ഡല്‍ഹി പൊലിസ് യക്ഷിവേട്ട തുടരുമ്പോള്‍
തന്നിഷ്ടക്കാരിയും താന്തോന്നിയുമായ ഭാര്യ നടത്തിയ മോഷണക്കുറ്റത്തില്‍, അവളുടെ അപരാധിയല്ലാത്ത ഭര്‍ത്താവിനെ, പ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്യുന്ന പൊലിസുദ്യോഗസ്ഥനോട്, ചാള്‍സ് ഡിക്കന്‍സിന്റെ വിഖ്യാത കഥാപാത്രം നിയമം ഒരു കഴുതയാണെന്നാക്രോശിക്കുന്ന രംഗം പ്രസിദ്ധമാണ്. ഡിക്കന്‍സ് ഇങ്ങനെ എഴുതിയപ്പോള്‍ അദ്ദേഹം ഡല്‍ഹി പൊലിസിലെ മഹാമേരുക്കളെ സ്വപ്നത്തില്‍പോലും സങ്കല്‍പ്പിച്ചിട്ടുണ്ടാവില്ല, കാരണം ഇത്രമാത്രം ഭാവനാമതികളും ബുദ്ധിവൈഭവമാര്‍ന്നവരും ലോകചരിത്രത്തില്‍ തന്നെയുണ്ടായില്ലെന്നതിന് തെളിവാണ് ഡല്‍ഹി വംശഹത്യ സംബന്ധമായി അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന അന്വേഷണങ്ങള്‍. ഏറ്റവും ഒടുവിലായി അറസ്റ്റ് ചെയ്തിരിക്കുന്നത് സ്ഥിരം ഇരയായ ഉമര്‍ ഖാലിദിനെ തന്നെ. ഇരുളിന്റെ മറവില്‍, ഒരു വിദ്യാര്‍ഥിനേതാവിനെ, ഡല്‍ഹി നഗരത്തിലെ 'ഒളിമാള'ത്തില്‍ ചെന്ന് നാടകീയമായി അറസ്റ്റ് ചെയ്തു എന്ന വിശേഷണമൊന്നും ഈ നടപടിക്കില്ല എന്നത് നേര്. പക്ഷേ, ആ ചരിത്രഗവേഷകനെതിരില്‍ പൊലിസ് തയാറാക്കിയിരിക്കുന്നത് ഷെര്‍ലോക്ക് ഹോംസിനെ ഞെട്ടിപ്പിക്കുന്ന കുറ്റപത്രമാണെന്നത് സമ്മതിച്ചേ പറ്റൂ.
അതിലെ കാര്യമായ ആരോപണം ഇങ്ങനെ: സി.എ.എക്കെതിരില്‍ ന്യൂനപക്ഷങ്ങളെ ഇളക്കിവിട്ട്, ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനസമയത്ത് തലസ്ഥാനത്ത് ഒരു വന്‍കലാപത്തിന് കോപ്പുകൂട്ടാന്‍ ഖാലിദ് കഴിഞ്ഞ ജനുവരി എട്ടിന് പലരുമായി ഗൂഢാലോചന നടത്തുകയും ഇതിനായുള്ള പണം പോപുലര്‍ ഫ്രണ്ട് വഴി സംഘടിപ്പിച്ച് കൊടുക്കാമെന്ന് വാഗ്ദാനവും ചെയ്തു. ഫെബ്രുവരി പതിനൊന്നിന് മാത്രം സ്ഥിരീകരിച്ച ട്രംപ് സന്ദര്‍ശനത്തെ കുറിച്ച് എങ്ങനെ ജനുവരിയില്‍തന്നെ ഖാലിദിന് വിവരം കിട്ടിയെന്ന് ചോദിക്കരുത്. ഇവിടെയാണ് ഡല്‍ഹി പൊലിസിന്റെ അപസര്‍പ്പകത്വം മെനയാനുള്ള ഗെബ്രിയേല്‍ ഗാര്‍ഷ്യാ മാര്‍ക്കേസിനെ വെല്ലും മികവ്. തീര്‍ന്നില്ല, അവരുടെ മഹാമിടുക്ക്. 