ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കാതെ സമാധാനം വരില്ലെന്ന് റഷ്യ
മോസ്‌കോ: ഇസ്‌റാഈല്‍-ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കാതെ പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരാനാകുമെന്ന് ചിന്തിക്കുന്നത് അബദ്ധമാണെന്ന് റഷ്യ. യു.എ.ഇയും ബഹ്‌റൈനും വൈറ്റ്ഹൗസില്‍ വച്ച് ഇസ്‌റാഈലുമായി സമാധാന കരാറില്‍ ഒപ്പുവച്ച സാഹചര്യത്തിലാണ് റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.
ഇസ്‌റാഈലും ചില അറബ് രാജ്യങ്ങളും തമ്മിലെ ഉടമ്പടികളും ശ്രദ്ധിച്ചു. എന്നാല്‍ ഫലസ്തീന്‍ പ്രശ്‌നം അതേപോലെ അവശേഷിക്കുകയാണ്. ഇത് പരിഹരിക്കാനാണ് മധ്യസ്ഥര്‍ ശ്രമിക്കേണ്ടത്. യു.എന്‍ രക്ഷാസമിതിയിലെ സ്ഥിരം അംഗവും ഫലസ്തീന്‍ പ്രശ്‌നപരിഹാരത്തിനുണ്ടാക്കിയ അന്താരാഷ്ട്ര ചട്ടക്കൂടിന്റെയും ഭാഗമായ രാജ്യമെന്ന നിലയില്‍ വിഷയത്തില്‍ ഇത്തരമൊരു ഉദ്യമത്തിന് റഷ്യ തയാറാണ്- വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഫലസ്തീന്‍ പ്രദേശങ്ങളില്‍ നിന്ന് ഇസ്‌റാഈല്‍ പിന്മാറുന്നതിലൂടെ മാത്രമേ പശ്ചിമേഷ്യയില്‍ സമാാധാനം സാധ്യമാകൂവെന്ന് കഴിഞ്ഞദിവസം ഫലസ്തീന്‍ അതോറിറ്റി മഹ്മൂദ് അബ്ബാസ് പറഞ്ഞു.
സഊദി ഉള്‍പ്പെടെയുള്ള മറ്റു നിരവധി രാജ്യങ്ങള്‍ സമാനമായ കരാറില്‍ വൈകാതെ ഒപ്പിടുമെന്ന് മധ്യസ്ഥതവഹിച്ച യു.എസ് പ്രസിഡന്റ് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ യു.എ.ഇ, ബഹ്‌റൈന്‍ എന്നിവ മാത്രമാണ് ഇതുവരെ ഇസ്‌റാഈലുമായി കരാറിലൊപ്പിട്ടിട്ടുള്ളൂ. എന്നാല്‍ അറബ് രാജ്യങ്ങളായ ഈജിപ്ത് 1979ലും ജോര്‍ദാന്‍ 1994ലും കരാറിലൊപ്പുവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."