ദീപമണഞ്ഞു, സാഭിമാനം
ജക്കാര്‍ത്ത: വര്‍ണാഭമായ വ്യത്യസ്ത കലാപരിപാടികളോടെ ഏഷ്യയിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഏഷ്യന്‍ ഗെയിംസിന് തിരശ്ശീല വീണു. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലും പാലെംബാങിലുമായി നടന്ന 18ാമത് ഏഷ്യന്‍ ഗെയിംസിനാണ് ഇന്നലെ ജക്കാര്‍ത്തയിലെ ജി.ബി.കെ സ്റ്റേഡിയത്തില്‍ നടന്ന സമാപനച്ചടങ്ങുകളോടെ തിരശ്ശീലവീണത്. 14 ദിവസത്തെ ഉറക്കമില്ലാ രാത്രികള്‍ക്ക് ശേഷം ഇന്നുമുതല്‍ ഇന്തോനേഷ്യയില്‍ വെളിച്ചം അണയും. സമാപനച്ചടങ്ങില്‍ നടന്ന മാര്‍ച്ച്പാസ്റ്റില്‍ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ ഇന്ത്യന്‍ പതാകയേന്തി.
ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിദിഡോയും വൈസ് പ്രസിഡന്റ് മുഹമ്മദ് യൂസുഫ് കല്ലയും ചടങ്ങില്‍ പങ്കെടുത്തു. മാര്‍ച്ച് പാസ്റ്റിനൊടുവില്‍ ഏഷ്യന്‍ ഒളിംപിക് കൗണ്‍സില്‍ പ്രസിഡന്റ് ശൈഖ് അഹമ്മദ് അല്‍ഫഹത് അല്‍ അഹമ്മദ് അല്‍ സബാഹ് ഗെയിംസ് സമാപിച്ചതായി പ്രഖ്യാപിച്ചു. തുടര്‍ന്ന് 2022ല്‍ ഏഷ്യന്‍ ഗെയിംസിന് ആതിഥ്യം വഹിക്കുന്ന ചൈനയിലെ ഹ്വാങ്ചൗ നഗരത്തിന്റെ പ്രതിനിധി ഏഷ്യന്‍ ഗെയിംസ് ദീപശിഖ ഏറ്റുവാങ്ങി. മൂന്നാം തവണയാണ് ചൈന ഗെയിംസ് ആതിഥേയരാകാന്‍ ഒരുങ്ങുന്നത്. 1990ല്‍ ബെയ്ജിങ്ങും 2010ല്‍ ഗ്വാങ്ചൗവും ഏഷ്യന്‍ ഗെയിംസിന് വേദിയായിട്ടുണ്ട്. കൊറിയന്‍ പോപ്പ് ബാന്‍ഡ് ഐക്കോണിന്റെ പ്രകടനമായിരുന്നു സമാപനച്ചടങ്ങിലെ ശ്രദ്ധാകേന്ദ്രം. ഒപ്പം ഹ്വാങ്ചൗ നഗരത്തിന്റെ തനതായ കലാരൂപങ്ങളും അരങ്ങേറി.
ബോളിവുഡ് പാട്ടുമായി സിദ്ധാര്‍ത്ഥ് സ്ലാതിയയും കാണികളെ കൈയിലെടുത്തു. നാല് വര്‍ഷം കൂടുമ്പോഴാണ് ഏഷ്യന്‍ ഗെയിംസ് അരങ്ങേറുന്നത്.
തുടര്‍ച്ചയായ പത്താം വര്‍ഷവും ചൈന തന്നെയാണ് ഏഷ്യന്‍ ഗെയിംസിലെ ചാംപ്യന്‍മാര്‍. 132 സ്വര്‍ണവും 92 വെള്ളിയും 65 വെങ്കലവുമടക്കം 289 മെഡലുകളാണ് ചൈന വാരിക്കൂട്ടിയത്.
രണ്ടാം സ്ഥാനത്തുള്ള ജപ്പാന്‍ 75 സ്വര്‍ണവും 56 വെള്ളിയും 74 വെങ്കലവുമടക്കം 205 മെഡലുകള്‍ സ്വന്തമാക്കി. 49 സ്വര്‍ണവും 58 വെള്ളിയും 70 വെങ്കലവുമടക്കം 177 മെഡലുകള്‍ നേടിയ ദക്ഷിണ കൊറിയയാണ് മൂന്നാം സ്ഥാനത്ത്.
15 സ്വര്‍ണം, 24 വെള്ളി, 30 വെങ്കലവുമടക്കം 69 മെഡലുകള്‍ സ്വന്തമാക്കിയ ഇന്ത്യ എട്ടാം സ്ഥാനത്താണ്. ജക്കാര്‍ത്തയില്‍ ഇന്ത്യ ചരിത്രം തിരുത്തിയെഴുതിയാണ് മടങ്ങുന്നത്. ഇന്തോനേഷ്യ, ഉസ്ബക്കിസ്ഥാന്‍, ഇറാന്‍, ചൈനീസ് തായ്‌പേയ് എന്നീ രാജ്യങ്ങളാണ് മെഡല്‍ പട്ടികയില്‍ ഇന്ത്യക്ക് മുന്‍പിലുള്ളത്. ചൈനയും ജപ്പാനുമല്ലാത്ത ഒരു രാജ്യവും ഇതുവരെ ഏഷ്യന്‍ ഗെയിംസില്‍ ചാംപ്യന്‍മാരായിട്ടില്ല. 1982 മുതല്‍ 2018 വരെ ചൈന തന്നെയാണ് ഗെയിംസില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന രാജ്യം. ഏഷ്യന്‍ ഗെയിംസ് തുടങ്ങിയ വര്‍ഷം 1951 മുതല്‍ എട്ടു ഗെംയിംസുകളില്‍ ജപ്പാനായിരുന്നു ഏറ്റവും കൂടുതല്‍ മെഡല്‍ നേടിയിരുന്നത്. പീന്നീട് ജപ്പാനെ മറികടന്ന ചൈന തുടര്‍ച്ചയായ പത്താം തവണയാണ് ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്.
1951 മുതല്‍ 2018 വരെയുള്ള മെഡലുകളുടെ കണക്കെടുത്ത് നോക്കിയാലും ചൈന തന്നെയാണ് മുന്‍പില്‍. 2976 മെഡലുകളാണ് ചൈന ഇതുവരെ നേടിയത്. 1355 സ്വര്‍ണവും 928 വെള്ളിയും 693 വെങ്കലവുമാണ് ഇതുവരെ ചൈന നേടിയെടുത്തത്.
ജപ്പാന്‍ 957 സ്വര്‍ണം, 980 വെള്ളി, 912 വെങ്കലമടക്കം 2849 മെഡലുകള്‍ നേടിയിട്ടുണ്ട്. 153 സ്വര്‍ണവും 202 വെള്ളിയും 312 വെങ്കലവുമടക്കം 667 മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയെടുത്തത്. അതില്‍ 69 മെഡലുകളും ജക്കാര്‍ത്തയില്‍ തന്നെയാണ് പിറന്നത്. 45 രാജ്യങ്ങളാണ് ഈ ഏഷ്യന്‍ ഗെയിംസില്‍ മത്സരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."