സംഘ് പരാവാര്‍ അജന്‍ഡ കേരളത്തെ തകര്‍ക്കല്‍ : ശ്രീധരന്‍ പിള്ള സാഡിസ്റ്റാണെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളം ഇന്നേവരെ നേടിയിട്ടുള്ള വികസന നേട്ടങ്ങളെ ഇല്ലാതാക്കി സംസ്ഥാനത്തെ തകര്‍ക്കാനാണ് ബി.ജെ.പിയും സംഘപരിവാറും എന്നും ശ്രമിക്കുന്നതെന്നും ദേശീയപാതാ വികസനത്തിന് തടസം നില്‍ക്കുന്നതും ആ ലക്ഷ്യത്തോടെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ജനങ്ങള്‍ എന്നും യാത്രാക്കുരുക്കില്‍ കുടുങ്ങി കിടക്കണമെന്നാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. നമ്മുടെ എല്ലാമുന്നേറ്റങ്ങളേയും തകര്‍ക്കുക. എന്നതിലുടെ കേരളത്തെ തന്നെ തകര്‍ക്കുക അതാണ് അവരുടെ പ്രധാന അജന്‍ഡ. ബി.ജെ.പി സംസ്ഥാനത്തിന് തന്നെ ബാധ്യതയായിരിക്കയാണ്. യാതൊരു കാരണവും പറയാതെയാണ് ദേശീയ പാത വികസനത്തില്‍ നിന്ന് ദേശീയപാത അതോറിറ്റി പിന്‍മാറുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
സ്ഥലമേറ്റെടുപ്പ് അടക്കം നടപടികള്‍ ക്രിയാത്മകമായി മുന്നോട്ട് പോകുകയാണ്. ഇതിനിടയിലാണ് പദ്ധതി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിക്കുന്നത്. വികസനത്തിന്റെ ചിറക് അരിയാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. പ്രളയത്തിന്റെ പേരുപറഞ്ഞ് ദേശീയപാത വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ് നിര്‍ത്തി വയ്ക്കണമെന്ന് കേന്ദ്രത്തിന് കത്തെഴുതിയ പി.എസ് ശ്രീധരന്‍ പിള്ളയുടെ നടപടിയേയും മുഖ്യമന്ത്രി നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചു. പരാതി ഉണ്ടെങ്കില്‍ അത് പറയേണ്ടിയിരുന്നത് സംസ്ഥാന സര്‍ക്കാരിനോടാണ്. രഹസ്യമായി കേന്ദ്ര സര്‍ക്കാരിന് കത്തെഴുതിയ പി.എസ് ശ്രീധരന്‍ പിള്ള സാഡിസ്റ്റാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സംസ്ഥാനവുമായി ഒരു ചര്‍ച്ചയും നടത്താതെയാണ് ദേശീയപാത അതോറിറ്റി പദ്ധതി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. കാരണം വ്യക്തമാക്കുന്നുമില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് പദ്ധതി നിര്‍ത്തി വയ്ക്കാന്‍ തീരുമാനിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. രണ്ടു വര്‍ഷത്തേക്ക് തുടര്‍ നടപടികള്‍ നടത്താനാകാത്ത സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിക്കുകയാണ് ഉദ്ദേശ്യം. ഇടത് സര്‍ക്കാരിന്റെ കാലയളവില്‍ ദേശീയപാത വികസനം സാധ്യമല്ലാതാക്കുകയാണ് ഈ തീരുമാനത്തിന് പിന്നിലെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ദേശീയപാതയുടെ വികസനം കേരളത്തിന് അത്യാവശ്യമാണ്. പലയിടത്തും ദേശീയപാത എന്നുപോലും വിളിക്കാന്‍ പറ്റാത്ത റോഡുകളാണുള്ളത്. അത് മാറ്റുവാനാണ് സര്‍ക്കാര്‍ ഇടപ്പെട്ടത്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ചെയ്യേണ്ട മുഴുവന്‍ കാര്യങ്ങളും ചെയ്തുകൊടുത്തു. കാസര്‍ഗോഡ് തലപ്പാടി മുതല്‍ തിരുവനന്തപുരം കഴക്കൂട്ടം വരെയുള്ള ദേശീയ പാത വികസന പദ്ധതിയില്‍ 3എ വിജ്ഞാപനം 100 ശതമാനം പൂര്‍ത്തിയായി. 3ഡി കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ 92 ശതമാനം മുതല്‍ 100 ശതമാനം വരെ പൂര്‍ത്തിയായി. മലപ്പുറം, തൃശൂര്‍, എറണാകുളം ഭാഗങ്ങളില്‍ 60 ശതമാനവും ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ഭാഗങ്ങളില്‍ 40 ശതമാനവും പൂര്‍ത്തീകരിച്ചു.
സ്ഥലമെടുപ്പ് ഇത്രയും മുന്നേറിയ സാഹചര്യത്തിലാണ് കേരളത്തിലെ ദേശീയപാത വികസനം തടയുന്ന നിര്‍ദ്ദേശം വരുന്നത്.
പ്രളയകാലത്ത് നല്‍കിയ അരിയും മണ്ണെണ്ണയും ഉള്‍പ്പെടെയുള്ളവയ്ക്ക് കേന്ദ്രം തീരുമാനിച്ചത് പ്രകാരം താങ്ങുവില നിരക്ക് നല്‍കേണ്ടി വന്നാല്‍ 265.74 കോടി കേന്ദ്രത്തിന് നല്‍കേണ്ടിവരും. കേരളത്തെ വര്‍ഗീയമായി ധ്രുവീകരിക്കലാണ് അവരുടെ ലക്ഷ്യം. ആപത്ത് വരുമ്പോള്‍ ഒറ്റക്കെട്ടായി നിന്ന ജനതയെ വര്‍ഗീയമായി ധ്രുവുകരിക്കാനാണ് തെരഞ്ഞെടുപ്പ് കാലത്ത് സംഘപരിവാര്‍ ശ്രമിച്ചത്. സങ്കുചിതമായ രാഷ്ട്രീയ ലാഭത്തിന് വേണ്ടി എന്തുചെയ്യാനും അവര്‍ക്ക് മടിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."