സഊദി എയർലൈൻസ് അന്താരാഷ്‌ട്ര സർവിസുകൾ ഒക്ടോബർ മുതൽ പുനഃരാരംഭിച്ചേക്കും
ജിദ്ദ: കൊവിഡ് പ്രതിസന്ധി മൂലം നിറുത്തിവച്ച സഊദി എയർലൈൻസ് നിർത്തിവെച്ച അന്താരാഷ്‌ട്ര സർവിസുകൾ ഒക്ടോബർ ഒന്ന് മുതൽ പുനഃരാരംഭിച്ചേക്കുമെന്ന് സൂചന. ഒക്ടോബറിൽ വളരെ കുറച്ച് രാജ്യങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 18 വിമാനത്താവളങ്ങളിലേക്കായിരിക്കും സർവിസുകൾ. ശേഷം ഘട്ടംഘട്ടമായി മറ്റു രാജ്യങ്ങളിലെ കൂടുതൽ വിമാനത്താവളങ്ങളിലേക്കും സർവിസ് നടത്തും.
ദുബൈ, കെയ്‌റോ, അമ്മാൻ, ഇസ്തംബൂൾ, പാരീസ്, ധാക്ക, കറാച്ചി, ലണ്ടൻ, മനില എന്നിവയ്ക്കൊപ്പം കോഴിക്കോട്ടേക്കും ഒക്ടോബർ മാസം സർവിസുകൾ ആരംഭിച്ചേക്കും എന്നാണ് സൂചന. ആദ്യ ഘട്ടത്തിൽ ഇന്ത്യയിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിലേക്ക് മാത്രമാവും സർവിസുകൾ. എന്നാൽ കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്കുള്ള വിലക്ക് തുടരുകയാണെങ്കിൽ സർവിസ് കൊച്ചിയിലേക്ക് മാറ്റിയേക്കാം. തുടക്കത്തിൽ സൗദിയിലെ ജിദ്ദയിൽ നിന്ന് മാത്രമാണ് കോഴിക്കോട്ടേക്ക് സർവിസുകൾ.
ആഴ്ചയിൽ വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളിൽ മൂന്ന് സർവിസുകൾ വീതമായിരിക്കും ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് ഉണ്ടാവുക. പുലർച്ചെ 2.10 ന് ജിദ്ദയിൽ നിന്നും പുറപ്പെടുന്ന വിമാനം രാവിലെ 10.30 ന് കോഴിക്കോട്ടെത്തും. തിരിച്ച് ഉച്ചക്ക് 12 ന് കോഴിക്കോട്ട് നിന്നും പുറപ്പെടുന്ന വിമാനം വൈകിട്ട് 3.05 ന് ജിദ്ദയിലെത്തും. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടനെ ഉണ്ടായേക്കുമെന്ന വിവരവുമുണ്ട്. അതിന് ശേഷമായിരിക്കും സഊദിയയുടെ വെബ്സൈറ്റ് വഴിയും ട്രാവൽ ഏജൻസികൾ മുഖേനയും ടിക്കറ്റ് വിൽപ്പന ആരംഭിക്കുക.
കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി മാര്‍ച്ച് 15നാണ് സഊദിയിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ നിര്‍ത്തലാക്കിയിരുന്നത്. രാജ്യാന്തര യാത്രാവിലക്ക് ചൊവ്വാഴ്ച മുതൽ ഭാഗികമായി നീക്കിയ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര സർവിസ് ആരംഭിക്കാൻ വിമാന കമ്പനികൾക്ക് സഊദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക) അനുമതി നൽകിയിരുന്നു. സഊദി എയർലൈൻസിന് പിന്നാലെ മറ്റു വിമാനക്കമ്പനികളും സഊദിയിൽ നിന്നും അന്താരാഷ്ട്ര സർവിസുകൾ ഉടനെ പുനഃരാരംഭിച്ചേക്കും.
അതേ സമയം ഇന്ത്യയിൽ നിന്ന് നിലവിൽ വിമാന സർവീസുകൾക്ക് അനുമതിയില്ലെങ്കിലും പ്രത്യേക സാഹചര്യത്തിൽ ഇന്ത്യൻ ഗവണ്മെൻ്റ് മറ്റു ഗൾഫ് രാജ്യങ്ങളിലേക്ക് സർവീസിനു അനുമതി നൽകിയത് പോലെ സഊദിയിലേക്കും ഉടൻ തന്നെ അനുമതി നൽകിയേക്കും എന്ന പ്രതീക്ഷയിൽ തന്നെയാണു ആയിരക്കണക്കിന് പ്രവാസികൾ.
അടുത്ത ദിനങ്ങളിൽ ഇഖാമയും റി എൻട്രിയുമെല്ലാം അവസാനിക്കാറായവർക്കായിരിക്കും എത്രയും പെട്ടെന്ന് വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് വലിയ ആശ്വാസമേകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."