ബംഗാളില്‍ നിന്നു വീശുന്ന തൃണമൂല്‍ അനുകൂല കാറ്റ്
ന്യൂഡല്‍ഹി: ലോക്‌സഭയിലേക്ക് ഉത്തര്‍പ്രദേശും മഹാരാഷ്ട്രയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ പ്രതിനിധീകരിക്കുന്ന സംസ്ഥാനം എന്നതു മാത്രമല്ല പശ്ചിമ ബംഗാളിനെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധേയമാക്കുന്നത്. 42 ലോക്‌സഭാ സീറ്റുകളാണ് പശ്ചിമബംഗാളിലുള്ളത്.
അതിനപ്പുറം ദക്ഷിണേന്ത്യ പോലെ ബി.ജെ.പിക്ക് അയിത്തം കല്‍പ്പിക്കുന്ന സംസ്ഥാനം എന്നതിനാല്‍ എന്തുവിലകൊടുത്തും അവിടെ സ്വാധീനം ഉറപ്പിക്കുക എന്ന ബി.ജെ.പിയുടെ വെല്ലുവിളിയാണ് ബംഗാളിനെ വാര്‍ത്തകളില്‍ നിറക്കുന്നത്.
സംസ്ഥാനത്തെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെയാണ് സംസ്ഥാനത്തെ പ്രധാന പാര്‍ട്ടിയും. നിയമസഭയില്‍ ബഹുഭൂരിപക്ഷത്തോടെ അധികാരത്തിലിരിക്കുന്ന തൃണമൂലിന് 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ആകെയുള്ള 42 സീറ്റില്‍ 34ലും വിജയിക്കാന്‍ കഴിഞ്ഞു.
മമതാ ബാനര്‍ജിയെന്ന തീപ്പൊരി നേതാവാണ് തൃണമൂലിനെ നയിക്കുന്നത്. ഒരുകാലത്ത് ബി.ജെ.പിക്കൊപ്പം കേന്ദ്രത്തില്‍ ഭരണം പങ്കിട്ട വ്യക്തിയാണെങ്കിലും ഇന്ന് സ്ഥിതിയാകെ മാറി. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെയും ഏറ്റവുമധികം വെല്ലുവിളിക്കുന്ന നേതാക്കളിലൊരാളാണ് മമത.
ബംഗാളില്‍ ബി.ജെ.പി നേതാക്കള്‍ പ്രചാരണത്തിനെത്തുമ്പോഴെല്ലാം മമതയെ സംഘടിതമായി അക്രമിക്കാനും പ്രകോപിപ്പിക്കാനും അവര്‍ മറക്കില്ല. കഴിഞ്ഞ ദിവസങ്ങളില്‍ മമതയെ ലക്ഷ്യംവച്ച് നരേന്ദ്രമോദി നടത്തിയ പ്രസ്താവനകളും അതിന് മമത നല്‍കിയ മറുപടിയും ഒടുവിലെ ഉദാഹരണം.
മമത വീണാല്‍ ബംഗാള്‍ വീണുവെന്ന് ബി.ജെ.പിക്കറിയാം. അതിനാല്‍ മമതയെ മാത്രം ലക്ഷ്യംവച്ചുള്ള ആക്രമണങ്ങളാണ് ബംഗാളില്‍ ബി.ജെ.പി പയറ്റിവരുന്നത്. പൗരത്വ ബില്ല് കൊണ്ടുവരികയും കുടിയേറ്റം ഒരു വിഷയമാക്കി നിര്‍ത്തുകയും ചെയ്താണ് ബംഗാളിലും തൊട്ടടുത്ത അസമിലും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ഇതിനു പുറമെ അഫ്ഗാനില്‍ നിന്നും പാകിസ്താനില്‍ നിന്നും വരുന്ന മുസ്‌ലിം ഇതര മതസ്ഥരുടെ പൗരത്വം എളുപ്പമാക്കുന്ന നിയമവും ബി.ജെ.പി കൊണ്ടുവന്നത് മണ്ണിന്റെ മക്കള്‍ വാദം ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍, തികച്ചും വംശീയസ്വഭാവത്തിലുള്ള ഈ പ്രചാരണം ഏതുവിധത്തില്‍ ബി.ജെ.പിയെ സഹായിച്ചുവെന്ന് വ്യക്തത വരാന്‍ ഫലം വരുവോളം കാത്തിരിക്കേണ്ടിവരും.
