പഞ്ചാരക്കൊല്ലിക്കാര് മറക്കില്ല കണ്ണൂര്‍ തോട്ടട പോളിടെക്നിക്ക് വിദ്യാര്‍ഥികളുടെ സ്നേഹം
മാനന്തവാടി: പ്രളയവും ഉരുള്‍പൊട്ടലും വീടുള്‍പെടെ തകര്‍ത്തെങ്കിലും പതിയെ സാധാരണ ജീവിതത്തിലേക്ക് നടക്കുകയാണ് മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലി. ഇവരുടെ ജീവിതത്തിലേക്ക് തിരിച്ചുനടത്തുന്നതാകട്ടെ, ഒരുകൂട്ടം വിദ്യാര്‍ഥികളും അധ്യാപകരും.
കണ്ണൂര്‍ തോട്ടട പോളിടെക്നിക്കലിലെ എന്‍.എസ്.എസ് യൂനിറ്റാണ് കനത്തമഴയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങായത്. പഞ്ചാരക്കൊല്ലിയിലെ ഒന്‍പത് വീട്ടുകാര്‍ക്കാണ് മണ്ണിടിച്ചിലില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടത്. കയറിക്കിടക്കാന്‍ ഇടമില്ലാതായതോടെ ആഴ്ചകളായി ദുരിതാശ്വാസ ക്യാംപുകളിലായിരുന്നു ഈ കുടുംബങ്ങള്‍. ഇവരുടെ ദുരിതമറിഞ്ഞതോടെ ഇവര്‍ക്ക് കയറി കിടക്കാന്‍ സ്ഥലം കണ്ടെത്താന്‍ ശ്രമം തുടങ്ങിയത്. തുടര്‍ന്ന് പ്രിയദര്‍ശിനി തേയില തോട്ടത്തിന്റെ വക നിര്‍മിച്ച കാടുപിടിച്ച് കിടക്കുന്ന വീടുകള്‍ കണ്ടെത്തി. ഈ വീടുകള്‍ വാസയോഗ്യമാക്കുകയെന്ന ദൗത്യമാണ് കണ്ണൂര്‍ തോട്ടട പോളി ടെക്നിക്കലിലെ എന്‍.എസ്.എസ് യൂനിറ്റ് ഏറ്റെടുത്തത്. പിന്നീട് അഞ്ചുദിവസം ഇവര്‍ക്ക് വിശ്രമില്ലായിരുന്നു. കാടുകള്‍ വെട്ടി നീക്കി വീട് പെയ്ന്റ് അടിക്കുകയും പ്ലംബിങ്, വയറിങ് എന്നിവയും പൂര്‍ത്തിയാക്കി. വൈദ്യുതി വകുപ്പ് അധികൃതര്‍ വൈദ്യുതിയും ലഭ്യമാക്കി.സ്വകാര്യ വ്യക്തിയുടെ സഹായം ഉള്‍പ്പെടെ ഒരു ലക്ഷത്തോളം രൂപയാണ് ഇവര്‍ ചിലവഴിച്ചത്. പ്രിന്‍സിപ്പല്‍ പി. കൃഷ്ണന്, എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ കെ.പി ബിജു എന്നിവരുടെ നേതൃത്വത്തില്‍ 31 വിദ്യാര്‍ഥികളും അധ്യ പകര് ഉള്‍പ്പെടെ 24 ജീവനക്കാരും ഈ നന്മ നിറഞ്ഞ സേവനത്തില്‍ പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."