മത്സ്യത്തൊഴിലാളികളുടേത് അതുല്യ സേവനം: മന്ത്രി മൊയ്തീന്‍
കൊച്ചി: മത്സ്യത്തൊഴിലാളികള്‍ നടത്തിയത് സേനാവിഭാഗങ്ങളെ കവച്ചുവയ്ക്കുന്ന സേവനമായിരുന്നുവെന്ന് മന്ത്രി എ.സി മൊയ്തീന്‍. പ്രളയദുരന്തത്തില്‍ നാടിന് താങ്ങായി മനുഷ്യ ജീവനും മറ്റുജീവനുകള്‍ക്കും രക്ഷകരായി മാറിയ മത്സ്യത്തൊഴിലാളികള്‍ ലോകത്തിനുതന്നെ മാതൃകയാണ്.
ഒരുകാലത്തും ലഭ്യമല്ലാത്ത തോതില്‍ ലഭിച്ച മഴ കെടുതികളിലേക്ക് നയിക്കുകയായിരുന്നു. സ്വന്തം ജീവന്‍പോലും അപകടത്തിലാണെന്നറിഞ്ഞിട്ടും രക്ഷാപ്രവര്‍ത്തനത്തിന് അവര്‍ മുന്നിട്ടുനിന്നു. പൊലിസ്,ഫയര്‍ഫോഴ്‌സ്, നാവികസേന, വായുസേന എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പമോ അതിനപ്പുറമോ ഉള്ള രക്ഷാപ്രവര്‍ത്തനമാണ് മത്സ്യത്തൊഴിലാളികള്‍ നടത്തിയത്.
പരുക്കേറ്റിട്ടും ആശുപത്രിയില്‍ പോലും പോകാതെ മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നതിനാലാണ് പ്രളയത്തില്‍ മരണസംഖ്യ കുറഞ്ഞത്. രക്ഷാദൗത്യത്തില്‍ പങ്കാളികളായ മത്സ്യത്തൊഴിലാളികളെ ആദരിക്കാനായി 'ലെ മെറിഡിയന്‍ കൊച്ചി' സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എറണാകുളത്തെയും പരിസരപ്രദേശങ്ങളിലെയും 650ഓളം മത്സ്യത്തൊഴിലാളികളെയാണ് ചടങ്ങില്‍ ആദരിച്ചത്. ഒറ്റക്കെട്ടായി നിന്നാല്‍ ഏതൊരു പ്രയാസവും മറികടക്കാനാകുമെന്നതാണ് പ്രളയം കേരളീയരെ പഠിപ്പിച്ച പാഠമെന്ന് ചടങ്ങില്‍ സംസാരിച്ച എംഫാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. പി. മുഹമ്മദലി പറഞ്ഞു. ഈ മാസം നടത്താനിരുന്ന ലെ മെറിഡിയന്‍ കൊച്ചിയുടെ 20ാം വാര്‍ഷികാഘോഷം മാറ്റിവെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."