100 % കിട്ടിയ സ്‌കൂളില്‍ 1104 മുതല്‍ രണ്ട് വരെ കുട്ടികള്‍
പാലക്കാട്: പത്താംക്ലാസ് ഫലം പുറത്തുവന്നപ്പോള്‍ മേല്‍ക്കോയ്മ പെണ്‍കുട്ടികള്‍ക്ക്. സംസ്ഥാനത്ത് ഫുള്‍ എ.പ്ലസ് നേടിയ 37334 പേരില്‍ 25650 പെണ്‍കുട്ടികളും 11684 ആണ്‍കുട്ടികളുമാണ്.
അതായത് 68 ശതമാനം പെണ്‍കുട്ടികളുടെ മികവിലാണ് ഇത്തവണത്തെ എസ്.എസ്.എല്‍.സി. സംസ്ഥാനവിജയം. സംസ്ഥാനത്ത് ഫുള്‍ എ.പ്ലസ് നേടിയ എസ്.സി, എസ്.ടി കുട്ടികളുടെ വിജയ ശതമാനത്തിലും പെണ്‍കുട്ടികള്‍ തന്നെയാണ് മുന്നില്‍. ഈ വിഭാഗത്തില്‍ വിജയിച്ച ആകെ 1171 കുട്ടികളില്‍ 835 പെണ്‍കുട്ടികളും 336 ആണ്‍കുട്ടികളുമാണുള്ളത്. ഈ വിഭാഗത്തിലും 71 ശതമാനം പെണ്‍കുട്ടികളാണ് വിജയം കരസ്ഥമാക്കിയത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിച്ചവരില്‍ എസ്.സി, എസ്.ടി കുട്ടികളില്‍ 285 പെണ്‍കുട്ടികളും 106 ആണ്‍കുട്ടികളുമുണ്ട്.
അതിലും 73 ശതമാനം പെണ്‍കുട്ടികള്‍ തന്നെ വിജയം കരസ്ഥമാക്കി. സംസ്ഥാനത്ത് 1703 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം കൈവരിച്ചതില്‍ 599 സര്‍ക്കാര്‍ സ്‌കൂളുകളും 713 എയ്ഡഡ് സ്‌കൂളുകളും 391 അണ്‍ എയ്ഡഡ് സ്‌കൂളുകളുമാണുള്ളത്.
സംസ്ഥാനത്ത് കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 1104 കുട്ടികള്‍ പരീക്ഷയെഴുതി മുഴുവനായി ജയിച്ചപ്പോള്‍ പത്തനംതിട്ട ജില്ലയിലെ പെരിങ്ങര ഗവ.ഗേള്‍സ് ഹൈസ്‌ക്കൂളില്‍ രണ്ടുകുട്ടികളാണ് പരീക്ഷ എഴുതിയതും വിജയിച്ചതും. സംസ്ഥാനത്ത് ആകെ പരീക്ഷയെഴുതിയ 434729 പേരില്‍ 212472 പേര്‍ പെണ്‍കുട്ടികളും 222257 പേര്‍ ആണ്‍കുട്ടികളുമാണ്. ഇതില്‍ വിജയിച്ച 426513 പേരില്‍ 209794 പേര്‍ പെണ്‍കുട്ടികളും 216737 ആണ്‍ കുട്ടികളുമാണുള്ളത്.
ആകെ സംസ്ഥാനത്ത് തോറ്റവര്‍ 8216 പേരാണ്. അതില്‍ 5520 പേരും ആണ്‍ കുട്ടികളാണ്. പെണ്‍കുട്ടികള്‍ 2678 മാത്രമാണ്. അതായത് പരീക്ഷയെഴുതിത്തോറ്റത്തില്‍ 33 ശതമാനം പെണ്‍കുട്ടികളും 77 ശതമാനം ആണ്‍കുട്ടികളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."