'സ്‌ക്രോള്‍' ഓണ്‍ലൈനിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഇത് സംബന്ധമായി ഡല്‍ഹി പൊലിസ് ഉണ്ടാക്കിയിരിക്കുന്നത് ഒരു മഹാഭീമന്‍ കുറ്റപത്രമാണ്. പൊലിസിന്റെ തന്നെ മൊഴിയനുസരിച്ച് പതിനൊന്ന് ലക്ഷം പേജോളം വരുന്ന രേഖകളെ സംബന്ധിച്ച് അവര്‍ക്ക് ഖാലിദിനോട് തെളിവെടുക്കാനുണ്ട്. ഇത് സ്‌ക്രോള്‍ റിപ്പോര്‍ട്ടര്‍ക്ക് തെറ്റിയതായിരിക്കുമെന്ന് കരുതി വീണ്ടും ആ ഭാഗം പരിശോധിച്ചപ്പോള്‍ ഇംഗ്ലീഷ് അക്ഷരങ്ങളില്‍ തന്നെ ലഹല്‌ലി ഹമസവ ുമഴല െഎന്നെഴുതിയതാണ് കാണാന്‍ പറ്റിയത്. വെറും മുപ്പത്തിമൂന്ന് വയസുള്ള ഒരു ചെറുപ്പക്കാരന് 11 ലക്ഷം പേജുള്ള രേഖകളെ കുറിച്ച് വല്ല ധാരണയുമുണ്ടാകണമെങ്കില്‍, അയാള്‍ പ്രതിദിനം എത്ര രേഖകള്‍ കണ്ടിരിക്കണം. ഐന്‍സ്‌റ്റൈനെ വെല്ലുന്ന ഇങ്ങനത്തെ ഒരു 'ടെററിസ്റ്റ് മാസ്റ്റര്‍ മൈന്‍ഡി'നെയാണ് ഡല്‍ഹി പൊലിസ് വീണ്ടും വീണ്ടും പിടികൂടുന്നതെങ്കില്‍ കോടതി പിന്നെ എങ്ങനെ പത്ത് ദിവസം പ്രതിയെ റിമാന്റില്‍ വിടാതിരിക്കും?
ഇത്തരത്തിലുള്ള കുറ്റപത്രം തയാറാക്കുന്നതിലുള്ള പൊലിസിന്റെ ത്യാഗമനസ്‌കതയില്‍ ആര്‍ക്കെങ്കിലും അസൂയതോന്നുന്നുവെങ്കില്‍ അവിടെയാണ് അമിത് ഷാ നിയന്ത്രിക്കുന്ന പൊലിസിന്റെ മികവംഗീകരിക്കേണ്ട മഹാരഹസ്യം കുടികൊള്ളുന്നത്. ഒരാള്‍ക്കെതിരില്‍ കുറ്റപത്രമുണ്ടാക്കാന്‍ അത്രയധികം ഹോംവര്‍ക്കോ മാരണവിദ്യയോ ഒന്നും വേണ്ടതില്ലെന്ന് ഡല്‍ഹി പൊലിസ് തെളിയിച്ചിരിക്കുന്നു. ഒരു ഹെവി ഡ്യൂട്ടി ഫോട്ടോസ്റ്റാറ്റ് മെഷീനും ഒരു നാലാം കൂലി ചപ്രാസിയുമുണ്ടായാല്‍ എത്ര ലക്ഷം പേജുള്ള കുറ്റപത്രം വേണമെങ്കിലും രായ്ക്കുരാമാനം ചമച്ചുണ്ടാക്കാന്‍ ഡല്‍ഹി പൊലിസിന് കഴിയുമെന്നതാണ് കാര്യം. 