മത്സ്യമേഖലയില്‍ അനാരോഗ്യ വായ്പാ സമ്പ്രദായം വ്യാപകമെന്ന് പഠനം
കൊച്ചി: കേരളത്തിലെ മത്സ്യമേഖലയിലെ അനാരോഗ്യകരമായ സാമ്പത്തിക പ്രവണതകള്‍ തുറന്നുകാട്ടി കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആര്‍.ഐ) പുതിയ പഠനം. മത്സ്യബന്ധനത്തിലേര്‍പ്പെടുന്നതിന് സ്വകാര്യ ഇടപാടുകാരില്‍ നിന്ന് വായ്പയെടുക്കുന്നതിലൂടെ മത്സ്യത്തൊഴിലാളികള്‍ സാമ്പത്തിക ചൂഷണത്തിന് വിധേയമാകുന്നുവെന്നും വന്‍ ബാധ്യതകള്‍ വരുത്തിവെക്കുന്നുവെന്നുമാണ് അന്താരാഷ്ട്ര ഗവേഷണ ജേണലായ മറൈന്‍ പോളിസിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിലെ കണ്ടെത്തല്‍.
ഔദ്യോഗിക ധനകാര്യ സ്ഥാപനങ്ങളുമായുള്ള പണമിടപാടുകള്‍ താരതമ്യേന കുറവായ മത്സ്യമേഖലയില്‍, സ്വകാര്യ വായ്പാദാതാക്കളുടെ ആധിപത്യമാണുള്ളതെന്നും പഠനം വ്യക്തമാക്കുന്നു. നിലവിലെ സാഹചര്യത്തില്‍ വായ്പയെടുക്കുന്നതിന് മത്സ്യത്തൊഴിലാളികള്‍ പ്രധാനമായും ആശ്രയിക്കുന്നത് സ്വകാര്യ പണമിടപാടുകാരെയാണ്. മത്സ്യഫെഡ് സൊസൈറ്റികള്‍, സഹകരണ-വാണിജ്യ ബാങ്കുകള്‍, മറ്റ് ധനകാര്യസ്ഥാപനങ്ങള്‍ എന്നീ ഔദ്യോഗിക വായ്പാദാതാക്കള്‍ മേഖലയില്‍ ഉണ്ടായിരിക്കെയാണ് മത്സ്യത്തൊഴിലാളികള്‍ അനൗദ്യോഗിക ഇടപാടുകാരെ ആശ്രയിക്കുന്നത്. എളുപ്പത്തില്‍ വായ്പ ലഭിക്കുന്നതിനാലും തിരിച്ചടവിന് മീന്‍ലഭ്യതക്ക് അനുസരിച്ച് സാവകാശം ലഭിക്കുമെന്നതുമാണ് മത്സ്യലേലം നടത്തുന്ന ഇടനിലക്കാര്‍, സ്വകാര്യ പലിശയിടപാടുകാര്‍ എന്നിവരിലേക്ക് മത്സ്യത്തൊഴിലാളികളെ ആകര്‍ഷിക്കുന്നത്. എന്നാല്‍, ഇതിലൂടെ 160 ശതമാനം വരെ പലിശനിരക്കില്‍ വായ്പ തിരിച്ചടക്കേണ്ട അവസ്ഥയാണ് മത്സ്യമേഖലയിലുള്ളതെന്ന് പഠനം വെളിപ്പെടുത്തുന്നു. പിടിക്കുന്ന മത്സ്യത്തിന്റെ നിശ്ചിത ശതമാനം കമ്മിഷന്‍ വ്യവസ്ഥയിലാണ് വായ്പ തിരിച്ചടക്കുന്നത്. ഈ വ്യവസ്ഥയില്‍, കൂടുതല്‍ മീന്‍ ലഭിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പലിശ നല്‍കേണ്ട സ്ഥിതിയാണുള്ളത്.
സ്വകാര്യ പണമിടപാടുകാരില്‍ വായ്പക്കായി ഏറ്റവും കൂടുതല്‍ മത്സ്യത്തൊഴിലാളികള്‍ ആശ്രയിക്കുന്നത് ഹാര്‍ബറുകളില്‍ ലേലം നടത്തുന്ന ഇടനിലക്കാരെയാണ്. പഠനവിധേയമാക്കിയവയില്‍ 69 ശതമാനം യാനങ്ങളും മീന്‍പിടിത്തത്തിന് പുറപ്പെടുന്നത് ഇങ്ങനെയാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സി.എം.എഫ്.ആര്‍.ഐയിലെ സാമൂഹിക സാമ്പത്തിക വിഭാഗം സീനിയര്‍ സയന്റിസ്റ്റ് ഡോ. ഷിനോജ് പാറപ്പുറത്ത് പറഞ്ഞു. ചൂഷണസ്വഭാവമുള്ള വായ്പാരീതികള്‍ക്ക് തടയിടാന്‍ സര്‍ക്കാര്‍ ഇടപെടണം. മത്സ്യത്തൊഴിലാളികളെ ഔദ്യോഗിക ധനകാര്യസ്ഥാപനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനായി മത്സ്യബന്ധനയാനങ്ങളെ വായ്പാ ഈടായി പരിഗണിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."