സാമ്പത്തിക പ്രതിസന്ധി കേരള ബാങ്ക് രൂപീകരണം അനിശ്ചിതത്വത്തില്‍
തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ സ്വന്തം ബാങ്കായി കേരള ബാങ്ക് രൂപീകരിക്കാനുള്ള നീക്കവും അനിശ്ചിതത്വത്തിലായി.
കേരള ബാങ്ക് രൂപീകരണത്തിനായി 14 ജില്ലാ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കുമായി ലയിപ്പിക്കുമ്പോഴുണ്ടാകുന്ന സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
പ്രളയദുരന്തത്തിനു ശേഷമുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വന്‍ തുക വേണ്ടിവരുമെന്നതിനാല്‍ സര്‍ക്കാര്‍ കടുത്ത സാമ്പത്തിക നിയന്ത്രമാണ് ഏര്‍പ്പെടുത്താന്‍ പോകുന്നത്. ഈ സാഹചര്യത്തില്‍ നഷ്ടത്തിലുള്ള സംസ്ഥാന സഹകരണ ബാങ്കിന്റെ കോടിക്കണക്കിനു രൂപയുടെ ബാധ്യത സര്‍ക്കാരിന് ഏറ്റെടുക്കാന്‍ കഴിയില്ല. ഇതാണ് കേരള ബാങ്കിന് പുതിയ തടസമാകാന്‍ പോകുന്നത്.
കേരള ബാങ്ക് രൂപീകരണത്തിനായി റിസര്‍വ് ബാങ്കില്‍ സംസ്ഥാനം അപേക്ഷിച്ചപ്പോള്‍തന്നെ നഷ്ടത്തിലായ സംസ്ഥാന സഹകരണ ബാങ്കില്‍ ലാഭത്തിലായ ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിക്കുന്നതിലുള്ള ആശങ്ക റിസര്‍വ് ബാങ്ക് പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ടാണ് ഓണത്തിനു മുന്‍പ് കേരള ബാങ്കിനു റിസര്‍വ് ബാങ്കിന്റെ അനുമതി നേടിയെടുക്കാന്‍ സര്‍ക്കാരിനു കഴിയാതെപോയത്. എന്നാല്‍, സംസ്ഥാന സഹകരണ ബാങ്കിന്റെ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ സഹായിക്കുമെന്ന ഉറപ്പ് പിന്നീട് റിസര്‍വ് ബാങ്കിനു നല്‍കിയിരുന്നു. പക്ഷേ, നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ പ്രളയത്തിനു സാക്ഷിയായ കേരളം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണുള്ളത്.
പ്രളയശേഷമുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി പണം കണ്ടെത്താന്‍തന്നെ പാടുപെടുന്ന സാഹചര്യത്തില്‍ വന്‍തുക കേരള ബാങ്ക് രൂപീകരണത്തിനായി മാറ്റിവയ്ക്കില്ല. അങ്ങനെയെങ്കില്‍ സംസ്ഥാനത്തിന്റെ സ്വന്തം ബാങ്കെന്ന നിലയില്‍ കേരള ബാങ്ക് രൂപീകരണം നിലവിലെ സാഹചര്യത്തില്‍ നടക്കാതെപോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."