'സ്‌ക്രോള്‍' റിപ്പോര്‍ട്ട് പ്രകാരം ഉമര്‍ ഖാലിദിനെതിരേ കൊടുത്തിരിക്കുന്ന കുറ്റപത്രങ്ങളിലെ മിക്ക കാര്യങ്ങളും നേരത്തെ മറ്റ് സമരക്കാര്‍ക്കെതിരേ സമര്‍പ്പിച്ച കുറ്റപത്രങ്ങളിലെ ആരോപണങ്ങളുടെ ഈച്ചപ്പകര്‍പ്പുകളാണ്. കോടതിയില്‍ ഇവയൊന്നും നിലനിന്നില്ലെങ്കിലും പൊലിസിന് ഒരു ചുക്കുമില്ല. നീണ്ട നാളത്തെ കസ്റ്റഡി ഭേദ്യവും ചോദ്യവും ഇതിനിടയില്‍ മുറപോലെ നടത്താം. സര്‍ക്കാരിനെതിരില്‍ ഇനിയും തെരുവിലിറങ്ങാനോ ജനാധിപത്യപരമായി പ്രതിഷേധിക്കാനോ ഏതെങ്കിലും ഖാലിദോ, സത്യസായിയോ, സഫൂറയോ മുതിരുന്നുവെങ്കില്‍, അവരെ ലാത്തിയും, യു.എ.പി.എയും തിഹാര്‍ ജയിലും കാട്ടി വിരട്ടാം. എല്ലാം കഴിഞ്ഞ് കോടതി നിരപരാധികളെന്ന് കണ്ട് വിട്ടയച്ചാല്‍ വീണ്ടും പുതിയ കേസുകളും പുലിവാലുകളുമുണ്ടാക്കി പിന്നെയും ജയിലിലടക്കാം. അപ്പോഴും ഫോട്ടോസ്റ്റാറ്റ് മെഷീനുകള്‍ സജീവമാവുകയും പഴയ ആരോപണങ്ങള്‍ തന്നെ പുതിയ മഷിയില്‍ നൃത്തമാടുകയും ചെയ്യും. അവയിലൂടെയൊക്കെ അരിച്ചുപെറുക്കാന്‍, കോടതികള്‍ക്കും വക്കീലന്‍മാര്‍ക്കും വര്‍ഷങ്ങള്‍ തന്നെ വേണ്ടി വരുമ്പോള്‍, നീതി നിരപരാധികള്‍ക്ക് എന്നും അന്യമാക്കിനിര്‍ത്താന്‍ നിയമപാലകര്‍ക്ക് കഴിയും.
ഇവിടെയാണ് ഡല്‍ഹി വംശഹത്യയുടെ പേരില്‍ പൊലിസ് നടത്തുന്ന യക്ഷിവേട്ടയേയും, കുറ്റകരമായ നീതിനിഷേധത്തെയും കുറിച്ച് ഒന്‍പത് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ഒപ്പുവച്ച നിവേദനം പ്രസക്തമാകുന്നത്. വംശഹത്യാ സമയത്തും തുടര്‍ന്നും നിയമപാലകരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചകളാണ് അതില്‍ അവര്‍ അക്കമിട്ട് നിരത്തുന്നത്. ജൂലിയോ റിബേറോ അടക്കമുള്ള ആ ഉദ്യോഗസ്ഥര്‍, വംശഹത്യ അന്വേഷിക്കുന്ന പൊലിസ് അവരുടെ സത്യപ്രതിജ്ഞാവാചകത്തോട് അല്‍പ്പമെങ്കിലും നീതികാട്ടിയോ എന്ന് ചോദിക്കുന്നു. എന്നാല്‍, മോദി ഭരിക്കുന്ന ഇന്ത്യയില്‍ സത്യമെന്നത് മുന്‍പ് ഷെയ്ക്‌സ്പിയര്‍ പറഞ്ഞപോലെ കൂട്ടിലടക്കപ്പെടേണ്ട പട്ടിയായാണ് കണക്കാക്കപ്പെടുന്നതെന്ന് എന്നോ വിരമിച്ച ഈ നിയമപാലകര്‍ ഒരുവേള മനസിലാക്കിയിട്ടുണ്ടാകില്ല.
