കുഴിച്ചുമൂടപ്പെടുന്ന നീതിയും ധര്‍മവും
രാജ്യത്ത് അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്ന ഓരോ വാര്‍ത്തകളും നമ്മെ ഭയപ്പെടുത്തുന്നതും ഏറെ ലജ്ജിപ്പിക്കുന്നതുമാണ്. മനുഷ്യത്വം മരവിച്ചുപോയ കാഴ്ചകളാണ് ദൈനംദിനം കണ്ടും കേട്ടുമിരിക്കുന്നത്. നീതിക്കുവേണ്ടി കാവലിരിക്കുന്നവര്‍ തന്നെ അവയെ കശാപ്പ് ചെയ്യുന്നു. കൊവിഡിന്റെ ഭയപ്പാടില്‍ ജനങ്ങളെല്ലാം ഒരിക്കലെങ്കിലും മാനം തെളിയുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് കൊവിഡ് രോഗിയെ പീഡിപ്പിച്ചുവെന്ന അത്യന്തം ഞെട്ടിപ്പിക്കുന്നതും ലജ്ജിപ്പിക്കുന്നതുമായ വാര്‍ത്തകള്‍ കേട്ടു നാം തലതാഴ്ത്തിയത്. ഈ മനുഷ്യര്‍ക്കെല്ലാം എന്തുപറ്റിയെന്ന് അടക്കിപ്പിടിച്ചാണെങ്കിലും പലരും ചോദിച്ചുകൊണ്ടിരിക്കുകയാണിന്ന്.
കോടികളുടെ മയക്കുമരുന്ന് വേട്ടകളുടെയും സ്വര്‍ണക്കടത്ത് കേസുകളുടെയും വാര്‍ത്തകള്‍ കേള്‍ക്കാത്ത ഒരു സുപ്രഭാതവും അടുത്തൊന്നും പിറന്നുവീണിട്ടില്ല. കൊള്ളയും കൊലയും നിത്യസംഭവങ്ങളായി മാറിയിരിക്കുന്നു. നിരപരാധികളും കുട്ടികളും സ്ത്രീകളും നിഷ്‌കരുണം വധിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. നീതിപാലിക്കേണ്ടവരും നിയമപാലകരും കള്ളന്മാര്‍ക്കും കൊള്ളക്കാര്‍ക്കും കൂട്ടുനില്‍ക്കുകയും അനൂകൂലമായി വിധിപറയുകയും ചെയ്യുന്നു. നീതി നടപ്പിലാക്കാനായി ഭൂമിയില്‍ അല്ലാഹു നിയോഗിച്ച മനുഷ്യര്‍ തന്നെ ഇവ്വിധം തുടര്‍ന്നുപോയാല്‍ സത്യവും ധര്‍മവും എന്തെന്ന് വിശദീകരിക്കാന്‍ വരും കാലങ്ങളില്‍ ഏറെ പ്രയാസപ്പെടേണ്ടിവരും. ഇരുളുകള്‍ പടര്‍ന്ന് ഭൂമിയിലാകെ വെളിച്ചമില്ലാതെയാകുകയും കൊള്ളയും കൊലയും മറ്റു കുറ്റകൃത്യങ്ങളും അടിക്കടി വര്‍ധിക്കുകയും ചെയ്യും. തെറ്റു ചെയ്തവരെ ശിക്ഷിക്കാതിരിക്കുകയും നിരപരാധികളെ വേട്ടയാടുകയും ചെയ്യുന്നതാണ് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ പ്രധാന കാരണം.
കൊടുംകുറ്റവാളികളെ ശിക്ഷിക്കുന്നതിനു പകരം അവരെ വീണ്ടും അഴിഞ്ഞാടാന്‍ വിടുന്നതും അത്തരക്കാര്‍ക്ക് ചൂട്ടുപിടിക്കുന്നതുമായ വിധിന്യായങ്ങളാണിന്ന് നാട്ടില്‍ നടമാടുന്ന പലതും. ഇത് മനുഷ്യരെ മൃഗങ്ങളേക്കാള്‍ അധഃപതിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. കുറ്റവാളികള്‍ക്കെതിരേ കടുത്ത ശിക്ഷ നല്‍കുമ്പോള്‍ മാത്രമേ ഭൂമിയില്‍ നീതി നടപ്പിലാവൂ.
