള്‍ക്ക് വെള്ളക്കെടുതി അത്രയധികം മാനസിക സമ്മര്‍ദം ഉണ്ടാക്കി കൊള്ളണമെന്നില്ല. കഷ്ടനഷ്ടങ്ങള്‍ അവര്‍ക്കും വന്ന് ഭവിച്ചിട്ടുണ്ട്. എന്നാല്‍ വെള്ളക്കെടുതിയെ നേരത്തെ പല തവണ അഭിമുഖീകരിക്കേണ്ടി വന്ന ജനതയാണ് അവര്‍. അതിന്റെയൊരു പരിചയം മാനസിക സമ്മര്‍ദത്തെ അതിജീവിക്കുവാന്‍ അവര്‍ക്ക് കരുത്ത് നല്‍കിയേക്കാം. എന്നാല്‍, ചെങ്ങന്നൂര്‍, കൊച്ചി പോലുള്ള പ്രളയത്തെ ആദ്യമായി അനുഭവിക്കേണ്ടി വന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ക്കുണ്ടായേക്കാവുന്ന മാനസിക പിരിമുറുക്കങ്ങള്‍ ഏറെയായിരിക്കും.
പുതിയൊരു കേരളാ സൃഷ്ടിക്കായി പ്രതിജ്ഞാബദ്ധരായി കഠിനാദ്ധ്വാനം ചെയ്യുന്ന സര്‍ക്കാരും സന്നദ്ധ സംഘടനകളും നിസ്വാര്‍ത്ഥരായ സേവനമനസ്‌കരും ഈയൊരു അവസ്ഥയെയുംകൂടി അഡ്രസ് ചെയ്യേണ്ടതുണ്ട്. ഒന്നര ലക്ഷം കുട്ടികള്‍ മാത്രം പ്രളയക്കെടുതിക്ക് ഇരയായിട്ടുണ്ട്. ആകുലതകള്‍ കുട്ടികളിലേക്ക് പടരാതിരിക്കാന്‍ അവര്‍ക്ക് പരമാവധി സ്‌നേഹവും സുരക്ഷിതത്വവും നല്‍കേണ്ട സമയമാണിത്. പ്രളയാനന്തരം ഉണ്ടാകുന്ന മാനസിക സംഘര്‍ഷം ദേശീയ ശരാശരിയെക്കാള്‍ കൂടുതലായിരിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രളയ ദുരന്തം കേരളത്തെ സംബന്ധിച്ച് അപൂര്‍വ പ്രതിഭാസമാണ്. അതിനെ നേരിടുന്നതില്‍ മാനസിക സമ്മര്‍ദവും കൂടും.
പ്രളയ ബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ പേടിയും അരക്ഷിതാവസ്ഥയും മാറ്റിയെടുക്കാന്‍ പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ നിംഹാന്‍സ് ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം, ഹയര്‍ സെക്കന്‍ഡറി കരിയര്‍ ഗൈഡന്‍സ് നടപ്പാക്കിയ 'സപ്പോര്‍ട്ട് പത്തനംതിട്ട' പദ്ധതി പോലുള്ള നടപടികള്‍ വയനാട് തൊട്ടുള്ള പ്രളയബാധിത ജില്ലകളിലൊക്കെയും നടത്തേണ്ടതുണ്ട്. നവകേരള സൃഷ്ടിക്കൊപ്പം പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ ശാരീരികാരോഗ്യവും മാനസികാരോഗ്യവും നമുക്ക് വീണ്ടെടുക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."