രാജ്യ തലസ്ഥാനത്തെ പൊലിസിന് പക്ഷേ മനുഷ്യത്വമില്ലെന്ന് ആരും തെറ്റിദ്ധരിക്കേണ്ടതില്ല. കലാപകാരികളോട് തോള്‍ ചേര്‍ന്ന് മുസ്‌ലിം വീടുകള്‍ കല്ലെറിയുകയും ആത്മരക്ഷാര്‍ഥം കറിക്കത്തിയെടുത്ത വീട്ടമ്മമാരെപോലും ഉഗ്രവകുപ്പുകള്‍ ചേര്‍ത്ത് വേട്ടയാടുകയും ചെയ്ത ഇവരുടെ മനുഷ്യ സ്‌നേഹം പുറത്തുവന്നത് വംശഹത്യയ്ക്ക് നേതൃത്വം കൊടുത്ത ഭൂരിപക്ഷസമുദായത്തിലെ ഏതാനും യുവാക്കളെ 'വകതിരിവില്ലാത്ത' ഏതോ കീഴ്ജീവനക്കാര്‍ അറസ്റ്റ് ചെയ്തപ്പോഴാണ്. സ്‌പെഷല്‍ കമ്മിഷണര്‍ പ്രവീര്‍ രഞ്ജന്‍ 'മാന്യമായി' വംശഹത്യ നടത്തിയ ഹിന്ദു യുവാക്കള്‍ക്കെതിരേ നടപടിയെടുത്ത തന്റെ കീഴ്ജീവനക്കാരെ ഉടനെ മൂക്കുകയറിട്ട് പിടിച്ചുനിര്‍ത്തി. ഉത്തരവാദപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ ഇത്രയെങ്കിലും ചെയ്തില്ലെങ്കില്‍, മന്‍മോഹന്‍ സിങ് പാര്‍ലമെന്റില്‍ മുമ്പ് കലാപവിരുദ്ധ ബില്ലവതരിപ്പിച്ചപ്പോള്‍ അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്ത യജമാനന്മാരോട് അല്‍പ്പമെങ്കിലും കൂറുണ്ടെന്ന് എങ്ങനെ തെളിയിക്കും.
ഡല്‍ഹി വംശഹത്യ മതന്യൂനപക്ഷങ്ങള്‍ക്കുള്ള വ്യക്തമായ ഒരു സന്ദേശമായാണ് സംഘ്പരിവാര്‍ പ്രഭൃതികള്‍ ആസൂത്രണം ചെയ്തത്: ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ നിങ്ങള്‍ക്ക് രക്ഷയില്ലായിരിക്കാം; പക്ഷേ, ഞങ്ങളെ തോല്‍പ്പിച്ചാല്‍ നിങ്ങള്‍ ഒടുക്കേണ്ടി വരുന്നത് കൂടുതല്‍ കനത്ത വിലയായിരിക്കും'. ബാലറ്റ് പേപ്പറിലൂടെപോലും പ്രതിഷേധിക്കാന്‍ ന്യൂനപക്ഷങ്ങള്‍ക്കവകാശമില്ലെന്ന സന്ദേശമാണ് ഇതിലൂടെ അവര്‍ കൈമാറിയത്. മുസ്‌ലിംകള്‍ വോട്ടുചെയ്ത് വിജയിപ്പിച്ച ഡല്‍ഹി മുഖ്യമന്ത്രിയാകട്ടെ, അന്ന് ദിഗന്തങ്ങളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്നു. ഒരു വാട്‌സ്ആപ്പ് കമന്റ് പ്രകാരം ഡല്‍ഹിയില്‍ അന്ന് കേട്ട ഏറ്റവും അറപ്പുളവാക്കിയ ശബ്ദം വംശഹത്യക്കാരുടെ നരനായാട്ടിന്റെ ആര്‍പ്പ് വിളികളായിരുന്നില്ല, മറിച്ച് ഡല്‍ഹി മുഖ്യന്റെ കുംഭകര്‍ണ്ണ ഘര്‍ഘരങ്ങളായിരുന്നു.