'എന്റെ മകള്‍ ഫാത്വിമയാണ് മോഷ്ടിച്ചതെങ്കിലും ഞാനവളെ കൈ വെട്ടുമെന്ന്' പ്രവാചകന്‍(സ) പറഞ്ഞത് അക്രമവും അനീതിയും തടഞ്ഞുനിര്‍ത്തി സമൂഹത്തില്‍ നീതിയും ധര്‍മവും നിലനിര്‍ത്താനും കൂടിയാണ്.
ആദ്യകാലങ്ങളില്‍ നീതി എന്താണെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടായിരുന്നില്ല. സത്യത്തിനും ധര്‍മത്തിനും നന്മകള്‍ക്കും യോജിച്ചത് നീതിയായിരുന്നു. ഓരോന്നിനും അതിനര്‍ഹമായ സ്ഥാനം കല്‍പ്പിക്കാന്‍ മനുഷ്യര്‍ സന്നദ്ധരായിരുന്നു. പിന്നീട് അതില്‍ തര്‍ക്കമുണ്ടായി. അവനവന്റെ സുഖത്തിനായി ആചരിക്കുന്നതെല്ലാം നീതിയായി ചിത്രീകരിക്കപ്പെട്ടു. അങ്ങനെ പ്രയോചനവാദം എന്നൊരു പുതിയൊരു തിയറി രംഗപ്രവേശനം ചെയ്തു. അപരന്റെ പ്രയാസങ്ങളോ സമൂഹത്തിന്റെ താല്‍പര്യങ്ങളോ പ്രയോജനവാദികള്‍ക്ക് പ്രശ്‌നമല്ല. സ്വന്തം സുഖവും താല്‍പര്യങ്ങളും നേടിയെടുക്കാന്‍ കാണിക്കുന്ന ചെയ്തികളെല്ലാം നീതിയായി അവര്‍ വിശ്വസിക്കുന്നു. ഈ കാട്ടുനീതിയുടെ കടന്നുകയറ്റമാണിന്ന് കുറ്റകൃത്യങ്ങള്‍ സമൂഹത്തില്‍ പെരുകാനുള്ള മറ്റു കാരണം.
നീതി ലോകത്ത് നടപ്പാകുന്നില്ലെങ്കില്‍ കാട്ടുനീതിയായിരിക്കും ലോകത്തെങ്ങും നടമാടുന്നതെന്ന് സൂചിപ്പിച്ചു ഇമാം ശഅ്ബി(റ) തന്റെതായൊരു കഥ പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാനമായ 'റൂഹുല്‍ ബയാനി'ല്‍ (2.417) ല്‍ ഉദ്ധരിക്കുന്നുണ്ട്. അതിപ്രകാരമാണ്: 'ഒരു നാള്‍ സിംഹവും ചെന്നായയും കുറുക്കനും വേട്ടയാടാനിറങ്ങി. ഇത് കണ്ട മറ്റു മൃഗങ്ങള്‍ പേടിച്ചരണ്ടു തങ്ങളുടെ രക്ഷക്കായി കാട്ടിനുള്ളില്‍തന്നെ കഴിച്ചുകൂട്ടി. അതിനിടയില്‍ ഒരു കാട്ടുകഴുതയെയും പുള്ളിമാനേയും മുയലിനെയും അവര്‍ വേട്ടയാടി പിടിച്ചു. കാട്ടിലെ രാജാവായ സിംഹം അതീവ സംതൃപ്തിയിലാണ്. സിംഹം കൂട്ടുകാരനായ ചെന്നായയോട് ഇങ്ങനെ പറഞ്ഞു: 'നീതിപൂര്‍വം നമുക്കിടയില്‍ ഇത് ഓഹരി ചെയ്യുക'. വലിയ ഇരയായ കാട്ടുകഴുതയെ സിംഹത്തിന്റെ മുമ്പിലേക്ക് നീക്കിവച്ചു 'ഇത് മഹാരാജാവായ അങ്ങേക്കുള്ള'താണെന്നും പുള്ളിമാനെ തന്നിലേക്കടുപ്പിച്ചു 'ഇതെനിക്കുള്ളതും മുഴല്‍ കുറുക്കനുള്ളതുമാണെന്നും ചെന്നായ പറഞ്ഞു'.