എന്നാല്‍, ഈ പൊതുതെരഞ്ഞെടുപ്പിലും അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിക്കുക തൃണമൂല്‍ കോണ്‍ഗ്രസിന് തന്നെയാവുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2104ലെ പൊതുതെരഞ്ഞെടുപ്പിലും അതിനു ശേഷം നടന്ന നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകളിലും വിവിധ കക്ഷികള്‍ക്കു ലഭിച്ച വോട്ട് വിഹിതത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് 45 സീറ്റുകള്‍ വരെ നഷ്ടമാവുമെന്ന് നേരത്തെ നിരീക്ഷകര്‍ കണ്ടെത്തിയിരുന്നു. സമാന കണക്കുകള്‍ പരിശോധിച്ചതില്‍ നിന്ന് ബംഗാളില്‍ കഴിഞ്ഞ തവണത്തേതു പോലെ തന്നെ ഇക്കുറിയും തൃണമൂല്‍ മികച്ച പ്രകടനം ആവര്‍ത്തിക്കുമെന്ന സൂചനകളാണ് ലഭിച്ചത്.
നാലു കക്ഷിമുന്നണികളാണ് ബംഗാളിലുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.എം നേതൃത്വത്തിലുള്ള ഇടതുപക്ഷം, കോണ്‍ഗ്രസ്, ഖൂര്‍ക്ക വിഘടനവാദ സംഘടനയായ ഗൂര്‍ഖാ നാഷനല്‍ ലിബറേഷന്‍ ഫ്രണ്ടും ബി.ജെ.പിയും ഉള്‍പ്പെടുന്ന എന്‍.ഡി.എ എന്നിവയാണവ.
ബംഗാളിലെ ഈ തെരഞ്ഞെടുപ്പ് ഫലം എങ്ങിനെയായിരിക്കുമെന്നു പരിശോധിക്കാന്‍ പ്രധാനമായും 2014ലെ പൊതുതെരഞ്ഞെടുപ്പ്, 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ്, കഴിഞ്ഞ വര്‍ഷത്തെ ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പ് എന്നിവയുടെ ഫലം ആണ് പരിഗണിച്ചത്. ഇതില്‍ പ്രധാനമായും 2014ലെ മികച്ച പ്രകടനം അതേപടി തൃണമൂല്‍ നിലനിര്‍ത്തിയപ്പോള്‍ ബി.ജെ.പിക്ക് ചെറിയ വോട്ട് വിഹിതം കൂടിവരുന്നതായും സി.പി.എം ഉള്‍പ്പെടുന്ന ഇടതുപക്ഷത്തിന് സ്വാധീനം കുറയുന്നതായും സൂചന ലഭിച്ചു. കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം മാറിമറിഞ്ഞുകൊണ്ടിരുന്നു.
2014ല്‍ ആകെയുള്ള 42 സീറ്റില്‍ 34ലും തൃണമൂല്‍ നേടിയപ്പോള്‍ രണ്ടുവീതം സീറ്റില്‍ ബി.ജെ.പിയും സി.പി.എമ്മും നാലുസീറ്റില്‍ കോണ്‍ഗ്രസും വിജയിച്ചു. രണ്ടുവര്‍ഷത്തിനു ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 2014ലെ പ്രകടനം തൃണമൂല്‍ ആവര്‍ത്തിച്ചു. 294 സീറ്റില്‍ 211ലും വിജയിച്ച് സംസ്ഥാനഭരണം തൃണമൂല്‍ നിലനിര്‍ത്തി. കോണ്‍ഗ്രസ് 44ഉം സി.പി.എം 26ഉം സീറ്റുകളിലും വിജയിച്ചു. തെരഞ്ഞെടുപ്പിനു മുന്‍പായി നീക്കുപോക്ക് ഉണ്ടാക്കിയാണ് സി.പി.എമ്മും കോണ്‍ഗ്രസും മത്സരിച്ചത്. ബി.ജെ.പിക്ക് മൂന്നു സീറ്റും ലഭിച്ചു. തൂണമൂലിന് 45, കോണ്‍ഗ്രസിന് 12, സി.പി.എമ്മിന് 20, ബി.ജെ.പിക്ക് 10 എന്നിങ്ങനെയാണ് ലഭിച്ച വോട്ടിങ് ശതമാനം.
കഴിഞ്ഞവര്‍ഷം നടന്ന ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പിലും തൃണമൂല്‍ വിജയം ആവര്‍ത്തിച്ചു. 825 സീറ്റുകളില്‍ 590ലും തൃണമൂല്‍ വിജയിച്ചു. ബി.ജെ.പി 22ഉം കോണ്‍ഗ്രസ് ആറും സീറ്റുകളിലും വിജയിച്ചു. ഈ കണക്കുകള്‍ പരിശോധിച്ചാല്‍ ഈ തെരഞ്ഞെടുപ്പില്‍ തൃണമൂലിന് 34 മുതല്‍ 37 സീറ്റുകള്‍ വരെ ലഭിച്ചേക്കും. ബി.ജെ.പിക്ക് ഒന്നുമുതല്‍ ആറുവരെയും കോണ്‍ഗ്രസിന് രണ്ടുമുതല്‍ നാലുവരെയും സീറ്റുകളും ലഭിച്ചേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."