ഫലസ്‌തീൻ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാതെ സമാധാനം കൈവരുമെന്ന ധാരണ മൗഢ്യമെന്ന് റഷ്യ
റിയാദ്: ഫലസ്‌തീൻ വിഷയത്തിൽ ശാശ്വത പരിഹാരം കാണാതെ ഇസ്‌റാഈലുമായി കരാറിൽ ഏർപ്പെടുന്ന അറബ് രാജ്യങ്ങളുടെ നടപടിയിൽ പ്രതികരണവുമായി റഷ്യ. അമേരിക്കയുടെ കാർമികത്വത്തിൽ നടക്കുന്ന സഹകരണ കരാറിൽ വിവിധ അറബ് രാജ്യങ്ങൾ മുന്നോട്ട് വരുന്നതിനിടെയാണ് റഷ്യ ഇക്കാര്യത്തിൽ പ്രസ്‌താവനയുമായി രംഗത്തെത്തിയത്. പലസ്‌തീൻ പ്രശ്‌നത്തിൽ പരിഹാരം കാണാതെ മധ്യേഷ്യയിൽ സമാധാനം ഉണ്ടാകുമെന്നത് മൗഢ്യമായ ധാരണായാണെന്ന പ്രസ്താനവയോടെയാണ് റഷ്യൻ വിദേശ കാര്യ മന്ത്രാലയം രംഗത്തെത്തിയത്. പലസ്തീൻ പ്രശ്‌നം പരിഹരിക്കാതെ പശ്ചിമേഷ്യയിൽ സമാധാനത്തെക്കുറിച്ച് ചിന്തിക്കുന്നത് തെറ്റാണെന്ന് റഷ്യ പറഞ്ഞു.
ഇസ്‌റാഈലുമായി പ്രമുഖ ഗൾഫ് രാജ്യങ്ങളായ യുഎഇയും ബഹ്‌റൈനും അമേരിക്കയിൽ വെച്ച് സുദീർഘമായ സഹകരണ കരാറിൽ ഒപ്പ് വെച്ചതിനു പിന്നാലെയാണ് റഷ്യയുടെ പ്രതികരണം. ഇസ്‌റാഈലും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിൽ പുരോഗതി ഉണ്ടെന്ന് കരുതുന്നുണ്ടെകിലും പലസ്തീൻ പ്രശ്നം രൂക്ഷമായി തന്നെ തുടരുകയാണെന്ന് റഷ്യ പറഞ്ഞു. ഇതിന് പരിഹാരം കാണാതെ മിഡിൽ ഈസ്റ്റിൽ ശാശ്വത സമാധാനം കൈവരിക്കാൻ കഴിയുമെന്ന് കരുതുന്നത് തെറ്റാണ്. പ്രശ്നം പരിഹരിക്കുന്നതിനായി ഏകോപിത ശ്രമങ്ങൾ വേഗത്തിലാക്കാൻ ഇക്കാര്യത്തിൽ ഇടപെടുന്ന പ്രാദേശിക, ആഗോള രാജ്യങ്ങളോട് ആവശ്യപ്പെടുന്നതായും റഷ്യ പറഞ്ഞു. മിഡിൽ ഈസ്റ്റ് സമാധാന ചർച്ചകൾക്കായി നയതന്ത്ര ചട്ടക്കൂടിൽ നിന്ന് കൊണ്ട് തന്നെ അറബ് ലീഗുമായി ചേർന്ന് ഏകോപനം നടത്താൻ റഷ്യ സന്നദ്ധമാണെന്നും വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.
ഇസ്‌റാഈലുമായി ബന്ധം സ്ഥാപിക്കാൻ ഏതാനും അറബ് രാജ്യങ്ങൾ സന്നദ്ധമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊനാൾ ട്രംപ് വ്യക്തമാക്കിയിരുന്നു. ഇസ്‌റാഈലുമായി 1979 ൽ ഈജിപ്‌തും 1994 ൽ ജോർദാനും ബന്ധം സ്ഥാപിച്ചതിനു ശേഷം മൂന്നാമതായി ഏതാനും ദിവസം മുമ്പാണ് യു എ ഇ ബന്ധം സ്ഥാപിച്ചത്. പിന്നാലെ ബഹ്‌റൈനും ബന്ധം സ്ഥാപിച്ചതായി വ്യക്തമാക്കുകയായിരുന്നു. ഇരു രാജ്യങ്ങളും കഴിഞ്ഞ ദിവസമാണ് വൈറ്റ് ഹൗസിൽ വെച്ച് ഇസ്‌റാഈലുമായി ഉടമ്പടിയിൽ ഒപ്പ് വെച്ചത്.
കരാറുകൾക്കെതിരെ ഫലസ്‌തീൻ രംഗത്തെത്തിയിട്ടുണ്ട്. ഇസ്‌റാഈൽ അധിനിവേശ പ്രദേശങ്ങളിൽ നിന്ന് പിന്മാറിയാൽ മാത്രമേ മിഡിൽ ഈസ്റ്റിൽ സമാധാനം കൈവരിക്കാനാകൂ എന്ന് പലസ്തീൻ നേതാവ് മഹമൂദ് അബ്ബാസ് ചൊവ്വാഴ്ച പറഞ്ഞിരുന്നു. സഊദിയും ഇതേ നിലപാട് തന്നെയാണ് ഇപ്പോഴും വ്യക്തമാക്കുന്നത്. 2002 ലെ അറബ് സമാധാന കരാർ പ്രാബല്യത്തിൽ വരുത്തണമെന്ന് തന്നെയാണ് തങ്ങളുടെ പക്ഷമെന്നാണ് സഊദി വീണ്ടും വ്യക്തമാക്കിയത്. എന്നാൽ, സഊദിയുൾപ്പെടെ പ്രമുഖ അറബ് രാജ്യങ്ങൾ ഇസ്‌റാഈലുമായി കരാറിൽ ഏർപ്പെടുമെന്നാണ് അമേരിക്കയുടെ വാദം.
അതിനിടെ, മറ്റു അഞ്ചു രാജ്യങ്ങൾ കൂടി ഇസ്‌റാഈലുമായി സഹകരണത്തിൽ ഏർപ്പെടാൻ തയ്യാറെടുക്കുന്നതായി വൈറ്റ് ഹൗസ് സ്‌റ്റാഫ് ചീഫ് മാർക്ക് മിഡോസ് പറഞ്ഞു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ എയർഫോഴ്‌സ് വൺ വിമാനത്തിൽ വെച്ച് മാധ്യ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ, ഏതെല്ലാം രാജ്യങ്ങളാണ് ഒരുക്കങ്ങൾ നടത്തുന്നതെന്ന് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."