ചെന്നായയുടെ ഈ അര്‍ധനീതി കണ്ടപ്പോള്‍ സിംഹം ദേഷ്യം കൊണ്ട് അട്ടഹസിച്ചു കണ്ണുരുട്ടി. ചെന്നായയോട് ചോദിച്ചു 'നീ എവിടെ നിന്നാണെടോ നീതി പഠിച്ചത്?' സിംഹം തന്റെ കൂര്‍ത്ത നഖങ്ങള്‍ കൊണ്ട് ചെന്നായയുടെ തലക്ക് പ്രഹരിച്ചു. തലയില്‍ പതിച്ച അതിപ്രഹരം കാരണമായി രക്തം വാര്‍ന്നൊഴുകി കൊണ്ടിരിക്കെ കുറുക്കനെ നോക്കി സിംഹം പറഞ്ഞു: 'എടോ! നീതിപൂര്‍വം നമുക്കിടയില്‍ ഇത് ഭാഗിക്കൂ'. സിംഹത്തിന്റെ നോട്ടം കണ്ടു പേടിച്ച കുറുക്കന്‍ കാട്ടുകഴുതയെ സിംഹത്തിന്റെ മുമ്പിലേക്കടുപ്പിച്ച് 'ഇത് മഹാരാജാവിന് രാവിലെ കഴിക്കാന്‍' മുയലിനെ അടുപ്പിച്ച് 'ഇത് മഹാരാജാവിന് ഉച്ചയ്ക്ക് കഴിക്കാന്‍' പുള്ളിമാനെ നീക്കിവച്ചു 'ഇത് രാത്രി കഴിക്കാന്‍' എന്നിങ്ങനെ പറഞ്ഞു ഓഹരി ചെയ്തു.
സിംഹം: 'ശരി. ഇങ്ങനെയാണ് ഓഹരിവയ്‌ക്കേണ്ടത്, നീ ഇത്രയും കൃത്യമായി എങ്ങനെയാണിത് നിര്‍വഹിച്ചത്. ഈ പഠനം നിനക്കെവിടെനിന്ന് കിട്ടി'. കുറുക്കന്‍ പറഞ്ഞു: 'ഞാന്‍ ചെന്നായയുടെ തലയില്‍ നോക്കിയാണിതൊക്കെ പഠിച്ചുണ്ടാക്കിയത്'.
ഇതൊരു സങ്കല്‍പ കഥയാണെങ്കിലും ധാരാളം പാഠങ്ങള്‍ ഇതിലൂടെ മനുഷ്യര്‍ക്ക് പഠിക്കാനുണ്ട്. ഒട്ടുമിക്ക ഭരണകര്‍ത്താക്കളും നേതാക്കളും സംഘടനാ നേതാക്കളും ചില പണ്ഡിതരും ഇത്തരം അനീതികള്‍ക്കെന്നും കൂട്ടുനില്‍ക്കുകയും തങ്ങള്‍ക്ക് പ്രയോജനമാകുന്നതെന്തും സ്വന്തമാക്കാന്‍ വാക്കിലും പ്രവൃത്തിയിലും കരുനീക്കങ്ങള്‍ നടത്തുകയും ചെയ്യുന്നു. പാവപ്പെട്ടവനെയും കുറ്റം ചെയ്യാത്തവനെയും തുറുങ്കിലടക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും നിന്ദിക്കുകയും ചെയ്യുന്നു.
