ഇവര്‍ക്കിത് അര്‍ഹതയ്ക്കുള്ള അംഗീകാരം പി.കെ നവാസിനും പി.കെ സുഗുണനും സംസ്ഥാന അധ്യാപക അവാര്‍ഡ്
കുറ്റ്യാടി: അധ്യാപനരംഗത്തെ മികച്ച സംഭാവനകള്‍ പരിഗണിച്ച് അര്‍ഹതയ്ക്കുള്ള അംഗീകാരമായി ദേവര്‍കോവില്‍ കെ.വി.കെ.എം.എം യു.പി പ്രധാനാധ്യാപകന്‍ പി.കെ നവാസിനും ചാത്തങ്കോട്ടുനട എ.ജെ ജോണ്‍ മെമ്മോറിയല്‍ ഹൈസ്‌കൂള്‍ അധ്യാപകന്‍ പി.കെ സുഗുണനും സംസ്ഥാന അധ്യാപക അവാര്‍ഡ്. പി.കെ നവാസിനു പ്രൈമറിവിഭാഗത്തിലും പി.കെ സുഗുണനു സെക്കന്‍ഡറി വിഭാഗത്തിലും ലഭിച്ച അവാര്‍ഡ് ജില്ലയ്ക്കും അഭിമാനമായി.
സ്‌കൂളിനെ മികവിലേക്കു നയിക്കാന്‍ മാനേജ്‌മെന്റ്, പി.ടി.എ, ജനപ്രതിനിധികള്‍, പ്രവാസികള്‍, പൂര്‍വവിദ്യാര്‍ഥികള്‍, അധ്യാപകര്‍ എന്നിവരെയെല്ലാം ഏകോപിപ്പിച്ച് ടീം ലീഡര്‍ എന്ന നിലയില്‍ നവാസ് നേതൃപരമായ ഇടപെടലുകള്‍ നടത്തി. സര്‍വശിക്ഷാ അഭിയാന്‍ മികവ് അവാര്‍ഡ്, ബെസ്റ്റ് പി.ടി.എ അവാര്‍ഡ് എന്നിവ സ്‌കൂളിനു നേടിക്കൊടുത്തു. വിദ്യാലയ വികസന സെമിനാര്‍, വിദ്യാര്‍ഥികളെ കൃഷിയില്‍ തല്‍പരരാക്കുന്ന പദ്ധതി, ജലസംരക്ഷണസന്ദേശ യാത്ര, തുടങ്ങി വിവിധങ്ങളായ പ്രൊജക്ടുകള്‍ നടപ്പാക്കി. 2017 ഒക്ടോബറില്‍ സ്‌കൂളില്‍ നടന്ന കുന്നുമ്മല്‍ ഉപജില്ലാ കലോത്സവത്തിനു ജനകീയ പിന്തുണ ലഭിക്കാന്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തി.
2018 വേനലവധിയില്‍ തളിയില്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രക്കുളം ശുചീകരിക്കാന്‍ ജാതി, മത, രാഷ്ട്രീയഭേദമന്യേ എല്ലാവരെയും ഒരുമിപ്പിച്ച് നവാസിന്റെ നേതൃത്വത്തില്‍ നടത്തിയ സേവനം മാതൃകാപരവും മതസൗഹാര്‍ദം വിളിച്ചോതുന്നതുമായി. 35 വര്‍ഷമായി സ്‌കൂളില്‍ സേവനം ചെയ്യുന്ന നവാസ് 15 വര്‍ഷമായി പ്രധാനാധ്യാപകനാണ്. റോട്ടറി ക്ലബ് ഏര്‍പ്പെടുത്തിയ നാഷന്‍ബില്‍ഡര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് നേതാവ് പി.കെ മൊയ്തുവിന്റെ മകനാണ്. വടക്കുമ്പാട് ഹൈസ്‌കൂള്‍ അധ്യാപിക പി.ടി മുംതാസാണ് ഭാര്യ. മക്കള്‍: വിദ്യാര്‍ഥികളായ ഇന്‍സമാം, നദാന്‍ ഹൈസന്‍, നദാന്‍ ആസില്‍.
30 വര്‍ഷമായി ഹിന്ദി പ്രചാരകനായ പി.കെ സുഗുണന്‍ 22 വര്‍ഷമായി ചാത്തങ്കോട്ടുനട എച്ച്.എസില്‍ ഹിന്ദി അധ്യാപകനാണ്. 10 വര്‍ഷം ജെ.ആര്‍.സി കൗണ്‍സിലറായി.
നിലവില്‍ സ്‌കൂളിലെ എസ്.പി.സി സി.പി.ഒ ആണ്. സംസ്ഥാന സര്‍ക്കാരിന്റെ നാളേക്കിത്തിരി എന്ന ഊര്‍ജസംരക്ഷണ പദ്ധതിയുടെ ഭാഗമായി സ്‌കൂള്‍ പരിസരത്തെ 200 വീടുകളില്‍ ബോധവല്‍ക്കരണം നടത്താന്‍ നേതൃത്വം നല്‍കി. കുട്ടികൃഷി പദ്ധതിയിലൂടെ സ്റ്റുഡന്റ്‌സ് പൊലിസിനെ പങ്കെടുപ്പിച്ച് വയനാട് വെള്ളമുണ്ടയില്‍ ഒന്നരേക്കറ സ്ഥലത്ത് നെല്‍കൃഷി നടത്തി. ഇതു വിളവെടുത്ത് സ്‌കൂളില്‍ ഭക്ഷണമൊരുക്കുകയും ചെയ്തു. സംസ്ഥാന, ജില്ലാ കലോത്സ വേദികളില്‍ സ്ഥിരം അനൗണ്‍സറാണ്. സ്‌കൂളില്‍ പാലിയേറ്റിവ് പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുകയും നിത്യരോഗികള്‍ക്ക് ലക്ഷത്തില്‍പരം രൂപയുടെ സഹായങ്ങള്‍ എത്തിച്ചുനല്‍കുകയും ചെയ്തു. പഴയ കായികതാരമാണ്. അധ്യാപികയായ ശ്രീജയാണ് ഭാര്യ. മക്കള്‍: വിദ്യാര്‍ഥികളായ ഭരത്, സുദര്‍ശ്, പ്രണാം.
10,000 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്ന അവാര്‍ഡ് ദേശീയ അധ്യാപകദിനമായ അഞ്ചിന് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ രാവിലെ 10ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയില്‍നിന്ന് ഇരുവരും ഏറ്റുവാങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."