പൊലിസ് ആസ്ഥാനത്ത് എം.എല്‍.എമാരുടെ 'മിന്നല്‍' പ്രതിഷേധം
തിരുവനന്തപുരം: സമരക്കാര്‍ക്കെതിരായ പൊലിസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് എം.എല്‍.എമാരായ ഷാഫി പറമ്പിലിന്റേയും കെ.എസ് ശബരീനാഥന്റേയും നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലിസ് ആസ്ഥാനത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മന്ത്രി കെ.ടി ജലീല്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന സമരങ്ങള്‍ക്ക് നേരെയുള്ള പൊലിസ് നരനായാട്ടില്‍ പ്രതിഷേധിച്ചായിരുന്നു സമരം.
മലപ്പുറത്തും പാലക്കാടും ഉള്‍പ്പടെ നിരവധി സ്ഥലങ്ങളില്‍ നടന്ന മാര്‍ച്ചില്‍ പ്രവര്‍ത്തകരുടെ തല പൊട്ടുകയും ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകരുടെ കണ്ണിനും ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നാല് മണിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍, വൈസ് പ്രസിഡന്റ് കെ.എസ് ശബരിനാഥ് എന്നിവരുടെ നേതൃത്വത്തില്‍ ഡി.ജി.പി ഓഫിസിലെ പ്രധാന ഗേറ്റിനു മുന്നില്‍ പ്രതിഷേധം തുടങ്ങിയത്.
അതീവ സുരക്ഷ പ്രാധാന്യമുള്ള സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സമരത്തിനെത്തിയത് പൊലിസിനെ ഞെട്ടിച്ചു. പൊലിസ് ആസ്ഥാനത്തിനു മുന്നിലെ ഗേറ്റില്‍ നാല് പൊലിസുകാര്‍ മാത്രമാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നതെന്നതിനാല്‍ ഇവരെ തടയാനുമായില്ല. ഉടന്‍ ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായ ഉള്‍പ്പെടെ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ എത്തി സമരക്കാരെ അറസ്റ്റു ചെയ്ത് നീക്കുകയായിരുന്നു.
എം.എല്‍.എമാര്‍ക്കൊപ്പം റിയാസ് മുക്കോളി, റിജില്‍ മാക്കുറ്റി, എസ്.എം ബാലു, ജില്ലാ പ്രസിഡന്റ് സുധീര്‍ഷാ പാലോട്, സംസ്ഥാന ഭാരവാഹികളായ നിനോ അലക്‌സ്, ഷജീര്‍ നേമം, വിനോദ് കോട്ടുകാല്‍, അരുണ്‍ രാജന്‍, ഡോ.പി സരിന്‍ എന്നിവരുമാണ് അറസ്റ്റിലായത്. സമരം ചെയ്യുന്ന പ്രവര്‍ത്തകരെ അകാരണമായി മൃഗീയമായി മര്‍ദിക്കുകയാണെന്നും അത് ആരുടെ നിര്‍ദേശപ്രകാരമാണെന്നും ഷാഫി പറമ്പില്‍ ചോദിച്ചു. അറസ്റ്റിലായ നേതാക്കളെ നന്ദാവനം പൊലിസ് ക്യാംപില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറും സന്ദര്‍ശിച്ചു.
അതേസമയം, പൊലിസ് ആസ്ഥാനത്തിനു മുന്നിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമരം എങ്ങനെയാണ് ആസൂത്രണം ചെയ്തതെന്നും എപ്പോഴാണ് സമരത്തിന് ആലോചിച്ചത് തുടങ്ങിയ കാര്യങ്ങളും പൊലിസ് അന്വേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."