സുപ്രിം കോടതി വിധി അഭിനന്ദനാര്‍ഹം
മതത്തിന്റെ പേരിലുള്ള അധിക്ഷേപം അഭിപ്രായ സ്വാതന്ത്ര്യമായി കാണാനാകില്ലെന്ന സുപ്രിം കോടതി വിധി ഇന്ത്യയിലെ മുസ്‌ലിംകളടക്കമുള്ള മതന്യൂനപക്ഷങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. രണ്ടാം തവണ നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണത്തില്‍ വന്നതിനു ശേഷം മുസ്‌ലിംകള്‍ക്ക് നേരെയുള്ള അധിക്ഷേപത്തിന് ആക്കം വര്‍ധിച്ചിരിക്കുകയാണ്. കൊറോണ വൈറസിനെ കവച്ചുവയ്ക്കുന്ന വെറുപ്പിന്റെ വൈറസിനെയാണ് അവര്‍ മുസ്‌ലിംകള്‍ക്കെതിരേ നാനാഭാഗങ്ങളില്‍ നിന്നും ഉല്‍പാദിപ്പിച്ചു കൊണ്ടിരിക്കുന്നത്.
ഹിറ്റ്‌ലറുടെ നാസി ജര്‍മനിയില്‍ ഫാസിസത്തിന്റെ പണിശാലയില്‍ രൂപംകൊടുത്ത അതേ വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണിപ്പോള്‍ സംഘ്പരിവാര്‍ രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും മുസ്‌ലിംകള്‍ക്കെതിരേ നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ എല്ലാ കുഴപ്പങ്ങള്‍ക്കും മുസ്‌ലിംകളാണ് കാരണക്കാര്‍ എന്ന കുപ്രചാരണമാണിപ്പോള്‍ സംഘ്പരിവാര്‍ വ്യാപകമായി അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. അതുവഴി രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന ഹിന്ദു സഹോദരന്മാരെ മുസ്‌ലിംകള്‍ക്കെതിരേ ശത്രുപക്ഷത്ത് നിര്‍ത്തുക എന്നതാണവര്‍ ആത്യന്തികമായി ലക്ഷ്യംവയ്ക്കുന്നത്. അതുവഴി ഹിന്ദുത്വ രാഷ്ട്രരൂപീകരണം എളുപ്പമാക്കാമെന്നവര്‍ കണക്കുകൂട്ടുന്നു. ഇതു തന്നെയായിരുന്നു ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ പ്രയോഗിച്ചത്. ജൂതരെ ഉന്മൂലനം ചെയ്യാന്‍ അവര്‍ക്കെതിരേ വ്യാപകമായ തോതില്‍ വിദ്വേഷം പ്രചരിപ്പിക്കുകയായിരുന്നു ഹിറ്റ്‌ലറുടെ പ്രചാരണ വിഭാഗം തലവനായിരുന്ന ഗീബല്‍സിന്റെ നേതൃത്വത്തില്‍. അതിനാല്‍ തന്നെ ജൂതരെ നാസിപ്പട കൊന്നൊടുക്കിയപ്പോള്‍ അതിനെതിരേ ശബ്ദിക്കാന്‍ ജര്‍മനിയില്‍ ആരും ഉണ്ടായിരുന്നില്ല. അതേതന്ത്രമാണ് ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ മുസ്‌ലിംകള്‍ക്കെതിരേ ഇപ്പോള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ, ചരിത്രം ഒരിക്കലും അതേപടി ആവര്‍ത്തിക്കില്ലെന്നും ആവര്‍ത്തിക്കുന്നുവെങ്കില്‍ അത് പ്രഹസനമായിരിക്കുമെന്നുമാണ് ലോകത്തിന്റെ ഇന്നോളമുള്ള ചരിത്രം.
ഏറ്റവുമവസാനമായി സംഘ്പരിവാര്‍ പണിശാലയില്‍ രൂപംകൊണ്ടതാണ് മുസ്‌ലിം സമുദായം യു.പി.എസ്.സി പരീക്ഷകളില്‍ നുഴഞ്ഞുകയറി വിജയിച്ചുകൊണ്ടിരിക്കുന്നുവെന്ന ദുരുപദിഷ്ടമായ ആരോപണം. ആര്‍.എസ്.എസ് അനുകൂല ചാനലായ സുദര്‍ശന്‍ ന്യൂസ് ടി.വിയായിരുന്നു ഈ ആരോപണം ഉന്നയിക്കുന്ന 'ബിന്ദാസ് ബോല്‍' എന്ന വിഷലിപ്ത പരിപാടി സംപ്രേഷണം ചെയ്തുകൊണ്ടിരുന്നത്. മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷം ജനിപ്പിക്കുന്ന ഈ പരിപാടിയുടെ സംപ്രേഷണം നിര്‍ത്തിവയ്ക്കാന്‍ ഒരു ഉത്തരവിലൂടെ കഴിഞ്ഞ ദിവസം സുപ്രിം കോടതി ഉത്തരവിട്ടിരിക്കുകയാണ്. ജസ്റ്റിസ് ചന്ദ്രചൂഡ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് കെ.എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. തമസിന്റെ ശക്തികളാല്‍ വേട്ടയാടിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടമാണ് ഈ വിധി പ്രസ്താവം.
