എലിപ്പനി: ജാഗ്രത പാലിക്കണം ഡോക്‌സി ഡെ നാളെ
മാനന്തവാടി: പ്രളയാനന്തരം പടര്‍ന്ന് പിടിക്കുന്ന എലിപ്പനിക്കെതിരേ ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. എലിപ്പനി പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ നാളെ ഡോക്‌സി ഡെ സംഘടിപ്പിക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയോടനുബന്ധിച്ച് എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങളിലും അങ്കണവാടികളും പ്രധാനപ്പെട്ട ബസ്സ്റ്റാന്‍ഡുകളിലും ഡോക്‌സിസൈക്ലിന്‍ ഗുളിക വിതരണം ചെയ്യും.
ആശാ പ്രവര്‍ത്തകര്‍ ഡോക്‌സിസൈക്ലിന്‍ നേരിട്ട് വീടുകളില്‍ എത്തിക്കുകയും അവ കഴിച്ചെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. എല്ലാ ക്യാംപുകളിലും രക്ഷാ പ്രവര്‍ത്തകര്‍ക്കും പ്രതിരോധ ഗുളികകള്‍ ആരോഗ്യ വകുപ്പ് വ്യാപകമായി നല്‍കിയിരുന്നെങ്കിലും പലരും കഴിക്കാന്‍ വിമുഖത കാട്ടിയിരുന്നതായും ആരോഗ്യ വകുപ്പിന് പിന്നീടുള്ള നിരീക്ഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയവര്‍ എത്രയും വേഗം ഗുളിക കഴിക്കണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
എലിപ്പനി ബാധിക്കാതിരിക്കാന്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരും സന്നദ്ധ പ്രവര്‍ത്തകരും വീട് വൃത്തിയാക്കാന്‍ പോയവരും നിര്‍ബന്ധമായും ആഴ്ചയില്‍ ഒരിക്കല്‍ എലിപ്പനിക്കുള്ള പ്രതിരോധ ഗുളികയായ 200 എം.ജി ഡോക്‌സി സൈക്ലിന്‍ നിര്‍ബന്ധമായും കഴിക്കണം. സാധാരണയായി 100 എ.ജിയിലുള്ള ഡോക്‌സി സൈക്ലിനാണുള്ളത്. അതിനാല്‍ 100 എം.ജിയിലുള്ള രണ്ട് ഗുളികകള്‍ ഒരുമിച്ച് കഴിക്കണം. കഴിഞ്ഞ ആഴ്ച ഗുളിക കഴിച്ചവര്‍ ഈ ആഴ്ചയും കഴിക്കണം.
പ്രതിരോധ മരുന്നുകള്‍ കഴിച്ചവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ കയ്യുറയും കാലുറയും ഉള്‍പ്പെടെയുള്ള സ്വയം പരിരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.
പ്രളയബാധിത പ്രദേശത്ത് താമസിച്ചവരോ ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരോ പനി, ശരീര വേദന എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ആശുപത്രിയിലെത്തി ചികിത്സ തേടണമെന്നും എലിപ്പനി പ്രതിരോധ യജ്ഞത്തില്‍ എല്ലാവരും പങ്കെടുക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."