അധിനിവേശ മത്സ്യങ്ങളുടെ കണ്ടെത്തല്‍ പുഴകളും ജലാശയങ്ങളും പാരിസ്ഥിതിക ആഘാതത്തിലെന്ന് ഗവേഷകര്‍
പൊന്നാനി: വെള്ളപ്പൊക്കം പുഴകള്‍ക്കും ജലാശയങ്ങള്‍ക്കും വലിയ പാരിസ്ഥിതിക ആഘാതങ്ങള്‍ വരുത്തിയെന്ന് മത്സ്യ ഗവേഷകര്‍. പ്രളയത്തിന് ശേഷം കേരളത്തിന്റെ പലഭാഗങ്ങളിലും ധാരാളം അധിനിവേശ മത്സ്യ ഇനങ്ങളെ കാണുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു.
നട്ടര്‍, ആഫ്രിക്കന്‍ മുഷി, അരൈപ്പൈമ,അലിഗേറ്റര്‍ ഗാര്‍, തിലാപ്പിയ, സക്കര്‍ കാട്ട്ഫിഷ്, മലേഷ്യന്‍ വാള തുടങ്ങിയവ പുഴകളിലെത്തിയതായാണ് വിവരം.ഇതില്‍ അരൈപ്പൈമ ആമസോണ്‍ നദിയില്‍ കണ്ടു വരുന്ന ഭീമാകാരനായ മത്സ്യമാണ്. ഇവ എത്രത്തോളം നമ്മുടെ പാരിസ്ഥിതിക മേഖലയെ ബാധിക്കുമെന്ന് കണ്ടറിയണം.
മലിഞ്ഞീന്‍, ആരല്‍, ആറ്റുചെമ്പല്ലി, കരിമീന്‍, കരിങ്കണ, അമ്പട്ടന്‍ വാള, ആറ്റുവാള, പള്ളത്തി, വിവിധയിനം പരലുകള്‍ കടല്‍കുതിരയുടെ ബന്ധുവായ പൈപ്പ് ഫിഷ്, നമ്മുടെ സംസ്ഥാന ശുദ്ധജല-മത്സ്യമായ ചെങ്കണിയാന്‍ തുടങ്ങിയവയുള്‍പ്പെടെ നിരവധി ജീവജാലങ്ങളുടെ ആവാസകേന്ദ്രങ്ങളാണ് ഈ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയതെന്ന് ബംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡീസിലെ ഗവേഷകന്‍ സി.പി അര്‍ജുന്‍ പറഞ്ഞു.
പ്രളയത്തില്‍ വിവിധ മത്സ്യ വളര്‍ത്തുകേന്ദ്രങ്ങളില്‍നിന്നും ക്വാറികുളങ്ങളില്‍ നിന്നുമാണ് അധിനിവേശ മത്സ്യങ്ങള്‍ പുഴയിലെത്തിയത്.തദ്ദേശീയ മത്സ്യങ്ങളുടെ കൂടെ ചില അധിനിവേശ മത്സ്യങ്ങളെ നേരത്തെയും ശുദ്ധജലാശയങ്ങളില്‍ കണ്ടെത്തിയിരുന്നു. സക്കര്‍ മത്സ്യം, തിലാപിയ, എന്നിവയാണവ. മത്സ്യകൃഷിയുടെ ഭാഗമായിട്ടാണ് ഇവ ഇന്ത്യയില്‍ എത്തിയിട്ടുള്ളത്.
നമ്മുടെ നാടന്‍ ഇനങ്ങളായ കരിമീന്‍, പള്ളത്തി, പരല്‍,കാരി എന്നീ നാടന്‍ മത്സ്യങ്ങളുടെ ഗണ്യമായ കുറവ് സംഭവിച്ചതായി ആലപ്പുഴ ജില്ലയില്‍നിന്നുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. നാടന്‍ മുഷിയുടെ അഭാവത്തില്‍ മത്സ്യവിപണി പരിപോഷിപ്പിക്കാന്‍ വേണ്ടി ഇറക്കുമതി ചെയ്തതാണ് ആഫ്രിക്കന്‍ മുഷികളെ. എന്നാല്‍ അതിഭക്ഷണ പ്രിയരായ ഈ മത്സ്യം ജലാശയങ്ങളിലെ സസ്യങ്ങളെയും ജീവജാലങ്ങളെയും ചെറുമത്സ്യങ്ങളെയും ഭക്ഷിക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ ആഫ്രിക്കന്‍ മുഷിയുടെ കൃഷി 2013ല്‍ യൂണിയന്‍ ഗവണ്‍മെന്റ് നിര്‍ത്തലാക്കിയിരുന്നു.
വളരെ നിസാരമെന്നു തോന്നുന്ന 'ഗപ്പി'വരെ അമിതമായി പെറ്റുപെരുകി കേരളത്തിന്റെ തനതു മല്‍സ്യങ്ങളായ മനത്തുകണ്ണി, വിവിധയിനം ചെറുപരലുകള്‍ എന്നിവയുടെ ഭക്ഷണത്തിനു മേലെ അമിതസമ്മര്‍ദ്ദം ചെലുത്തുകയും അവയുടെ നിലനില്‍പിന് ഭീഷണിയാവുകയും ചെയ്യുന്നുണ്ടെന്നും പഠനങ്ങളില്‍ തെളിഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."