കുഞ്ഞുകരങ്ങളില്‍ നവകേരളം പിറവിയെടുത്തു
കോഴിക്കോട്: ദുരിതബാധിതര്‍ക്ക് കൈത്താങ്ങേകാന്‍ തന്റെ കുഞ്ഞുകരങ്ങള്‍ കൊണ്ട് കാന്‍വാസില്‍ ചിത്രം വരയ്ക്കുമ്പോള്‍ സല്‍മാനുല്‍ ഫാരിസിന്റെ ബ്രഷില്‍ പുതുകേരള സൃഷ്ടി പുനര്‍ജനിക്കുകയായിരുന്നു. ജെ.ഡി.ടി ഇസ്‌ലാം സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് സല്‍മാനുല്‍ ഫാരിസ്.
പ്രളയത്തില്‍ വീടുകള്‍ തകര്‍ന്ന സഹപാഠികള്‍ക്കായി സ്‌കൂളും പി.ടി.എയും സംയുക്തമായി നിര്‍മിക്കുന്ന പത്തു വീടുകളുടെ ഫണ്ട് ശേഖരണാര്‍ഥമാണ് കുഞ്ഞു ഫാരിസും കാന്‍വാസില്‍ ചിത്രങ്ങള്‍ വരച്ചത്.
ഇന്നലെയാണ് സ്‌കൂളിലെ ചിത്രകലാ അധ്യാപകന്‍ സാജിദ് ചോലയുടെ നേതൃത്വത്തില്‍ 'ദുരിതബാധിതരായ സഹപാഠികള്‍ക്കൊരു വീട് ' എന്ന പദ്ധതിയുടെ ഫണ്ട് ശേഖരണാര്‍ഥം 'വരോത്സവം' സംഘടിപ്പിച്ചത്.
സ്‌കൂളിലെ ക്രയോണ്‍ ആര്‍ട് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അഞ്ചാം ക്ലാസു മുതല്‍ പത്താം ക്ലാസു വരെയുള്ള 200 ഓളം വിദ്യാര്‍ഥികള്‍ കാന്‍വാസില്‍ പുതുകേരളം വരച്ചിട്ടു.
കോഴിക്കോട് കടപ്പുറത്ത് വൈകിട്ട് നാലിന് ആരംഭിച്ച പരിപാടി ആറോടെ സമാപിച്ചപ്പോള്‍ പ്രകൃതിയുടെ മനോഹാരിത വ്യത്യസ്ത തലങ്ങളില്‍ അവതരിപ്പിച്ച 250ഓളം ചിത്രങ്ങളാണ് കുഞ്ഞുകരങ്ങളാല്‍ പിറവിയെടുത്തത്.
വരച്ച ചിത്രങ്ങള്‍ ബീച്ചിലെത്തിയ സന്ദര്‍ശകര്‍ക്കു വില്‍പന നടത്തി അരലക്ഷത്തോളം രൂപയാണ് വിദ്യാര്‍ഥികള്‍ സമാഹരിച്ചത്.
സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ഭാരവാഹികളായ സി.പി കുഞ്ഞുമുഹമ്മദ്, ഡോ. പി.സി അന്‍വര്‍, പ്രധാനാധ്യാപകന്‍ ഇ. അബ്ദുല്‍ ഗഫൂര്‍, കെ.ടി സുനില്‍, നിയാസ് ചോല, കെ.പി ഷാക്കിര്‍, ഹാരിസ്, അഷ്‌റഫ്, അദീബ്, സഫറുള്ള, ടി.എച്ച് ജബ്ബാര്‍, കെ.കെ മജീദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."