കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് 'ബോണസടിച്ചു'
തിരുവനന്തപുരം: ജീവനക്കാരുടെ പ്രതിഷേധങ്ങള്‍ക്കും നിവേദനം നല്‍കലിനും ഫലം കണ്ടു, കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് ഓണം ബോണസ് അനുവദിച്ചു. തൊഴിലാളി യൂനിയനുകള്‍ നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തുക അനുവദിച്ചു നല്‍കിയതിനെ തുടര്‍ന്നാണ് ബോണസ് നല്കാന് തീരുമാനമായത്.
21000 രൂപയില്‍ താഴെ വരുമാനമുള്ള 5360 ജീവനക്കാര്‍ക്കാണ് ബോണസിന്റെ ഗുണം ലഭിക്കുക. ഇതിനായി നാല് കോടി രൂപ വേണ്ടിവരും. ബോണസ് ഇന്നുമുതല്‍ വിതരണം ചെയ്യും. മറ്റുള്ളവര്‍ക്ക് ബോണസ് അനുവദിക്കുകയും കെ.എസ്.ആര്.ടി.സിയില്‍ അനുവദിക്കാതിരിക്കുകയും ചെയ്തതില്‍ ശക്തമായ പ്രതിഷേധമാണ് ജീവനക്കാര്ക്കിടയിലുണ്ടായത്. പ്രത്യേക എക്സ്ഗ്രേഷ്യോയും ഉത്സവബത്തയും ഓണം അഡ്വാന്‍സും അനുവദിച്ചിരുന്നില്ല. എക്സ്ഗ്രേഷ്യോയും ഉത്സവബത്തയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയും ചെയ്തിരുന്നു.ഇതിനിടെ മെക്കാനിക്കല്‍ വിഭാഗത്തിലെ കോച്ച് ബില്‍ഡര്‍, ബ്ലാക്സ്മിത്ത്, അപ്പോഴ്സര് തസ്തികകളില്‍ ജോലി ചെയ്തിരുന്ന എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട മാനേജ്മെന്റിന്റെ നടപടിക്കെതിരേ ചീഫ് ഓഫിസിനു മുന്നില്‍ ഈമാസം ആറ് മുതല്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കാന്‍ യൂനിയനുകളുടെ യോഗം തീരുമാനിച്ചു. ശേഷവും പിരിച്ചുവിട്ടവരുടെ കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ പണിമുടക്കിന് നോട്ടിസ് നല്‍കാനും തീരുമാനമായി.എല്ലാ ഷെഡ്യൂളുകളും ഈ ഒന്‍പത് മുതല്‍ ഓര്‍ഡിനറി സര്‍വിസുകളില്‍ സിംഗിള്‍ ഡ്യൂട്ടിയാക്കി മാറ്റുന്നതോടെ പ്രതിദിന സര്‍വിസില്‍ ഒരു ലക്ഷം കി.മീറ്റര്‍ വെട്ടിച്ചുരുക്കാനും യാത്രക്കാരില്ലാത്ത സമയങ്ങളില്‍ ബസ് സര്‍വിസ് കേന്ദ്രീകരിക്കാനും തീരുമാനമായിട്ടുണ്ട്. സിംഗിള്‍ ഡ്യൂട്ടി വരുന്നതോടെ എല്ലാ ദിവസവും ജീവനക്കാര്‍ ജോലിക്ക് ഹാജരാകേണ്ടിവരും.
പരിഷ്കാരത്തിന്റെ ഭാഗമായി 40 ശതമാനം സര്‍വിസുകള്‍ വെട്ടിക്കുറച്ചതായും സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായവും വരുന്നതോടെ എംപാനല്‍ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നും യൂനിയനുകള്‍ ആരോപിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."