റാഫേല്‍ ഇടപാട് ;അഴിമതിയില്ലെങ്കില്‍ ജെ.പി.സി അന്വേഷണത്തെ എന്തിന് ഭയപ്പെടുന്നു: കോണ്‍ഗ്രസ്
മഥുര: ഫ്രാന്‍സുമായി ഒപ്പുവച്ച റാഫേല്‍ യുദ്ധവിമാനക്കരാറുമായി ബന്ധപ്പെട്ട് വന്‍അഴിമതി നടന്നുവെന്ന കാര്യത്തില്‍ ഉറച്ച് കോണ്‍ഗ്രസ്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിശബ്ദതയെ ചോദ്യം ചെയ്ത് ഇന്നലെയും കോണ്‍ഗ്രസ് ആരോപണം ശക്തമാക്കി. 126 യുദ്ധ വിമാനങ്ങള്‍ വേണ്ടിടത്ത് എന്തിനാണ് ഫ്രാന്‍സിലെ ഡസോള്‍ട്ട് ഏവിയേഷനുമായി ചേര്‍ന്ന് 36 എണ്ണത്തിന് മാത്രം കരാര്‍ ഒപ്പിട്ടതെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് പ്രിയങ്ക ചതുര്‍വേദി ചോദിച്ചു.
യുദ്ധവിമാനങ്ങള്‍ക്ക് അത്യാവശ്യമുണ്ടെങ്കില്‍ എന്തുകൊണ്ട് എല്ലാം ഒരുമിച്ച് നല്‍കാന്‍ കേന്ദ്രം ആവശ്യപ്പെട്ടില്ല. ആദ്യത്തെ വിമാനം 2019ലാണ് ലഭിക്കുക. മറ്റുള്ളവ 2022ഓടെയേ ലഭിക്കൂ. അത്യാവശ്യമാണെങ്കില്‍ എല്ലാ വിമാനങ്ങളും 2019ഓടെ ലഭ്യമാക്കുകയായിരുന്നല്ലോ വേണ്ടിയിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കരാറുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടില്ലെങ്കില്‍ എന്തുകൊണ്ട് ഇതുസംബന്ധിച്ച അന്വേഷണം സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് വിടാന്‍ ഭയപ്പെടുന്നുവെന്നും പ്രിയങ്ക ചതുര്‍വേദി ചോദിച്ചു.
രാജ്യത്തിന് 126 യുദ്ധ വിമാനങ്ങളാണ് ആവശ്യമായുള്ളത്. എന്നാല്‍ 36 എണ്ണത്തിന് മാത്രമാണ് കരാര്‍ ഒപ്പുവച്ചത്. ഇതില്‍ വലിയ ദുരൂഹതയുണ്ടെന്നും പ്രിയങ്ക ചതുര്‍വേദി വ്യക്തമാക്കി. രാജ്യത്തിന്റെ താല്‍പര്യത്തിനല്ല, കോടീശ്വരനായ സുഹൃത്തിന്റെ താല്‍പര്യം സംരക്ഷിക്കാനാണ് മോദി ത്യാഗത്തിന് സന്നദ്ധനായത്. ഒരു വിമാനത്തിന് ചെലവ് വരുന്ന തുക 526 കോടിയാണോ അതോ 1,670 കോടിയാണോയെന്ന് വ്യക്തമാക്കാനും സര്‍ക്കാര്‍ തയാറാകണം. 70 വര്‍ഷത്തോളം പ്രവര്‍ത്തന പരിചയമുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സിനെ ഒഴിവാക്കി മുന്‍പരിചയമില്ലാത്ത ഒരു കമ്പനിയുമായി യുദ്ധവിമാന കരാര്‍ ഒപ്പുവച്ചതിന്റെ കാരണമെന്താണെന്ന് വ്യക്തമാക്കാന്‍ മോദി തയാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്ത് യുദ്ധവിമാനക്കരാര്‍ കൊണ്ടുവന്നത് സുതാര്യമായിട്ടായിരുന്നു.
ഇതില്‍ ഒരു തരത്തിലുള്ള കളങ്കവും ഇല്ലാത്ത രീതിയിലാണ് കരാറിന് ശ്രമിച്ചിരുന്നതെന്നും പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. യു.പി.എ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്നതിനേക്കാള്‍ ചെലവില് 20 ശതമാനത്തോളം കുറവുമായും പൂര്‍ണമായും അത്യാധുനിക സൗകര്യത്തോടെയുമുള്ള യുദ്ധവിമാനങ്ങള്‍ക്കാണ് മോദി സര്‍ക്കാര്‍ കരാര്‍ ഒപ്പുവച്ചതെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."