മാധ്യമങ്ങള്ക്കെതിരേ ജില്ലാകോടതി വളപ്പില്‍ ഫ്ളക്സ്, ബാഡ്ജ് പ്രചാരണം
കോഴിക്കോട്: കൊച്ചിയിലും തിരുവനന്തപുരത്തും മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ അക്രമത്തില്‍ വ്യാപക പ്രതിഷേധമുയരുന്നതിനിടെ ജില്ലാകോടതി വളപ്പില്‍ മാധ്യമങ്ങള്ക്കെതിരേ ഫ്ളക്സ്, ബാഡ്ജ് പ്രചാരണം.
ഇന്നലെയാണ് കാലിക്കറ്റ് ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ അസോസിയേഷന് ഹാളിന് മുന്‍വശം ഫ്ളക്സ് സ്ഥാപിച്ചത്. കൂടാതെ മാധ്യമ ക്രൂരതക്കെതിരേ പ്രതിഷേധിക്കുക എന്നെഴുതിയ ബാഡ്ജ് ധരിച്ചാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ ഒഴികെയുള്ളവര്‍ കോടതിയില്‍ ഹാജരായത്. ഫ്ളക്സ് ബോര്‍ഡിലും ഇതേ പ്രചാരണം തന്നെയാണ് നടത്തിയിട്ടുള്ളത്.
കൂടാതെ മാധ്യമപ്രവര്‍ത്തകരെ പരിഹസിക്കുന്ന രീതിയില്‍ കക്ഷത്തില്‍ പേനയുമായി നില്ക്കുന്ന പത്രപ്രവര്‍ത്തകന്റെ കാരിക്കേച്ചറും ഫ്ളക്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരത്ത് വഞ്ചിയൂരിലുണ്ടായ അതിക്രമങ്ങള്‍ക്കു പിന്നാലെ വിവിധ ജില്ലകളിലും കഴിഞ്ഞ ദിവസം അഭിഭാഷകര്‍ പ്രകോപനപരമായ നടപടികളാണ് സ്വീകരിച്ചത്. എണറാകുളം പ്രസ്ക്ലബിലേക്ക് മാര്‍ച്ച് നടത്തിയ അഭിഭാഷകര്‍ പത്രപ്രവര്‍ത്തകര്‍ക്കു നേരെ അസഭ്യവര്‍ഷം നടത്തി. തൃശ്ശൂരില്‍ പത്രങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചാണ് പകപോക്കിയത്. ഇതിനു സമാനമാണ് കോഴിക്കോട് ബാര്‍ അസോസിയേഷന്റെ പ്രചാരണം.
വിഷയത്തില്‍ വ്യക്തിപരമായി അഭിപ്രായ ഭിന്നതകളുണ്ടെങ്കിലും വിവിധ രാഷ്ട്രീയ ചായ്വുള്ള ഓള് ഇന്ത്യാ ലോയേഴ്സ് യൂനിയന്‍, ഓള് ഇന്ത്യാ ലോയേഴ്സ് അസോസിയേഷന്, അഭിഭാഷക പരിഷത്ത് തുടങ്ങിയ സംഘടനകളും ഏകപക്ഷീയമായ നിലപാടാണ് സ്വീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."