ഡല്‍ഹി വംശഹത്യയുടെ തീജ്വാലകള്‍ അന്തരീക്ഷത്തെ പ്രക്ഷുബ്ധമാക്കുന്നതിന് എത്രയോ മുമ്പ് തന്നെ അതിന് കാരണമായ കനലുകള്‍ ഇന്ദ്രപ്രസ്ഥത്തില്‍ സജീവമായിരുന്നുവെന്നതാണ് വസ്തുത. 2017ല്‍ പ്രസിദ്ധീകരിക്കപ്പെട്ട 'പരമാനന്ദത്തിന്റെ മന്ത്രാലയത്തില്‍' ഡല്‍ഹിയിലെ ചേരിപ്രദേശത്ത് താമസിക്കുന്ന ഹിജഡകളുടേതായ ഒരാത്മഗതം ചിത്രീകരിക്കുന്നുണ്ട്. ഗുജറാത്തിലെ ഒരു ദര്‍ഗാ സന്ദര്‍ശനവേളയില്‍ കലാപകാരികളുടെ കൈയിലകപ്പെടുന്ന അഞ്ജൂമിനെ കൊല്ലാന്‍ അവര്‍ കഠാരയുമായെത്തുന്നു. അപ്പോഴാണ് അവള്‍ ഒരു ഹിജഡയാണെന്ന് തിരിച്ചറിയുന്നതും ഹിജഡയെ കൊന്നാലുണ്ടാകാവുന്ന ആപത്തുകളെ കുറിച്ച് അവര്‍ക്ക് ബോധോദയമുണ്ടാകുന്നതും. അവര്‍ അഞ്ജുമിന്റെ കൂട്ടാളിയെ കൊന്നെങ്കിലും അവളെ / അവനെ വെറുതെ വിട്ടു. തന്നെ പോലെ ഒരു നപുംസകമായി ജനിക്കാന്‍ ഭാഗ്യമില്ലാതിരുന്ന കൂട്ടാളിയുടെ കൊലയുടെ നടുക്കുന്ന ഓര്‍മ്മകളുമായി ഡല്‍ഹിയില്‍ തിരിച്ചെത്തിയ അഞ്ജും അന്ന് മുതല്‍ ജീവിച്ചത് ഏത് നിമിഷവും ഗുജറാത്ത് ഡല്‍ഹിയിലെത്തിയേക്കാമെന്ന ഭീതിയിലാണ്.
2014ല്‍ നരേന്ദ്രമോദി ഡല്‍ഹി സിംഹാസനത്തില്‍, ഇരിപ്പുറപ്പിക്കുമ്പോള്‍ അദ്ദേഹം ഗുജറാത്ത് 2002ന്റെ ആ മാരക വൈറസുമായാണ് അവിടെ എത്തിയത്. മറ്റൊരു ഗുജറാത്തിയായിരുന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന മഹാന്റെ ജീവനെടുത്ത വൈറസിന്റെ ഒരു ചെറിയ മ്യൂട്ടന്റ് മാത്രമായിരുന്നു ആ വൈറസ് എന്നത് ചരിത്ര വിദ്യാര്‍ഥികള്‍ സാക്ഷിപ്പെടുത്തിയ ഒരു വസ്തുത മാത്രം. കൊവിഡിനേക്കാള്‍ വിനാശകരമായ ആ വൈറസ് ഡല്‍ഹിയിലെ നിയമപാലകരെ പോലും ഗ്രസിച്ചതിന്റെ സൂചനകളാണ് ഇന്ന് ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന യക്ഷിവേട്ടകള്‍. അതിന്റെ വലയത്തില്‍ തല്‍ക്കാലം പെട്ടത് ഒരു ഉമര്‍ ഖാലിദും യച്ചൂരിയുമെല്ലാമാണെങ്കിലും മതേതരത്വത്തിലും മനുഷ്യാവകാശങ്ങളിലും വിശ്വസിക്കുന്ന ആരും തന്നെ അതിന്റെ സാംക്രമികഭീഷണിയില്‍ നിന്ന് മുക്തരല്ലെന്നതാണ് വസ്തുത.
ജനാധിപത്യത്തിന്റെ സേഫ്റ്റിവാള്‍വെന്ന് ജസ്റ്റിസ് ചന്ദ്രചൂഡന്‍ വിശേഷിപ്പിച്ച വിയോജിക്കുവാനും അത് പ്രകടിപ്പിക്കുവാനുമുള്ള അവകാശത്തെയാണ് സംഘ്പരിവാര്‍ അമര്‍ച്ച ചെയ്യാന്‍ നോക്കുന്നത്. അല്ലെങ്കിലും പരിവാര്‍ പ്രഭൃതികളില്‍നിന്ന് ജനാധിപത്യ മര്യാദകള്‍ പ്രതീക്ഷിക്കാമെന്ന് വിശ്വസിക്കാന്‍ പാടുപെടുന്ന, ബി.ജെ.പിക്കാര്‍ ഫാസിസ്റ്റുകളല്ലെന്ന് തിട്ടൂരമിറക്കിയ യെച്ചൂരിയുടെ മുന്‍ഗാമി പ്രകാശ് കാരാട്ടടക്കമുള്ള ശുദ്ധഗതിക്കാരല്ലേ ഇവിടെ യഥാര്‍ഥ അപരാധികള്‍?.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."