ഇസ്‌ലാമിക ഖിലാഫത്ത് ഏറ്റെടുത്ത ഉടനെ ഖലീഫ ഉമര്‍(റ) ഇങ്ങനെ പ്രസംഗിച്ചു. 'ഏ സത്യവിശ്വാസികളേ, ഞാനിപ്പോള്‍ നിങ്ങളുടെ ഖലീഫയാണ്. എന്റെ അടുത്ത് വല്ല തെറ്റുകുറ്റങ്ങളും കണ്ടാല്‍ നിങ്ങള്‍ എന്ത് ചെയ്യും'. സദസില്‍ നിന്നൊരാള്‍ എഴുന്നേറ്റുകൊണ്ട് പറഞ്ഞു. താങ്കളില്‍ നിന്ന് വല്ല അരുതായ്മയും കണ്ടാല്‍ ഈ വാളുകൊണ്ട് ഞാന്‍ താങ്കളെ ശരിപ്പെടുത്തും. നീതിയുടെ കാര്യത്തില്‍ ഇതായിരുന്നു പൂര്‍വികരുടെ മാതൃക. അതിനാല്‍ അക്കാലത്തൊക്കെയും നീതിയും അനീതിയും വേറിട്ടുനിന്നിരുന്നു. മാത്രമല്ല ഭരണകര്‍ത്താക്കളും നേതൃത്വവും നീതിപുലര്‍ത്തുകയും അനീതിയെ എതിര്‍ത്ത് പോരുകയും ചെയ്തു.
ഭൗതികലോകം നിലനില്‍ക്കുന്നത് നാല് കാര്യങ്ങള്‍ കൊണ്ടാണെന്ന് നബി(സ) പറഞ്ഞിരിക്കുന്നു. ഉലമാക്കള്‍ അവരുടെ അറിവിനെ ആധാരമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് അവയിലൊന്ന്. രണ്ടാമത്തേത് ഭരണകര്‍ത്താക്കളുടെ നീതി നിര്‍വഹണം. മൂന്നാമത്തേത് ധനികരുടെ ഉദാരത. നാലാമത്തേത് ദരിദ്രരുടെ പ്രാര്‍ഥന എന്നിവയാണത്.
മനുഷ്യര്‍ സത്യവും നീതിയും ധര്‍മവും കാത്തുസൂക്ഷിക്കുന്നില്ലെങ്കില്‍ ലോകം കൂടുതല്‍ അരാജകത്വത്തിലേക്കും കൂരിരുട്ടിലേക്കും മടങ്ങിപ്പോവുമെന്നത് തീര്‍ച്ചയാണ്. അതിനാലാണ് നിങ്ങള്‍ നീതിക്കുവേണ്ടി നിലകൊള്ളുന്നവരാകുവിന്‍ എന്ന് ഖുര്‍ആന്‍ പറഞ്ഞത്. 'നീതിയും ധര്‍മവും നടപ്പിലാക്കാനും ബന്ധുക്കള്‍ക്കും അടുത്തവര്‍ക്കും ധര്‍മം ചെയ്യാനും നീചവും നികൃഷ്ടവുമായ കാര്യങ്ങളില്‍ നിന്ന് വെടിഞ്ഞ് നില്‍ക്കാനും അല്ലാഹു ആജ്ഞാപിക്കുന്നു. നിങ്ങള്‍ വിജയികളായിത്തീരാന്‍' എന്ന ഖുര്‍ആന്‍ വാക്യം എല്ലാ വെള്ളിയാഴ്ചയും വിശ്വാസികള്‍ക്ക് മുമ്പില്‍ ഓതിക്കേള്‍പ്പിക്കാന്‍ നീതിമാനായ ഭരണാധികാരി ഉമറുബ്‌നു അബ്ദുല്‍ അസീസ് (റ) എഴുതിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."