'ജീവനാണ് വില, രാഷ്ട്രീയം അതുകഴിഞ്ഞേയുള്ളൂ..'
കാസര്‍കോട്: കൊലപാതകവും അക്രമങ്ങളുമായി രാഷ്ട്രീയം അരങ്ങു തകര്‍ക്കുമ്പോള്‍ കേരളത്തിന്റെ വടക്കേയറ്റത്തു നിന്ന് കരുണ വറ്റാത്ത ശുഭവാര്‍ത്ത. വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാനുള്ള ഒന്നര ലക്ഷം രൂപ പിരിച്ചെടുത്ത് നല്‍കി മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാതൃകയായി. 'ജീവനാണ് വില, രാഷ്ട്രീയം അതു കഴിഞ്ഞേയുള്ളൂ... ' എന്ന വലിയ സന്ദേശമാണ് അത് സമൂഹത്തിന് നല്‍കുന്നത്.
കോലിച്ചിയടുക്കത്തെ സജീവ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ പ്രകാശന് ചികിത്സാ സഹായമെത്തിച്ചാണ് അല്ലാമാ നഗര്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊരു നല്ല പാഠം എഴുതിച്ചേര്‍ത്തത്. ചെര്‍ക്കള അളക്കയില്‍ ഒരു മാസം മുന്‍പായിരുന്നു പ്രകാശന്റെ ജീവിതം മാറ്റിമറിച്ച അപകടം. കാറിടിച്ച് ബൈക്ക് യാത്രക്കാരനായ പ്രകാശന് ഗുരുതരമായി പരുക്കേറ്റു.
ശരീരം നുറുങ്ങി മൂന്ന് ശസ്ത്രക്രിയക്ക് ഇതിനകം തന്നെ പ്രകാശന്‍ വിധേയനായി. മംഗളൂരു ആശുപത്രിയില്‍ സുഖം പ്രാപിക്കുന്ന പ്രകാശന് തങ്ങളാല്‍ കഴിയുന്ന സഹായം എത്തിക്കണമെന്ന് അപകടത്തിന്റെ പിറ്റേന്നുതന്നെ അല്ലാമാ നഗര്‍ മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു. പ്രകാശന്റെയും കുടുംബത്തിന്റെയും കണ്ണീരിനൊപ്പം നടന്ന് ആശുപത്രി ബില്‍ അടയ്ക്കാന്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സ്വരൂപിച്ച് നല്‍കിയത് ഒന്നര ലക്ഷം രൂപ. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം തന്നെ പാതിവഴിയില്‍ ഉപേക്ഷിച്ചാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഈ സന്നദ്ധ ജീവകാരുണ്യത്തിനിറങ്ങിയത്.
കാസര്‍കോട് ജില്ലയിലെ ചെങ്കള മുളിയാര്‍ അതിര്‍ത്തി പ്രദേശമായ ചെര്‍ക്കള അല്ലാമാ ഇഖ്ബാല്‍ നഗര്‍ മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ഒരു മാസമായി നടത്തിയ വിശ്രമമില്ലാത്ത തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനൊപ്പമാണ് പല പ്രമുഖരേയും നേരിട്ട് കണ്ടും സ്വന്തം കൈയില്‍ നിന്നെടുത്തും ജീവകാരുണ്യത്തിന് ഇത്രയും വലിയ തുക സമാഹരിച്ചത്.
ജീവന്റെ വിലയേക്കാള്‍ പ്രധാനമായി മറ്റൊന്നുമില്ലെന്ന് തുക കൈമാറിക്കൊണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."