സി.എന്‍.ജി പദ്ധതിയുടെ രണ്ടാംഘട്ടം കോഴിക്കോട്ട്: മന്ത്രി എ.കെ ശശീന്ദ്രന്
കോഴിക്കോട്: സംസ്ഥാനത്തെ ബസുകളിലെ ഇന്ധനം സി.എന്‍.ജിയിലേയ്ക്ക് (കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ് ) പടിപടിയായി മാറുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്. കോഴിക്കോട് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന് നല്കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡീസല്‍ ഒഴിവാക്കി മറ്റ് ഇന്ധനങ്ങളിലേയ്ക്ക് മാറാന്‍ ബസുടമകള്‍ മാനസികമായി തയാറെടുക്കണം. കെ.എസ്.ആര്.ടി.സിയിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുക. തുടര്‍ന്നു സ്വകാര്യ മേഖലയിലേക്കും ഇതു വ്യാപിപ്പിക്കും. ആദ്യഘട്ടമെന്ന നിലയില്‍ കൊച്ചിയിലും രണ്ടാംഘട്ടം കോഴിക്കോടും തിരുവനന്തപുരത്തുമായിരിക്കും നടപ്പിലാകുക. ഇതിനായി എണ്ണ വിതരണ കമ്പനികളുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. സമൂഹബാധ്യത കണക്കിലെടുത്ത് മലിനീകരണം തടയാനുള്ള ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശത്തില്‍ നിന്ന് ഒഴിവാകാനാകില്ല. അതിനാല്‍ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സി.എന്‍.ജിയിലേയ്ക്ക് മാറുന്നതോടെ ബസുടമകള്‍ക്ക് ചെലവ് കുറയും. റോഡ് സേഫ്റ്റി ബില്ലിന്റെ കാര്യത്തിലും ടാക്സ് വര്‍ധനവിന്റെ കാര്യത്തിലും ചര്‍ച്ചയിലൂടെ പരിഹാരം കാണും. ബസുകളിലെ ഡോറിന്റെ കാര്യത്തില്‍ ബസുടമകള്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് എം.ബി സത്യന് ഉദ്ഘാടനം ചെയ്തു. സ്വകാര്യ ബസ് വ്യവസായം വന്‍ തകര്‍ച്ചയിലാണെന്നും അടിയന്തര നടപടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബു ബസുടമകളുടെ ആശങ്കകള്‍ പങ്കുവച്ചു. എം.കെ. സുരേഷ്ബാബു, പി.എല്‍ ജോണ്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."