കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്ന തേങ്ങാസംഭരണം; വില കിട്ടാന്‍ മാസങ്ങള്‍ കാത്തിരിക്കണം
മങ്കട: കൃഷി ഭവന്‍ മുഖേനയുള്ള നാളികേര സംഭരണത്തിനു നല്‍കുന്ന തേങ്ങക്കു വില കിട്ടാതെ കര്‍ഷകര്‍ നിരാശയില്‍. തെരഞ്ഞെടുത്ത കൃഷിഭവനുകളിലൂടെ സംഭരിക്കുന്ന തേങ്ങക്കാണു രണ്ടു മാസമായി കൃത്യമായി വില ലഭിക്കാതായത്. പല കൃഷിഭവനുകളിലും ലക്ഷക്കണക്കിനു രൂപയാണു കര്‍ഷകര്‍ക്കു കൃഷി ഭവനുകളില്‍ നിന്നു കുടിശികയുള്ളത്. അതേസമയം തേങ്ങ സംഭരണം മുറപോലെ നടക്കുന്നുമുണ്ട്. കിലോക്ക് 25 രൂപ നിരക്കിലാണു തേങ്ങ സംഭരിക്കുന്നത്. 27 രൂപയാക്കി നിശ്ചയിക്കുമെന്നു ഇത്തവണത്തെ ബജറ്റില്‍ പ്രഖ്യാപനം വന്നിരുന്നു. അതേ സമയം പൊതു വിപണിയില്‍ ഇപ്പോള്‍ 13.50 രൂപയാണു തേങ്ങയുടെ വില.
സര്‍ക്കാരിന്റെ പച്ചത്തേങ്ങ സംഭരണം കര്‍ഷകര്‍ക്കു ആശ്വാസമായിരുന്നെങ്കിലും കൃത്യമായി വില ലഭിക്കാത്തതും മുഴുവന്‍ തേങ്ങയും സംഭരിക്കാത്തതും കര്‍ഷകരെ ദുരിതത്തിലാക്കുന്നുണ്ട്. ഓരോ ഏരിയകളിലും ഓരോ തരത്തിലാണു ശേഖരിക്കുന്നത്. ഏക്കര്‍ ഒന്നിന് 70 മുതല്‍ 100 വരെ തോതിലാണു സംഭരണം. ഇതുമൂലം കൂടുതല്‍ തേങ്ങകള്‍ക്കു വില ലഭിക്കാന്‍ കര്‍ഷകര്‍ മറ്റു വിപണികളെ ആശ്രയിക്കേണ്ടി വരികയാണ്. കഴിഞ്ഞ വേനലില്‍ തെങ്ങുകള്‍ ഉണങ്ങിപ്പോയതു മൂലമുണ്ടായ നഷ്ടത്തിന്റെ പിന്നാലെ വന്ന കുടിശിക ഭാരവും കര്‍ഷകര്‍ക്ക് ഇരട്ടി ദുരിതമായി. കൃഷി ഭവന്‍ മുഖേന നല്‍കുന്ന നാളീകേരവില കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കു എത്തുന്നതാണു പതിവ്. നേരത്തേ ഇതു കൃത്യമായി അതാതു ദിവസമോ പിറ്റേന്നോ അക്കൗണ്ടില്‍ എത്തുമായിരുന്നു. എന്നാല്‍ രണ്ടു മാസമായി വില കുടിശികയായി മാറിയെന്നും കര്‍ഷകര്‍ പറഞ്ഞു. കാര്‍ഷിക പെന്‍ഷനും ഒരു വര്‍ഷമായി കുടിശികയായിരുന്നത് ആറു മാസത്തേതു മാത്രമേ ലഭിച്ചുള്ളൂ.
പച്ചത്തേങ്ങ സംഭരണത്തിനു സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വ്യവസ്ഥകളും കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലാക്കുന്നെന്നാണു പരാതി. ഇതിനു പുറമേ കരം നികുതി രസീതും ഫോട്ടോയും ബാങ്ക് പാസ് ബുക്ക് കോപ്പിയും സമര്‍പ്പിച്ചു വരി നില്‍ക്കണം. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ ഏതൊക്കെ വേണമെന്ന കാര്യത്തിലും ഓരോ കേന്ദ്രങ്ങളിലും ഓരോ നിയമമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."