സുദര്‍ശന്‍ ന്യൂസ് ടി.വി സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന വിഷക്കാറ്റൂതുന്ന ഈ പരിപാടി, സംഘ്പരിവാര്‍ നേരത്തെ പ്രയോഗിച്ച് ചാവടിയന്തിരം നടത്തിയ 'ലൗ ജിഹാദി'ന്റെ പ്രേതമാണ്. 'മുസ്‌ലിം ചെറുപ്പക്കാര്‍ ഹിന്ദു മതക്കാരായ പെണ്‍കുട്ടികളെ പ്രണയിച്ച് വിവാഹം ചെയ്തു തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നുവെന്നായിരുന്നു സംഘ്പരിവാര്‍ വ്യാപകമായി പ്രചരിപ്പിച്ചത്. രാജ്യത്തെ എല്ലാ കുറ്റാന്വേഷണ ഏജന്‍സികളും അതേപറ്റി അന്വേഷിച്ചു. അങ്ങനെയൊരു ജിഹാദ് രാജ്യത്ത് നടക്കുന്നില്ലെന്ന് ഒടുവില്‍ അന്വേഷണ ഏജന്‍സികളും സുപ്രിം കോടതിയും വിലയിരുത്തി. കോടതി വിധി വന്നിട്ടും സംഘ്പരിവാറിനെ സന്തോഷിപ്പിക്കാനെന്നവണ്ണം ഭൂമി തട്ടിപ്പില്‍ അന്വേഷണം നേരിടുന്ന ഒരു ക്രിസ്ത്യന്‍ സംഘടനയും ആരോപണം ഏറ്റുപിടിച്ചെങ്കിലും എവിടെയും ഏശിയല്ല.
അതിന്റെ മറ്റൊരു വകഭേദമാണിപ്പോഴത്തെ 'യു.പി.എസ്.സി ജിഹാദ്'. ഇതിനെതിരേ സമര്‍പ്പിച്ച ഹരജിയുടെ വാദത്തിനിടെ രൂക്ഷവിമര്‍ശനമാണ് സുപ്രിം കോടതി നടത്തിയത്. 'ഈ പരിപാടിക്ക് ഒരു ഗൂഢലക്ഷ്യമുണ്ട്. ഒരു സമുദായത്തെ താറടിക്കാനുള്ള ലക്ഷ്യം ഇതിന് പിന്നിലുണ്ട്. പൊതുപരീക്ഷയാണ് മുസ്‌ലിംകളും എഴുതുന്നത്. പൊതുവായി തന്നെയാണ് അഭിമുഖവും'. യു.പി.എസ്.സി പരീക്ഷകളുടെ വിശ്വാസ്യതയാണ് ഇതിലൂടെ ചോദ്യം ചെയ്യുന്നതെന്ന ജസ്റ്റിസ് ചന്ദ്രചൂഡിന്റെ രൂക്ഷ വിമര്‍ശനത്തില്‍ പതറിയ സുദര്‍ശന്‍ ടി.വി വക്താവ് മുസ്‌ലിംകളെ അധിക്ഷേപിക്കലായിരുന്നില്ല ഉദ്ദേശ്യമെന്നും മാധ്യമ സ്വാതന്ത്ര്യത്തോടെ ചര്‍ച്ച സംഘടിപ്പിക്കുകയായിരുന്നുവെന്ന വിശദീകരണവും കോടതി അംഗീകരിച്ചില്ല. മാധ്യമ സ്വാതന്ത്ര്യമെന്നത് അനിയന്ത്രിതമല്ല. ജനങ്ങള്‍ക്കുള്ള സ്വാതന്ത്ര്യമേ മാധ്യമങ്ങള്‍ക്കും ഉള്ളൂ. ഒരു സ്വാതന്ത്ര്യവും നിരുപാധികമല്ല.
ഭരണഘടനയുടെ സംരക്ഷകരെന്ന നിലയില്‍ സഹവര്‍തിത്വം ഇല്ലാതാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. ഇത്തരം ഇലക്ട്രോണിക് മാധ്യമ സ്ഥാപനങ്ങളുടെ വരുമാന സ്രോതസ് അന്വേഷിക്കേണ്ടതുണ്ടെന്ന ജസ്റ്റിസ് കെ.എം ജോസഫിന്റെ നിരീക്ഷണവും ശ്രദ്ധേയമായിരുന്നു. ഒരു സമുദായം സിവില്‍ സര്‍വിസിലേക്ക് കൂടുതലായി വരുന്നുവെന്ന അവതാരകന്റെ വാക്കുകള്‍ ദുഷ്ടലാക്കോടെയുള്ളതാണ്. ഇതുപോലെ നിരവധി നിശിത വിമര്‍ശനങ്ങളാണ് ഹരജി പരിഗണിച്ച ജസ്റ്റിസ് ചന്ദ്രചൂഡും കെ.എം ജോസഫും സുദര്‍ശന്‍ ടി.വി അവതാരകനും ചീഫ് എഡിറ്ററുമായ സുരേഷ് ചാവ്ഹങ്കെക്കെതിരേ നടത്തിയത്. സുദര്‍ശന്‍ ടി.വിയിലൂടെ രാജ്യത്തിന് ദ്രോഹം ചെയ്തുകൊണ്ടിരിക്കുകയാണ് സുരേഷ് ചാവ്ഹങ്കെയെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി.
ഇത്തരമൊരു സുപ്രധാന വിധിയിലൂടെ വര്‍ഗീയ വൈറസുകളെയാണ് സുപ്രിം കോടതി തടഞ്ഞത്. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിച്ച ജഡ്ജിമാരോട് രാജ്യം കടപ്പെട്ടിരിക്കുന്നു. രാജ്യത്തെ മുഴുവന്‍ മതേതര ജനാധിപത്യ വിശ്വാസികളുടേയും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ അവര്‍ക്കുണ്ടാകും തീര്‍ച്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."